കോറോഹെൽത്തിലെ പിരിച്ചുവിടൽ? പരിഹാരം പ്രതീക്ഷിച്ച് ജീവനക്കാർ, ഭാവി ഇന്നറിയാം
Corohealth layoffs in Kerala are a major concern, with over 800 employees terminated. A crucial discussion is scheduled today to address the job crisis, following a High Court directive for a negotiated resolution
കൊച്ചി: യുഎസ് ആസ്ഥാനമായ മെഡിക്കൽ കോഡിങ് കമ്പനി ‘കോറോഹെൽത്ത്’ കേരളത്തിലെ ഓഫിസുകൾ പൂട്ടി എണ്ണൂറിലധികം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ ഇന്ന് നിർണായക ചർച്ച. ചട്ടങ്ങൾ പാലിച്ച് ചർച്ചയിലൂടെ തൊഴിൽ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നുള്ള ഹൈക്കോടതി നിര്‍ദേശമുള്ളതിനാൽ ഇന്നത്തെ ചർച്ചയിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. സംസ്ഥാന തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ തൊഴിൽ വകുപ്പും ജീവനക്കാരുടെ പ്രതിനിധികളും കമ്പനി പ്രതിനിധികളുമാണ് ചർച്ചയിൽ പങ്കെടുക്കുക. രാവിലെ എറണാകുളം കലക്ട്രേറ്റിലാണ് ചർച്ച തീരുമാനിച്ചിട്ടുള്ളത്.
കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫിസുകളിൽ ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെ യാതൊരു അറിയിപ്പും കൂടാതെ പിരിച്ചുവിട്ടതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജീവനക്കാരുടെ ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്. തൽസ്ഥിതി തുടരണമെന്ന ജില്ലാ ലേബർ ഓഫിസറുടെ ഉത്തരവ് പോലും തള്ളിക്കൊണ്ട് ജീവനക്കാരെ ഓഫിസിൽ പ്രവേശിപ്പിക്കാതെ കടുംപിടുത്തം തുടർന്ന മാനേജ്മെന്റിനെ ചർച്ചയുടെ മേശപ്പുറത്ത് എത്തിക്കുന്നതിൽ ഹൈക്കോടതി ഇടപെടലാണ് നിര്‍ണായകമായത്. ജില്ലാ ലേബർ ഓഫിസറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കോറോഹെൽത്ത് മാനേജ്മെന്റാണ് കോടതിയെ സമീപിച്ചതെങ്കിലും നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് ചർച്ചയിലൂടെ പരിഹാരം കാണണമെന്ന നിർദേശമാണ് കോടതിയിൽ നിന്നുണ്ടായത്. ഇത്രയധികം ജീവനക്കാരുടെ തൊഴിൽ സുരക്ഷയും ജീവിതവും പ്രതിസന്ധിയിലാകുന്ന ഇത്തരമൊരു വിഷയത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാരിനു പൂർണ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.
കേരളത്തിലെ ഓഫിസുകൾ പൂട്ടുകയും ജീവനക്കാരെ മുന്നറിയിപ്പു പോലുമില്ലാതെ വെള്ളക്കടലാസിൽ എഴുതിയ കത്തു നൽകി പിരിച്ചുവിടുകയും ചെയ്യുമ്പോഴും നോയിഡ,ഹൈദരാബാദ് തുടങ്ങിയ മറ്റിടങ്ങളിലെ കേന്ദ്രങ്ങളിൽ കമ്പനി പുതിയ റിക്രൂട്ട്മെന്റുകൾ നടത്തുന്നുണ്ടെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഒരുമിച്ച് ഇത്രയധികം പേർക്ക് തൊഴിൽ നഷ്ടപ്പെടുന്നത് ഗുരുതരമായ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ഇന്നത്തെ ചർച്ചയിലൂടെ അനുകൂലമായ ഒരു അനുനയ നീക്കത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചർച്ച പരാജയപ്പെട്ടാൽ കൂട്ടപ്പിരിച്ചുവിടലിനെതിരെ കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് സംസ്ഥാന തൊഴിൽ വകുപ്പിന്റെ തീരുമാനം. നഷ്ടപരിഹാരമല്ല, തൊഴിൽ സംരക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
അതേസമയം, നിലവിലുള്ള ലേബർ കോഡിന്റെ അടിസ്ഥാനത്തിൽ വിഷയം പരിഗണിക്കുന്ന സാഹചര്യത്തിൽ പിരിച്ചുവിട്ട നടപടിയുമായി കമ്പനി മുന്നോട്ടു പോകാനാണ് സാധ്യത. എന്നാൽ ജീവനക്കാർക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിലടക്കം കമ്പനി വിട്ടുവീഴ്ച ചെയ്യേണ്ടി വരും. നിലവിൽ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകി എന്നാണ് കമ്പനിയുടെ നിലപാട്. ഇത് ഹൈക്കോടതിയിലും ആവർത്തിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് സാധാരണഗതിയിൽ കിട്ടേണ്ട ആനുകൂല്യങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.