ചദ്ദയ്ക്ക് ദിവസങ്ങൾ മതി; സാധാരണക്കാരന് മാസങ്ങൾ! വോട്ടർപട്ടികയിൽ വീണ്ടും വിവാദം

പഞ്ചാബിലെ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിന് പിന്നാലെ ഡൽഹിയിലെ കരട് പട്ടികയിൽ രാഘവ് ചദ്ദയുടെ പേര് അതിവേഗം ഉൾപ്പെട്ടതിനെ ചൊല്ലി പ്രതിപക്ഷം തിരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ ചോദ്യമുയർത്തുന്നു.

Sep 09, 2026 - 16:28
0
ചദ്ദയ്ക്ക് ദിവസങ്ങൾ മതി; സാധാരണക്കാരന് മാസങ്ങൾ! വോട്ടർപട്ടികയിൽ വീണ്ടും വിവാദം

മുൻ ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ ബിജെപിയിലേക്ക് മാറിയതോടെ അദ്ദേഹത്തിന് കാര്യങ്ങൾ എത്രത്തോളം എളുപ്പമായി മാറി എന്നതിനുള്ള  വ്യക്തമായ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പഞ്ചാബിലെ വോട്ടർ പട്ടികയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തതിന് പിന്നാലെ, തനിക്കെതിരെ ആം ആദ്മി പാർട്ടി പകപോക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ അതിനുശേഷമുള്ള സംഭവവികാസങ്ങൾ പരിശോധിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുന്നവർക്കും ഭരണപക്ഷത്തുള്ളവർക്കും രാജ്യത്തെ നിയമങ്ങളും വ്യവസ്ഥകളും എത്രവേഗത്തിൽ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ കഴിയുന്നു എന്നത് വ്യക്തമാണ്.  ഓഗസ്റ്റ് 31-ന് ഡൽഹിയിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം, സെപ്റ്റംബർ 8-ന് പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ 700 പേരിൽ ചദ്ദയുടെ പേരും അതിവേഗം കടന്നുകൂടിയത് ഇതിന്റെ തെളിവാണ്. ഇത് പൂർണ്ണമായും നിയമവിരുദ്ധവും ചട്ടലംഘനവുമാണെന്ന് ആം ആദ്മി പാർട്ടി ശക്തമായ ആരോപണം ഉന്നയിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.  കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന തീവ്ര വോട്ടർപട്ടിക പുനഃപരിശോധനയായ എസ്ഐആറിന്റെ ഭാഗമായിട്ടായിരുന്നു രാഘവ് ചദ്ദ പഞ്ചാബിലെ വോട്ടർ ലിസ്റ്റിൽ നിന്ന് പുറത്തായത്. ഇതിന് പിന്നാലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി തനിക്കെതിരെ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് ചദ്ദ ആരോപിച്ചിരുന്നു. എന്നാൽ ഒരു വോട്ടറെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിൽ പഞ്ചാബ് സർക്കാരിന് യാതൊരു പങ്കുമില്ലെന്നും, എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ അപാകതകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കേന്ദ്ര സർക്കാരിന്റെയോ കേന്ദ്ര ഏജൻസികളുടെയോ ഭാഗത്തുനിന്നാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വ്യക്തമാക്കുകയുണ്ടായി. 

