മത്സ്യത്തൊഴിലാളികൾക്ക് പരിശീലനം നൽകി ‘കടൽ രക്ഷാ സന്നദ്ധ സേന’ രൂപീകരിക്കണം: കെ.സി. വേണുഗോപാൽ

കടൽ അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും അടിയന്തര രക്ഷാപ്രവർത്തനത്തിന് പ്രാദേശിക റെസ്ക്യൂ ടീമുകൾ; മുഖ്യമന്ത്രിക്ക് കത്ത് നൽകി

Aug 15, 2026 - 17:31
0
മത്സ്യത്തൊഴിലാളികൾക്ക് പരിശീലനം നൽകി ‘കടൽ രക്ഷാ സന്നദ്ധ സേന’ രൂപീകരിക്കണം: കെ.സി. വേണുഗോപാൽ

കടലിലെ അപകടങ്ങളിലും പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളിലും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി മത്സ്യത്തൊഴിലാളികൾക്ക് ശാസ്ത്രീയ പരിശീലനം നൽകി പ്രാദേശിക തലത്തിൽ ‘കടൽ രക്ഷാ സന്നദ്ധ സേന’ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കെ.സി. വേണുഗോപാൽ എം.പി. കത്ത് നൽകി.

കടലിന്റെ സ്വഭാവം, കാലാവസ്ഥാ സാഹചര്യങ്ങൾ, അപകടസാധ്യതകൾ എന്നിവ കൃത്യമായി അറിയാവുന്ന മത്സ്യത്തൊഴിലാളികളുടെ അനുഭവസമ്പത്ത് ശാസ്ത്രീയ രക്ഷാപ്രവർത്തന രീതികളുമായി സംയോജിപ്പിച്ചാൽ അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടാൻ കഴിയുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

നിലവിൽ ബോട്ടപകടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ വിവിധ സുരക്ഷാ ഏജൻസികളുടെയും സർക്കാർ സംവിധാനങ്ങളുടെയും സഹായം ലഭ്യമാകുന്നതിനുള്ള സമയനഷ്ടം ഒഴിവാക്കാനും കൂടുതൽ ജീവനുകൾ രക്ഷിക്കാനും പ്രാദേശിക സന്നദ്ധ സേനയുടെ രൂപീകരണം സഹായകരമാകും.

തീരദേശ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് നീന്തൽ, മുങ്ങൽ രക്ഷാപ്രവർത്തനം, അടിയന്തര പ്രഥമശുശ്രൂഷ, അപകടത്തിൽപ്പെട്ടവരെ സുരക്ഷിതമായി കരയിലെത്തിക്കൽ തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

ഓരോ പ്രധാന മത്സ്യബന്ധന കേന്ദ്രത്തിലും പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പ്രാദേശിക റെസ്ക്യൂ ടീമുകൾ രൂപീകരിക്കണം. ലൈഫ് ജാക്കറ്റുകൾ, ലൈഫ് ബോയികൾ, കയറുകൾ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ, ആശയവിനിമയ ഉപകരണങ്ങൾ തുടങ്ങിയ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ടീമുകൾക്ക് ലഭ്യമാക്കണം.

ഫിഷറീസ് വകുപ്പ്, ദുരന്തനിവാരണ അതോറിറ്റി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഏകോപനത്തോടെ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ദുരന്തമുഖങ്ങളിൽ എപ്പോഴും നാടിന്റെ രക്ഷകരായി സ്വയം സമർപ്പിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരന്തസമയങ്ങളിൽ കൂടുതൽ ജീവനുകൾ രക്ഷിക്കുന്നതിനും ഇത്തരം സംവിധാനങ്ങൾ അനിവാര്യമാണെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User