ലൈക്കും ഷെയറും കണക്കാക്കി ഒന്നാമൻ; മോദിയുടെ ഡിജിറ്റൽ കളി

സോഷ്യൽ മീഡിയയിലെ ലൈക്കും ഫോളോവേഴ്‌സും കണക്കാക്കി മോദി ഒന്നാമനായെങ്കിലും, റീൽസുകൾക്കപ്പുറം യുവാക്കളുടെ യഥാർത്ഥ ചോദ്യങ്ങൾക്ക് മറുപടി വേണമെന്ന വിമർശനമാണ് ഉയരുന്നത്.

Aug 20, 2026 - 14:01
0
ലൈക്കും ഷെയറും കണക്കാക്കി ഒന്നാമൻ; മോദിയുടെ ഡിജിറ്റൽ കളി

സോഷ്യൽ മീഡിയയിലെ വമ്പൻ പ്രകടനങ്ങൾ അളന്നുതൂക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും ഒന്നാം റാങ്ക് കിട്ടിയെന്ന വാർത്ത കേട്ട് ആരും അത്രയ്ക്ക് ഞെട്ടേണ്ടതില്ല. 2026 മെയ് ഒന്ന് മുതൽ ഓഗസ്റ്റ് 15 വരെയുള്ള മൂന്നര മാസത്തെ മന്ത്രിമാരുടെ ഡിജിറ്റൽ പ്രകടനം പരിശോധിച്ചപ്പോൾ പ്രധാനമന്ത്രി തന്നെ ഒന്നാമതെത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. കേന്ദ്ര കാബിനറ്റ് യോഗത്തിൽ അവതരിപ്പിക്കപ്പെട്ട ഈ ഡിജിറ്റൽ 'റിപ്പോർട്ട് കാർഡിൽ' കാണുന്നത് സർക്കാരിന്റെ വികസന നയങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതിന്റെ കണക്കുകളേക്കാൾ ഉപരി, രാജ്യത്തെ യുവതലമുറയെ കയ്യിലെടുക്കാൻ എന്തൊക്കെ നാടകങ്ങളാണ് ഇൻസ്റ്റാഗ്രാമിലും എക്സിലും അരങ്ങേറിയതെന്നതിന്റെ കൃത്യമായ തെളിവുകളാണ്. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യത്തെ യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിൽ വലഞ്ഞ  മോദി അർദ്ധരാത്രിയിൽ ഇൻസ്റ്റാഗ്രാമിൽ വന്ന് കാട്ടിക്കൂട്ടിയ വിദ്യകൾ ആരും അത്ര പെട്ടെന്ന് മറക്കാൻ വഴിയില്ല. 'ഹലോ ഫ്രണ്ട്സ്' എന്നും പറഞ്ഞു ഒരു വീഡിയോ അങ് ഇറക്കി തനിക്ക് ജെന്സികളുടെ പൾസ്‌ അറിയാമെന്ന് കാണിക്കാൻ. വർഷങ്ങളായി തുടർന്നുപോന്ന ചട്ടക്കൂടുകൾ മാറ്റിവെച്ച് മൻ കീ ബാത്തിന്റെ റേഡിയോ ബോറടികൾ തൽക്കാലം നിർത്തിവെച്ച്, ഇൻസ്റ്റാഗ്രാം റീൽസുകളിലേക്ക് ശ്രദ്ധ മാറ്റിയത് തികച്ചും യാദൃശ്ചികമല്ല. രാജ്യത്ത് ജെൻസി പ്രക്ഷോഭങ്ങൾ ആളിക്കത്തുകയും സർക്കാരിനെതിരെയുള്ള അസ്വാരസ്യങ്ങൾ സോഷ്യൽ മീഡിയ വഴി വൻതോതിൽ പടരുകയും ചെയ്തപ്പോഴാണ് പ്രധാനമന്ത്രിക്ക് പെട്ടെന്ന് ജെൻസിയുടെ വഴിയേ സഞ്ചരിക്കാമെന്ന്  തോന്നിത്തുടങ്ങിയത്. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങളും, കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രക്ഷോഭങ്ങളും കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായക്ക് വലിയ രീതിയിലാണ് മങ്ങലേൽപ്പിച്ചത്. യുവാക്കൾ സോഷ്യൽ മീഡിയയിലൂടെ സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാട്ടിയപ്പോൾ,  അതേ സോഷ്യൽ മീഡിയയിൽ കൂടി യുവാക്കളെ കയ്യിലെടുക്കാമെന്ന് കരുതി.  

