CPM ന്റെ വിചിത്രമായ വേട്ട ; 28 വർഷങ്ങൾക്ക് മുൻപ് നടന്നത് പുറത്ത്

സാഹിത്യരചനകളെ രാഷ്ട്രീയപരമായി വ്യാഖ്യാനിച്ച് വിവാദമാക്കുന്ന സിപിഎമ്മിന്റെ സമീപനം, ചെമ്മനം ചാക്കോ വിവാദം മുതൽ ദേശാഭിമാനി വാരാന്തപ്പതിപ്പ് പിൻവലിക്കൽ വരെ ചൂണ്ടിക്കാട്ടുന്ന വിശകലനം.

Jul 21, 2026 - 15:47
Updated: 2 months ago
0
CPM ന്റെ വിചിത്രമായ വേട്ട ; 28 വർഷങ്ങൾക്ക് മുൻപ് നടന്നത് പുറത്ത്

സാഹിത്യരചനകളിൽ  പ്രത്യക്ഷപ്പെടുന്ന പേരുകള്‍ തങ്ങളെ ലക്ഷ്യമാക്കിയാണെന്ന ബോധം അല്ലെങ്കില്‍ ധാരണ സി. പി. എം എന്ന പാര്‍ട്ടിക്ക് പണ്ടേയുണ്ട്.എഴുത്തുകാരുടെയും ചിന്തകരുടെയും സ്വതന്ത്ര ചിന്തകളെ അടിച്ചമർത്താനും സർഗ്ഗാത്മകതയെ സ്വന്തം രാഷ്ട്രീയ തിട്ടൂരങ്ങൾക്ക് കീഴിൽ നിർബന്ധപൂർവ്വം നിർത്തിക്കാനും ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഏകാധിപത്യ മനോഭാവത്തിന്റെ തെളിവുകൾ കേരള ചരിത്രത്തിൽ അങ്ങോളമിങ്ങോളമുണ്ട്. ഇരുപത്തിയെട്ട് വർഷങ്ങൾക്കു മുൻപ് പ്രശസ്ത കവി ചെമ്മനം ചാക്കോയോട് പാർട്ടി കാണിച്ച അസഹിഷ്ണുതയുടെ ചരിത്രം പരിശോധിച്ചാൽ, കാലങ്ങൾ എത്ര കഴിഞ്ഞാലും  മിഥ്യാബോധം മാറി യാഥാര്‍ത്ഥ്യത്തിലേക്ക് ഒരിഞ്ചു പോലും ഇനിയും പാര്‍ട്ടിയും അണികളും മുന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാകും. ദേശാഭിമാനി ദിനപത്രത്തിന്റെ വരാന്ത്യപ്പതിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദം പാർട്ടിയിൽ ഇപ്പോഴും നിലനിൽക്കുന്ന ഈ കടുത്ത സഹിഷ്ണുതയില്ലായ്മയെയാണ് വെളിവാക്കുന്നത്.
സമുന്നതനായ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഓര്‍മക്കുറിപ്പ് അടങ്ങിയ ദേശാഭിമാനി ദിനപത്രത്തിന്റെ വരാന്ത്യപ്പതിപ്പ് വിതരണം ചെയ്യാത്തതതാണ് സി. പി.എം ലെ പുതിയ വിവാദം. വരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷമാണ് വിതരണത്തിനു അയക്കേണ്ടെന്ന് തീരുമാനിച്ചത് എന്നാണ് പുറത്ത് വന്ന വിവരം. സാങ്കേതിക കാരണങ്ങളാല്‍ വരാന്ത്യപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നില്ലെന്ന് മുന്‍പേജില്‍ ദേശാഭിമാനി അറിയിപ്പും നല്‍കി. വിഎസിന്റെ ഒന്നാം ചരമ വാര്‍ഷികത്തിനു മുന്‍പുള്ള അവസാന ഞായറാഴ്ച ദിവസം പുറത്ത് വരുന്ന പതിപ്പില്‍ കവര്‍ സ്റ്റോറി വിഎസിന്റെ സമര ജീവിതം ആലേഖനം ചെയ്തിട്ടുള്ള റിപ്പോര്‍ട്ടാണ് . അതേസമയം, ‘കള്ളന്‍ വിജയന്‍’ എന്ന പേരിലുള്ള നാടകത്തെപ്പറ്റിയുള്ള ലേഖനം ഇതേ പതിപ്പില്‍ ഉള്‍പ്പെട്ടതാണ് അവസാന നിമിഷം വരാന്ത്യപതിപ്പ് പിന്‍വലിച്ചതിനു കാരണം എന്നും  പറയുന്നത്. ഇത്തരം മിഥ്യാബോധം പാർട്ടിക്ക് പുതിയൊരു അനുഭവമല്ലെന്ന് 1998-ൽ നടന്ന സംഭവം വ്യക്തമാക്കുകയാണ്. അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന പ്രശസ്ത കവി ചെമ്മനം ചാക്കോയ്ക്ക് ഉണ്ടായ അനുഭവം ദുഃഖകരവും ഒപ്പം അങ്ങേയറ്റം അപലപനീയവുമായിരുന്നു. കണ്ണൂരിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കാരൂർ നീലകണ്ഠപ്പിള്ളയുടെ അനുസ്മരണത്തോടനുബന്ധിച്ച് ഒരു കവിസമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അക്കാലത്ത് സാഹിത്യവുമായി നേരിട്ട് വലിയ ബന്ധമൊന്നുമില്ലാതിരുന്ന, കണ്ണൂരിലെ മുതിർന്ന സി.പി.എം പ്രവർത്തകനായ പൂച്ചാലി ഗോപാലനായിരുന്നു സംഘത്തിന്റെ അഡ്മിനിസ്ട്രേറ്റർ. കോട്ടയത്തെ എസ്.പി.സി.എസ് തകർച്ചയിലായപ്പോൾ അന്നത്തെ സഹകരണ വകുപ്പ് മന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിന്റെ തീരുമാനപ്രകാരമാണ് പൂച്ചാലി ഗോപാലൻ ഈ ചുമതലയിലെത്തിയത്.

