ലോകകപ്പിൽ 64 വർഷമായി അടഞ്ഞുകിടക്കുന്ന അധ്യായം ഇത്തവണയും തുറക്കില്ല!

ends the dream of a potential rematch of franz vs norway group stage encounter.

ലോകകപ്പിൽ 64 വർഷമായി അടഞ്ഞുകിടക്കുന്ന അധ്യായം ഇത്തവണയും തുറക്കില്ല!
എ ഐ ചിത്രീകരണം

ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രം കേവലം 90 മിനിറ്റുകളുടെ കളിയല്ല, അത് അനന്തമായ കണക്കുകൂട്ടലുകളുടെയും അപ്രതീക്ഷിത തിരിച്ചുവരവുകളുടെയും കൂടിയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേർ വന്ന്, ടൂർണമെന്റിന്റെ കടുപ്പമേറിയ വഴികളിലൂടെ സഞ്ചരിച്ച്, ഒടുവിൽ കിരീടത്തിനായി വീണ്ടും ഏറ്റുമുട്ടുക എന്നത് ഏതൊരു ടീമിനും വലിയൊരു വെല്ലുവിളിയാണ്. 2026-ലെ ഫിഫ ലോകകപ്പിൽ ഫ്രാൻസും നോർവേയും വന്നിരുന്നുവെങ്കിൽ അത്തരമൊരു ചരിത്രപരമായ ആവർത്തനത്തിന് വഴിയൊരുങ്ങിയേനെ. ഫ്രാൻസ് ഇതിനോടകം സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. എന്നാൽ നോർവേ ക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതോടെ ആ സാധ്യതകൾ ഇല്ലാതെയായി. വിജയിച്ചിരുന്നുവെങ്കിൽ സെമിഫൈനലിൽ അർജന്റീനയെ  മറികടന്നാൽ നോർവേ ഫൈനലിലെത്തുകയും, മറുവശത്ത് സ്പെയിനിൻ്റെ വെല്ലുവിളി അതിജീവിച്ച് ഫ്രാൻസും ഫൈനലിലെത്തിയിരുന്നുവെങ്കിൽ ചരിത്രമായേനെ ! എന്തുനല്ല നടക്കാത്ത സ്വപ്നം! നോർവേ വീണതോടെ അനുമാനങ്ങളും കണക്കുകൂട്ടലുകളും അവസാനിച്ചു. ആദ്യ റൗണ്ടിൽ ഒരുമിച്ച് കളിച്ച ടീമുകൾ ഇനി അവസാന നാലിലില്ല.

ഗ്രൂപ്പ് 'ഐ'-യിൽ ആദ്യ റൗണ്ടിൽ കണ്ടുമുട്ടിയ ഈ രണ്ട് ടീമുകൾ ഫൈനലിൽ വീണ്ടും നേർക്കുനേർ വന്നിരുന്നുവെങ്കിൽ 64 വർഷത്തെ കാത്തിരിപ്പ് തിരുത്തപ്പെട്ടേനെ.

ലോകകപ്പ് ചരിത്രത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയ ടീമുകൾ ഫൈനലിലോ സെമിഫൈനലിലോ വീണ്ടും കണ്ടുമുട്ടുന്നത്  അപൂർവ്വമാണ്. 1954-ലെ സ്വിറ്റ്‌സർലൻഡ് ലോകകപ്പിലാണ് ഇത്തരമൊരു കൗതുക കാഴ്ച ഫൈനലിൽ ആദ്യമായി കണ്ടത്. അന്ന് ഹംഗറിയും പശ്ചിമ ജർമ്മനിയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ഹംഗറി വലിയ വിജയമാണ് നേടിയതെങ്കിലും, ഫൈനലിൽ പശ്ചിമ ജർമ്മനി ആവേശകരമായ തിരിച്ചുവരവിലൂടെ ലോകകിരീടം ചൂടി.

പിന്നീട് 1962-ലെ ചിലി ലോകകപ്പിൽ ബ്രസീലും ചെക്കോസ്ലോവാക്യയും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുകയും, ആ ടൂർണമെന്റിന്റെ ഫൈനലിൽ വീണ്ടും നേർക്കുനേർ വരികയും ചെയ്തു. ഫൈനലിൽ ചെക്കോസ്ലോവാക്യയെ പരാജയപ്പെടുത്തി ബ്രസീൽ കിരീടം നിലനിർത്തി.