ബുധനാഴ്ചത്തെ കാബിനറ്റ് യോഗത്തിൽ ഇൻസ്റ്റാഗ്രാമും എക്സും ഫേസ്ബുക്കും അളന്നുതൂക്കി ഉണ്ടാക്കിയ ഈ റാങ്കിങ് റിപ്പോർട്ടിൽ പോസ്റ്റുകളുടെ എണ്ണവും, കിട്ടിയ ലൈക്കുകളും, ഫോളോവേഴ്‌സിന്റെ പെരുപ്പവും, നേരിട്ടുള്ള കമ്മ്യൂണിക്കേഷനും ഒക്കെയാണല്ലോ മാനദണ്ഡം. അങ്ങനെയെങ്കിൽ, മാർക്കറ്റിംഗിലും ക്യാമറയ്ക്ക് മുന്നിലെ അഭിനയത്തിലും പബ്ലിസിറ്റി സ്റ്റന്റുകളിലും പണ്ടേ മാസ്റ്റർ ബിരുദമുള്ള പ്രധാനമന്ത്രിക്ക് ഒന്നാം റാങ്ക് കിട്ടാൻ വലിയ പ്രയാസമൊന്നുമില്ല. അതുമാത്രമല്ല യുവാക്കളുമായി സംവദിക്കാനും, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ സജീവമാകാനും മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്നും മാധ്യമപ്രവർത്തകരുടെ വാർത്താ സമ്മേളനങ്ങളിൽ നിന്നും കൃത്യമായി ഒളിച്ചോടുകയും, അതേസമയം സോഷ്യൽ മീഡിയയിലെ എഡിറ്റ് ചെയ്ത വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാം ഫിൽട്ടറുകളിലൂടെയും സൗഹൃദപരമായ പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാൻ നോക്കുകയും ചെയ്യുന്നത് ഒരു ഒന്നാന്തരം കൺകെട്ട് വിദ്യ തന്നെയാണ്. ജെൻസി തലമുറയുടെ പിന്തുണ പോയി എന്ന് തോന്നുമ്പോഴേക്ക് അവരുടെ ഭാഷയും അവരുടെ പ്ലാറ്റ്‌ഫോമുകളും കടമെടുത്ത് കളിക്കുന്നത് കാണുമ്പോൾ, ജെൻസികലെ   പിണക്കാൻ കഴിയില്ലെന്ന്  അദ്ദേഹം മനസിലാക്കി കഴിഞ്ഞിരിക്കുന്നു.  ചുരുക്കത്തിൽ, നാടകീയമായ വീഡിയോകളും സ്ട്രാറ്റജിക് പോസ്റ്റുകളും കൊണ്ട് ഡിജിറ്റൽ ഇൻഫ്ലുവൻസർമാരുടെ റാങ്കിങ് പട്ടികയിൽ വേണമെങ്കിൽ പ്രധാനമന്ത്രിക്ക് ഒന്നാമതെത്താം. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ജനങ്ങൾ നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് സോഷ്യൽ മീഡിയയിലെ ഒരു ലൈക്കും ഷെയറും പരിഹാരമാകില്ല. ക്യാമറയ്ക്കും ആൽഗരിതത്തിനും പുറത്തുള്ള യഥാർത്ഥ ഇന്ത്യയിലെ യുവാക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് റീൽസുകളല്ല, വ്യക്തമായ മറുപടിയാണ് ആവശ്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User