കണ്ണൂരിൽ നടക്കുന്ന കവിസമ്മേളനത്തിലേക്ക് പൂച്ചാലി ഗോപാലൻ ചെമ്മനം ചാക്കോയെ പ്രത്യേകം ക്ഷണിക്കുകയും, കാരൂർ നീലകണ്ഠപ്പിള്ളയോടുള്ള ആദരവ് കാരണം ചെമ്മനം സന്തോഷത്തോടെ ക്ഷണം സ്വീകരിക്കുകയും ചെയ്തു. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കും മടക്കയാത്രയ്ക്കുമുള്ള ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും, പരിപാടിക്കായി പ്രത്യേകമായി ഒരു പുതിയ കവിത തന്നെ അദ്ദേഹം എഴുതുകയും ചെയ്തു. എന്നാൽ കവിസമ്മേളനത്തിന് തൊട്ടുമുൻപ് പൂച്ചാലി ഗോപാലൻ കവിയെ ഫോണിൽ വിളിച്ച് പരിപാടി മാറ്റിവെക്കുകയാണെന്നും അതിനാൽ കണ്ണൂരിലേക്ക് വരേണ്ടതില്ലെന്നും അറിയിച്ചു. പണം നഷ്ടപ്പെട്ടാലും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കാൻ നിർദ്ദേശിച്ച പൂച്ചാലിയുടെ വാക്കുകളിൽ വ്യക്തമായ പരുങ്ങലും പന്തികേടും കവി തിരിച്ചറിഞ്ഞിരുന്നു.പിന്നീട് കാസർകോട്ട് നടന്ന മറ്റൊരു കവിസമ്മേളനത്തിന് എത്തിയപ്പോഴാണ് പാർട്ടി തന്നെ ഒഴിവാക്കിയതിന്റെ യഥാർത്ഥ കാരണം ചെമ്മനം ചാക്കോ മനസ്സിലാക്കുന്നത്. 1998 സെപ്റ്റംബർ 18-ലെ മലയാളം വാരികയിൽ ചെമ്മനം ചാക്കോ എഴുതിയ 'അരമനരഹസ്യം' എന്ന കവിതയായിരുന്നു പാർട്ടിയെ ചൊടിപ്പിച്ചത്. തൃശൂരിലെ കേരള സാഹിത്യ അക്കാദമിയിൽ നടന്ന സി.പി.എം ഉപജാപങ്ങളെയും അനാവശ്യ രാഷ്ട്രീയ ഇടപെടലുകളെയും വിമർശിച്ചുകൊണ്ട് എഴുതിയ കവിതയായിരുന്നു അത്. എന്നാൽ, അക്കാലത്ത് അന്തരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദനെ കവിതയിലൂടെ കവി അവഹേളിച്ചു എന്ന വ്യാജ ആരോപണം ഉന്നയിച്ച് പാർട്ടി അണികളും നേതാക്കളും കവിക്കെതിരെ തിരിയുകയായിരുന്നു. കവിതയിലെ വരികളെയും ആശയങ്ങളെയും സ്വന്തം മുൻവിധികളിലൂടെ അളന്ന്, സ്വതന്ത്ര ചിന്താഗതിയുള്ള കലാകാരന്മാരെ വേട്ടയാടുകയും ബഹിഷ്കരിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഈ സങ്കുചിത മനോഭാവം പണ്ടേയുള്ളതായിരുന്നു. സർഗ്ഗാത്മക സ്വാതന്ത്ര്യത്തെ എന്നും ഭയക്കുന്ന, സാഹിത്യ ആവിഷ്കാരങ്ങളിൽ സ്വന്തം പരാജയങ്ങൽ  നിഴലിക്കുന്നുണ്ടോ എന്ന് ഭയന്ന് നിഴലിനോട് പടവെട്ടുന്ന പാർട്ടിയാണ് സി.പി.എം എന്ന് ചരിത്രം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ചെമ്മനം ചാക്കോയോട് കാണിച്ച അതേ രാഷ്ട്രീയ ഭീരുത്വവും സഹിഷ്ണുതയില്ലായ്മയും തന്നെയാണ് പതിറ്റാണ്ടുകൾക്കിപ്പുറം സ്വന്തം പത്രത്തിന്റെ വാരാന്തപ്പതിപ്പ് തടഞ്ഞുവെക്കുന്നതിലൂടെയും സി.പി.എം വീണ്ടും പ്രകടിപ്പിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User