നാളെ മുതൽ കടുത്ത വിലക്കയറ്റം;ജിഎസ്ടി യിൽ ഭേദഗതി

നാളെ മുതൽ കടുത്ത വിലക്കയറ്റം;ജിഎസ്ടി യിൽ ഭേദഗതി

   ജനങ്ങളുടെ ദുരിത ജീവിതത്തിന് മേൽ വീണ്ടും മോദി സർക്കാരിന്റെ ഇരുട്ടടി. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ എല്ലാറ്റിനും നാളെ മുതൽ വിലകൂടും. അരിയും പയറും തൈരും തേനും ഇറച്ചിയും മീനും എന്നുവേണ്ട എല്ലാ വസ്തുക്കളുടെയും വിലയിൽ വലിയ വർധനയാണ് നാളെ മുതൽ ഓരോ കുടുംബവും അനുഭവിക്കാൻ പോവുന്നത്. മോദി സർക്കാരിന്റെ നിർദേശപ്രകാരം ജിഎസ്ടി കൗൺസിൽ നികുതി നിരക്കിൽ അപ്രതീക്ഷിത ഭേദഗതി വരുത്തിയതാണ് വില വർധനക്ക് കളമൊരുക്കിയത്. നിലവിൽ ബ്രാന്റഡ് പാകറ്റുകളിലെ ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കുമാണ് നികുതി ഉണ്ടായിരുന്നത്. ഇതിൽ മാറ്റം വരുത്തിയാണ് പുതിയ വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മാസം 28, 29 തിയ്യതികളിൽ ചേർന്ന ജിഎസ്ടി കൗൺസിലിന്റെ തീരുമാന പ്രകാരം ലേബൽ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയിൽ താഴെയുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോൾ 25 കിലോയെന്ന പരിധി സർക്കാർ എടുത്തുകളയുകയായിരുന്നു. ഇതോടെയാണ് ചില്ലറയായി തൂക്കിവിൽക്കുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും അടക്കം നികുതി ബാധകമായത്.