മമതയുടെ പിന്തുണയ്ക്ക് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ; നന്ദിഗ്രാമിൽ നാടകീയ നീക്കങ്ങൾ
ടി.എം.സി സ്ഥാനാർത്ഥി സഞ്ചിത പ്രധാൻ ദേ പിന്മാറിയതിന് പിന്നാലെ മമത ബാനർജി കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ പിന്തുണച്ചു; മണിക്കൂറുകൾക്കകം പഴയ കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ വിവാദമായി.
രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളെ നേരിടാനിരിക്കെ പശ്ചിമ ബംഗാളിൽ അങ്ങേയറ്റം നാടകീയമായ സംഭവങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അരങ്ങേറിയത്. തെരഞ്ഞെടുപ്പ് ജയിക്കാൻ എന്ത് പണിയും കാട്ടാൻ തങ്ങൾക്ക് മടിയില്ലെന്ന് കാട്ടിത്തരുകയാണ് ബിജെപിയെന്ന ആരോപണമാണ് ഉയരുന്നത്. ഒപ്പം മമത ബാനർജി എന്ന രാഷ്ട്രീയ നേതാവിന്റെ നിസ്സഹായാവസ്ഥയും രാജ്യം കാണുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാതെ കോൺഗ്രസും പെട്ടിരിക്കുന്നു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ എതിർപാർട്ടിയുടെ സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലിടുകയാണ് ബംഗാളിലെ ബിജെപി സർക്കാരെന്ന ആരോപണവും ഉയരുന്നുണ്ട്. ഒപ്പം മറ്റു ചിലരെ പണം നൽകി ചാക്കിട്ട് പിടിക്കലും നടക്കുന്നതായാണ് ആരോപണം. ബംഗാളിൽ നിലവിൽ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ അവസ്ഥയിലാണ് മമത ബാനർജി. 15 വർഷക്കാലം ബംഗാളിനെ അടക്കിഭരിച്ച വനിതാ മുഖ്യമന്ത്രി, അടുത്ത കാലം വരെ ദേശീയ രാഷ്ട്രീയത്തിന്റെ പോലും ഗതി നിർണയിക്കാൻ ശേഷിയുണ്ടായിരുന്ന നേതാവ്. പക്ഷെ ഇക്കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് മമതയുടെ അന്തകനായി മാറി. ഒന്നര പതിറ്റാണ്ട് നീണ്ട തൃണമൂലിന്റെയും മമതയുടെയും അധികാരവും അഹങ്കാരവും ഒരുപോലെ അവസാനിച്ചു. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയേക്കാൾ മമതയെ തകർത്തുകളഞ്ഞത് കൂടെ നിന്നവരുടെ കൂറുമാറ്റമായിരുന്നു. ആകെ 80 സീറ്റിലാണ് തൃണമൂൽ ജയിച്ചത്. അതിൽ 50 പേരും മമതയെ വഞ്ചിച്ച് പാർട്ടിയിൽ നിന്ന് ഇറങ്ങിപ്പോയി. തങ്ങളാണ് യഥാർത്ഥ പാർട്ടിയെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടു. എന്നാൽ ആ പോരാട്ടത്തിൽ മമതയ്ക്ക് താത്കാലികമാണെങ്കിലും മറ്റൊരു വൻ തിരിച്ചടിയാണ് ഇന്നലെ ഉണ്ടായത്. ഇരുവിഭാഗങ്ങൾക്കും തൃണമൂൽ കോൺഗ്രസ് എന്ന പേരോ ചിഹ്നമോ ഉപയോഗിക്കാൻ അവകാശമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിച്ചു. അടുത്ത മാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്കാണ് ഈ വിധി വന്നിരിക്കുന്നത്. പക്ഷെ മൂന്ന് പതിറ്റാണ്ടോളമായി കൊണ്ടുനടന്ന പേരും ചിഹ്നവുമാണ് മമതയ്ക്ക് കൈവിട്ടുപോയിരിക്കുന്നത്. പകരം പുതിയ പേരും ചിഹ്നവും കമ്മീഷൻ അനുവദിച്ച് നൽകിയിട്ടുമുണ്ട്. മമതയ്ക്ക് ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്നാണ് പേര്; ചിഹ്നം ഫുട്ബോൾ തട്ടുന്ന മനുഷ്യൻ. മറുവിഭാഗത്തിന് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് എന്ന പേര് ഉപയോഗിക്കാം; ചതുരാകൃതിയിലുള്ള കവർ ആണ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്.