രാജ്യത്തുടനീളം ഇത്തരത്തിൽ തയ്യാറാക്കിയ ഡ്രാഫ്റ്റ് വോട്ടർ പട്ടികകളിൽ നിന്ന് കോടിക്കണക്കിന് ആളുകളുടെ പേരുകളാണ് നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്. ലക്ഷക്കണക്കിന് സാധാരണക്കാരായ മനുഷ്യർ തങ്ങളുടെ വോട്ടവകാശം പുനഃസ്ഥാപിച്ചു കിട്ടാനായി ഓഫീസുകൾ തോറും കയറിയിറങ്ങുമ്പോൾ, ഭരണപക്ഷത്തിന്റെ തണലുള്ള ഒരു നേതാവിന് ദിവസങ്ങൾക്കുള്ളിൽ അതിനുള്ള വഴി തുറന്നുകിട്ടുന്നു.  ഭരണകൂടത്തിന്റെ ഈ ഇരട്ടത്താപ്പും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സ്വാധീനവുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിയെ പിന്തുണയ്ക്കുന്നവർക്കും പാർട്ടി മാറിയെത്തുന്ന നേതാക്കൾക്കും കാര്യങ്ങൾ എത്ര എളുപ്പത്തിലും അതിവേഗത്തിലും നടന്നു കിട്ടുന്നു എന്നതിന് ജനങ്ങൾക്ക് മുന്നിലുള്ള ഉദാഹരണമായി ഈ സംഭവം മാറികഴിഞ്ഞു . ഒരു ബിജെപി എംപി തന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് പരാതി ഉന്നയിക്കുമ്പോഴേക്ക്, അല്ലെങ്കിൽ വിവാദമുണ്ടാക്കുമ്പോഴേക്ക് വെറും ദിവസങ്ങൾക്കകം അദ്ദേഹത്തിന്റെ പേര് രാജ്യത്തെ തലസ്ഥാനത്തെ വോട്ടർ ലിസ്റ്റിൽ ചേർക്കപ്പെടുന്നു.  എന്നാൽ ഈ സ്ഥാനത്ത് ഒരു സാധാരണക്കാരനായ പൗരനോ, അതല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രതിപക്ഷ പാർട്ടിയിലെ  നേതാവോ ആയിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രത്തോളം ലളിതവും വേഗത്തിലുമാകുമായിരുന്നോ എന്ന് ചിന്തിക്കേണ്ടതുണ്ട്. അവർക്ക് തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താൻ മാസങ്ങളോളം നീളുന്ന ഉദ്യോഗസ്ഥ ചുവപ്പുനാടകളിൽ കുടുങ്ങേണ്ടി വരുമായിരുന്നു. രാഘവ് ചദ്ദ ഇപ്പോഴും പഴയപോലെ ആം ആദ്മി പാർട്ടിയുടെയോ മറ്റേതെങ്കിലും പ്രതിപക്ഷ പ്രസ്ഥാനത്തിന്റെയോ എംപി ആയി തുടർന്നിരുന്നതെങ്കിൽ അദ്ദേഹത്തിന് ഇത്ര വേഗത്തിൽ വോട്ടർ പട്ടികയിൽ തിരിച്ചെത്താൻ കഴിയുമായിരുന്നോ? തീർച്ചയായും ഇല്ല. സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യരെപ്പോലെ അദ്ദേഹത്തിനും വോട്ടവകാശത്തിനായി പോരാടി പുറത്തുനിൽക്കേണ്ടി വരുമായിരുന്നു.  രാജ്യത്ത് എല്ലാവർക്കും ഒരേ നിയമവും ഒരേ നീതിയുമാണ് ഭരണഘടന ഉറപ്പുനൽകുന്നത്. എന്നാൽ ബിജെപി ഭരണത്തിന് കീഴിൽ പൗരന്മാർക്ക് ഒരു നീതിയും, ബിജെപി നേതാക്കൾക്കും അനുഭാവികൾക്കും മറ്റൊരു നീതിയും എന്ന അവസ്ഥയാണ് നിലവിലുള്ളത്. കേന്ദ്ര അന്വേഷണ ഏജൻസികളെയും തിരഞ്ഞെടുപ്പ് സംവിധാനങ്ങളെയും സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി ഉപയോഗിക്കുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഇത്തരം സംഭവങ്ങൾ. സാധാരണ പൗരന്റെ ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും, ഭരണപക്ഷത്തിന്റെ തണലുള്ളവർക്ക് നിയമങ്ങളും ചട്ടങ്ങളും വഴിമാറിക്കൊടുക്കുകയും ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ വലിയ ഭീഷണിയാണ്. അധികാരത്തിന്റെ ബലത്തിൽ ഏതൊരു കാര്യവും നിമിഷനേരം കൊണ്ട് സാധിച്ചെടുക്കാൻ കഴിയുമെന്ന്  ബിജെപി വീണ്ടും വീണ്ടും പൊതു ജനങ്ങൾക്ക് മുന്നിൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User