നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജ് വിദ്യാർഥികൾക്കും പങ്കെന്ന് സി.ബി.ഐ

ചോർന്ന ചോദ്യങ്ങൾ കേരളത്തിലെ വിദ്യാർഥികളിലേക്കും എത്തിച്ചു; രാജ്യവ്യാപക ശൃംഖലയെക്കുറിച്ച് കുറ്റപത്രത്തിൽ നിർണായക വിവരങ്ങൾ

Aug 07, 2026 - 15:27
Updated: 2 months ago
0
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജ് വിദ്യാർഥികൾക്കും പങ്കെന്ന് സി.ബി.ഐ

ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ കേരള ബന്ധവും കൂടുതൽ വ്യക്തമായി. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പങ്കുണ്ടായിരുന്നുവെന്നാണ് സി.ബി.ഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് കേരളവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവന്നത്. രാജ്യവ്യാപകമായി നടന്ന ഗൂഢാലോചനയുടെ ഭാഗമായി ചോർന്ന ചോദ്യങ്ങൾ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികളിലേക്ക് എത്തിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ചോദ്യപ്പേപ്പർ ചോർച്ചയിൽ എൻ.ടി.എയുമായി ബന്ധപ്പെട്ട വിഷയവിദഗ്ധർ, കോച്ചിങ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ, ഇടനിലക്കാർ എന്നിവരടങ്ങുന്ന ശൃംഖല പ്രവർത്തിച്ചെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്ന് ചോർന്ന ചോദ്യപ്പേപ്പർ രാജസ്ഥാൻ, ഹരിയാന, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലേക്ക് ചോദ്യങ്ങൾ എത്തിച്ചതിന് പിന്നാലെ അവ വിദ്യാർഥികൾക്കിടയിൽ പ്രചരിപ്പിച്ച രീതിയും അന്വേഷണവിധേയമായി. നേരത്തെ തന്നെ കേരളത്തിൽ ഒരു 'മോഡൽ ചോദ്യപ്പേപ്പർ' പ്രചരിച്ചതും യഥാർഥ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങളുമായി സാമ്യം കണ്ടെത്തിയതും സി.ബി.ഐ അന്വേഷണത്തിന്റെ പരിധിയിലായിരുന്നു. കേരളവുമായി ബന്ധമുള്ള വിദ്യാർഥികളും സംസ്ഥാനത്ത് പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ ഒരു മെഡിക്കൽ വിദ്യാർഥിയും അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടിരുന്നു.

സി.ബി.ഐയുടെ കണ്ടെത്തലനുസരിച്ച്, പരീക്ഷയ്ക്ക് മുമ്പ് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലെ ചില ചോദ്യങ്ങൾ തിരഞ്ഞെടുത്ത വിദ്യാർഥികളിലേക്ക് എത്തിയിരുന്നു. പണം വാങ്ങിയാണ് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയതെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ 

നീറ്റ്-യുജി 2026 പേപ്പർ ചോർച്ച കേസിൽ സി.ബി.ഐ 13 പ്രതികളെ ഉൾപ്പെടുത്തി ഏകദേശം 20,000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. എൻ.ടി.എയിലെ വിഷയവിദഗ്ധർ ഉൾപ്പെടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്.

ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. സംഭവത്തിൽ കൂടുതൽ വിദ്യാർഥികൾക്കും ഇടനിലക്കാർക്കും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User