ബല്ലയിൽ ‘റിലാക്സ്’ വിശ്രമകേന്ദ്രം തുറന്നു; ഉപയോഗശൂന്യമായ പൊതുസ്ഥലം ജനകീയ ഇടമായി

വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഒരുക്കിയ കേന്ദ്രം ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു

Sep 20, 2026 - 08:04
0
ബല്ലയിൽ ‘റിലാക്സ്’ വിശ്രമകേന്ദ്രം തുറന്നു; ഉപയോഗശൂന്യമായ പൊതുസ്ഥലം ജനകീയ ഇടമായി

ഹോസ്ദുർഗ്: വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബല്ല ഹൈസ്കൂളിന് സമീപം ഒരുക്കിയ RELACS (Rest and Entertainment in Leisure Times at Comfort Zones) വിശ്രമകേന്ദ്രം കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.

നേരത്തെ ആളൊഴിഞ്ഞും കാടുകയറിയും മാലിന്യങ്ങൾ അടിഞ്ഞുകൂടിയും ഉപയോഗശൂന്യമായി കിടന്നിരുന്ന പൊതുസ്ഥലമാണ് ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന കംഫർട്ട് സോണാക്കി മാറ്റിയത്. യുവാക്കളിലും കുട്ടികളിലും വർധിച്ചുവരുന്ന മാനസിക സമ്മർദ്ദം, ലഹരി ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ തുടങ്ങിയ പ്രവണതകൾക്ക് ആരോഗ്യകരമായ ബദൽ ഒരുക്കുകയും പൊതുസ്ഥലങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കാൻ അവസരം നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാദേശിക സർവേയുടെ അടിസ്ഥാനത്തിലാണ് ബല്ല ഹൈസ്കൂളിന് സമീപത്തെ സ്ഥലം പദ്ധതിക്കായി തെരഞ്ഞെടുത്തത്. കുട്ടികൾക്കും വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും പ്രദേശവാസികൾക്കും എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന സ്ഥലം എന്നതും പരിഗണിച്ചു.

പദ്ധതിയുടെ ഭാഗമായി പ്രദേശം സമഗ്രമായി ശുചീകരിക്കുകയും കാടുകയറിയ ഭാഗങ്ങൾ വെട്ടിത്തെളിക്കുകയും കല്ലുകളും മാലിന്യങ്ങളും നീക്കം ചെയ്ത് സ്ഥലം സമനിരപ്പാക്കുകയും ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ, NSS വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, യുവജന ക്ലബ്ബുകൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

പ്രദേശത്തെ ആകർഷകമായ ഹരിത ഇടമാക്കുന്നതിന്റെ ഭാഗമായി മാരിഗോൾഡ് ഗാർഡനും ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും പ്രദേശവാസികൾക്കും വൈകുന്നേരങ്ങളിൽ ഒത്തുചേരാനും വിശ്രമിക്കാനും ബെഞ്ചുകളും ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്കും യുവാക്കൾക്കും ഒഴിവുസമയം ചെലവഴിക്കാനും മാനസിക ഉല്ലാസത്തിനുമായി തുറന്ന ഇടവും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ ഹോസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ നസീബ് സി.എച്ച്. അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ രാധ, ബല്ല ഹൈസ്കൂൾ പ്രിൻസിപ്പൽ അരവിന്ദൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ രവീന്ദ്രൻ, കാസർഗോഡ് ജില്ലാ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ഗോവിന്ദൻ പി., പൊതുപ്രവർത്തകരായ സഞ്ചയ്, ഗിരീഷ് പാറമ്മൽ, രഞ്ജിത്ത്, ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.പി. അബ്ദുൽ സലാം സ്വാഗതവും പ്രശാന്ത് പി. നന്ദിയും പറഞ്ഞു.

പാറമ്മൽ ബ്രദേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ പരിപാടിയുടെ ഭാഗമായി കസേരകളും വിതരണം ചെയ്തു. ഉദ്ഘാടനത്തോടെ വിശ്രമകേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

ലഹരി ഉപയോഗത്തിനും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും സാധ്യതയുണ്ടായിരുന്ന ഇടത്തെ ജനകീയ സാമൂഹിക ഇടമാക്കി മാറ്റുന്നതിലൂടെ ലഹരി വിരുദ്ധ ബോധവൽക്കരണത്തിനും ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. കേന്ദ്രത്തിന്റെ തുടർപരിപാലനത്തിനായി പ്രാദേശിക കൂട്ടായ്മയ്ക്കും റെസിഡന്റ്സ് അസോസിയേഷനും പങ്കാളിത്ത അടിസ്ഥാനത്തിൽ ദൈനംദിന മേൽനോട്ടം നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User