ഫൈനലിന് പുറമെ, സെമിഫൈനൽ ഘട്ടത്തിലും ഇത്തരം പുനഃസമാഗമങ്ങൾ ലോകകപ്പ് ചരിത്രത്തിൽ കൗതുകം നിറച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് 2002-ലെ ലോകകപ്പാണ്. അന്ന് ഗ്രൂപ്പ് 'സി'-യിൽ ബ്രസീലും തുർക്കിയും ആദ്യ റൗണ്ടിൽ ഏറ്റുമുട്ടിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ ജയിച്ചെങ്കിലും, ഇരുടീമുകളും പിന്നീട് നോക്കൗട്ട് ഘട്ടങ്ങൾ കടന്ന് സെമിഫൈനലിൽ വീണ്ടും നേർക്കുനേർ വന്നു. സെമിയിലും ബ്രസീൽ തുർക്കിക്കെതിരെ വിജയിച്ചു. പിന്നീട് കിരീടം നേടുകയും ചെയ്തു. 

1982-ലെ സ്പെയിൻ ലോകകപ്പിലും ഇറ്റലിയും പോളണ്ടും സമാന രീതിയിൽ സെമിഫൈനലിൽ ഏറ്റുമുട്ടിയിരുന്നു. എന്നാൽ അന്നത്തെ ലോകകപ്പിന്റെ ഫോർമാറ്റ് ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ ഒരുമിച്ച് കളിച്ച ടീമുകൾ വീണ്ടും ഫൈനലിൽ കണ്ടുമുട്ടുന്നത് 1962-ന് ശേഷം  ലോകകപ്പിലുണ്ടായിട്ടില്ല. അതിനാൽ,  64 വർഷങ്ങൾക്ക് ശേഷമുള്ള ഒരു ചരിത്രനിമിഷമായിരിക്കും ഇത്തവണ ഫൈനൽ.

ഗ്രൂപ്പ് ഘട്ടത്തിൽ ഇതിനകം ഏറ്റുമുട്ടിയ ടീമുകൾ വീണ്ടും ഫൈനൽ പോരാട്ടത്തിൽ വരുമ്പോൾ അത് കേവലം ഒരു ഫുട്ബോൾ മത്സരത്തിനപ്പുറം വലിയൊരു മാനസികയുദ്ധമായി മാറും. എതിരാളിയുടെ കരുത്തും ബലഹീനതകളും, അവരുടെ തന്ത്രങ്ങളും കൃത്യമായി അറിയാമെന്നതാണ് ഈ മത്സരങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. 2026-ലെ ഈ ലോകകപ്പിൽ ഫ്രാൻസും നോർവേയും ഫൈനലിൽ എത്തിയിരുന്നുവെങ്കിൽ, അത് ഫുട്ബോൾ ചരിത്രത്തിലെ അപൂർവ്വ നിമിഷങ്ങളുടെ, കൗതുക പട്ടികയിൽ  ഇടംപിടിക്കുമായിരുന്നു. ഒരേ പാതയിൽ സഞ്ചരിച്ച് അവസാന പടക്കളത്തിൽ വീണ്ടും കൊമ്പുകോർക്കാൻ, ആദ്യ റൗണ്ടിലെ പരിചയം പുതുക്കാൻ അതേ ടീമുകൾ എത്തുന്നത് കൗതുകകരമാണ്. 

ഇനി കാത്തിരിപ്പാണ്. അടുത്ത ലോകകപ്പിലേക്ക്. കണക്കു കൂട്ടലുകൾ തെറ്റിയ പല ടീമുകളും പാതിവഴിയിൽ ഇടറി വീണു. നാട്ടിൻ പുറത്തെ കവലകളിൽ മാത്രം അവകാശവാദങ്ങളുമായി വമ്പൻ ടീമുകളുടെ ഫ്ലക്സുകൾ നോക്കുകുത്തിയായി ഇപ്പോഴും നിലനിൽക്കുന്നു. തോറ്റ ടീമുകളുടെ ആരാധകർ അതൊന്ന് മാറ്റിയിരുന്നെങ്കിൽ എത്ര നന്നായേനെ . വെറുതെ ആളുകളെ ചിരിപ്പിക്കാനായിട്ട് !