അവിടെയും തീരുന്നില്ല മമതയ്ക്കുള്ള തിരിച്ചടി. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മമത നിർത്തിയ സ്ഥാനാർത്ഥിയും അവരെ കൂടെ നിന്ന് ചതിച്ചു. കഴിഞ്ഞ ദിവസം മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു സഞ്ചിത പ്രധാൻ ദേ എന്ന വനിതാ നേതാവ്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സന്ദർശനത്തിന് പിന്നാലെയാണ് സഞ്ചിതയുടെ പിന്മാറ്റമെന്നത് ശ്രദ്ധേയമാണ്. മമതയേക്കാൾ തനിക്ക് മമത പാർട്ടി വിട്ട് ബിജെപിയിൽ പോയി മുഖ്യമന്ത്രിയായ സുവേന്ദുവിനോടാണ് താൽപര്യമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സഞ്ചിത. മമതയ്ക്ക് കാത്തിരുന്ന് കൃത്യമായ അവസരത്തിൽ മൂർധാവിൽ തന്നെ അടി കൊടുക്കുന്ന പണി സുവേന്ദു തുടരുകയാണെന്ന രാഷ്ട്രീയ വിലയിരുത്തലുകളും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയെ പിളർത്തിയ ബുദ്ധിയും മറ്റാരുടേയും ആയിരുന്നില്ലെന്നാണ് ആരോപണം. നന്ദിഗ്രാമിലെ ഉപതെരഞ്ഞെടുപ്പ് മമതയെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. അവിടെ വിജയിച്ച് തന്റെ കാലം അവസാനിച്ചിട്ടില്ലെന്ന് എതിരാളികളെ തെളിയിക്കാൻ പറ്റിയ അവസരമായിരുന്നു. ഭരണത്തിൽ മൂന്ന് മാസമേ ആയുള്ളെങ്കിലും ബിജെപി സർക്കാരിന്റെ സ്ഥിതി അവിടെ അത്ര പന്തിയല്ലെന്നും പല വിഷയങ്ങളിലും സർക്കാരിനെതിരെ ജനവികാരം ഉയർന്നിട്ടുണ്ടെന്നുമാണ് മമത ക്യാമ്പിന്റെ പ്രതീക്ഷ. അത് തിരിച്ചറിഞ്ഞാണ് സുവേന്ദു നീക്കങ്ങൾ നടത്തിയതെന്നും ആരോപണമുണ്ട്. തന്റെ സ്ഥാനാർത്ഥിയെ ചാക്കിട്ട് പിടിച്ചതോടെ നിസ്സഹായാവസ്ഥയിലായ മമത പക്ഷെ വിട്ടുകൊടുക്കാൻ തയ്യാറല്ല. ഉടനെ വീട്ടിൽ വാർത്താസമ്മേളനം വിളിച്ച് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് മമത തന്റെ രാഷ്ട്രീയ നീക്കം നടത്തി. കോൺഗ്രസ് സഹോദര പാർട്ടിയാണെന്നും ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനാണ് തീരുമാനമെന്നും അവർ പറഞ്ഞു. ഇത് ഭാവിയിലേക്കുള്ള തുടക്കമാണെന്നും വ്യക്തമാക്കി. മമതയ്ക്ക് വേറെ വഴിയില്ലെന്ന വിമർശനവും ഇതിനിടെ ഉയർന്നു. തങ്ങളെ പിന്തുണയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കിയതോടെ മമതയുടെ നീക്കം വീണ്ടും ചർച്ചയായി. കൂടെ നിൽക്കുന്നവരെല്ലാം ഓർക്കാപ്പുറത്ത് കൈവിടുകയാണെന്നും നന്ദിഗ്രാമിൽ കോൺഗ്രസ് വിജയിച്ചാൽ അത് മമതയുടെ കൂടി നേട്ടമാകുമെന്നും രാഷ്ട്രീയ നിരീക്ഷണങ്ങളുണ്ട്.

പക്ഷെ ഇവിടെ ബിജെപി വീണ്ടും മർമ്മം നോക്കി അടിച്ചതാണ് കോൺഗ്രസിനും മമതയ്ക്കും തിരിച്ചടിയായതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മമതയുടെ പിന്തുണയ്ക്ക് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ ബിജെപി സർക്കാർ അറസ്റ്റ് ചെയ്തിരിക്കുകയാണ്. 2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരായ സമരത്തിനിടെ നടന്ന ഒരു കൊലപാതക കേസിലാണ് അറസ്റ്റ്. അതായത് 19 വർഷം മുൻപ് നടന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ബിജെപി ജനാധിപത്യത്തെ കൊല ചെയ്യുകയാണെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചിരിക്കുന്നത്. വോട്ട് മോഷണത്തിലൂടെയും പാർട്ടി മോഷണത്തിലൂടെയും അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ബിജെപിയുടെ ശ്രമമെന്നും, എന്നാൽ തങ്ങൾ പേടിക്കുകയോ കീഴടങ്ങുകയോ ചെയ്യില്ലെന്നും പോരാടി വിജയിക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. എല്ലാ അർത്ഥത്തിലും തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന കുടില തന്ത്രമാണ് ബിജെപി പയറ്റുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മമതയെ മാത്രമല്ല, മമത പിന്തുണയ്ക്കുന്നവരെയും മമതയ്ക്ക് ഒപ്പം നിൽക്കുന്നവരെയും വെറുതെ വിടില്ലെന്ന് കാട്ടിത്തരുകയാണ് ബിജെപിയെന്നും വിമർശനമുണ്ട്. ഇങ്ങനെയൊക്കെയാണ് ബിജെപി തെരഞ്ഞെടുപ്പുകൾ ജയിക്കാൻ നോക്കുന്നതെന്നും ഭരണത്തിൽ ഇരിക്കുന്ന പാർട്ടി തോൽവി ഭയക്കുന്നു എന്ന് കൃത്യമായി വിളിച്ചുപറയുകയാണ് ഈ നീക്കങ്ങളെന്നും പ്രതിപക്ഷ വാദം. എന്നാൽ മിലൻ പ്രധാന്റെ അറസ്റ്റ് നിലവിലുള്ള നിയമനടപടികളുടെ ഭാഗമാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ അറസ്റ്റ് സംബന്ധിച്ച രാഷ്ട്രീയ ആരോപണങ്ങളും പൊലീസ് വിശദീകരണവും വേർതിരിച്ചാണ് സംഭവത്തെ കാണേണ്ടത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)