ഇനി ‘നീറ്റ്’ ആകുമോ നീറ്റ്​ പരീക്ഷ: പ്രതീക്ഷകളുടെ പരീക്ഷയോ, വിവാദങ്ങളുടെ വേദിയോ? പരാജയപ്പെടുന്ന കേന്ദ്ര സർക്കാർ, കാണാതെ പോകുന്ന മുറവിളികൾ !

Can NEET Ever Be 'Neat’? The Exam of Hopes Becomes a Center of Controversies Amid Center's Failure

ഇനി ‘നീറ്റ്’ ആകുമോ നീറ്റ്​ പരീക്ഷ: പ്രതീക്ഷകളുടെ പരീക്ഷയോ, വിവാദങ്ങളുടെ വേദിയോ? പരാജയപ്പെടുന്ന കേന്ദ്ര സർക്കാർ, കാണാതെ പോകുന്ന മുറവിളികൾ !
ഇനി ‘നീറ്റ്’ ആകുമോ നീറ്റ്​ പരീക്ഷ: പ്രതീക്ഷകളുടെ പരീക്ഷയോ, വിവാദങ്ങളുടെ വേദിയോ? പരാജയപ്പെടുന്ന കേന്ദ്ര സർക്കാർ, കാണാതെ പോകുന്ന മുറവിളികൾ !

രു സാധാരണ കുടുംബത്തിലെ കുട്ടി ഡോക്ടറാകണമെങ്കിൽ ഇന്ന് ഇന്ത്യയിൽ കടന്നുപോകേണ്ട ഏറ്റവും പ്രധാനപ്പെട്ട കവാടമാണ് നീറ്റ് (NEET - National Eligibility cum Entrance Test). സർക്കാർ മെഡിക്കൽ കോളേജുകളിലേക്കും ഭൂരിഭാഗം സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്കും എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയാണിത്. വർഷത്തിൽ ഒരിക്കൽ ദേശീയ പരീക്ഷാ ഏജൻസിയായ NTA (National Testing Agency) ആണ് ഈ പരീക്ഷ നടത്തുന്നത്.
പക്ഷേ, ഒരു പ്രവേശന പരീക്ഷ എന്നതിലുപരി, ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും സ്വപ്നങ്ങളും പ്രതീക്ഷകളും ത്യാഗങ്ങളും ചുമന്നുനിൽക്കുന്ന ഒരു പരീക്ഷ കൂടിയാണ് നീറ്റ്. അതുകൊണ്ടുതന്നെ, ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഓരോ സംഭവവും രാജ്യവ്യാപകമായ ചർച്ചയാകുന്നു.

നീറ്റ് എഴുതുന്ന ഒരു വിദ്യാർത്ഥിയുടെ യാത്ര പരീക്ഷാദിവസം തുടങ്ങുന്നതല്ല. പ്ലസ് വൺ മുതൽ തന്നെ പലരും ദിവസവും 10 മുതൽ 14 മണിക്കൂർ വരെ പഠനത്തിനായി ചെലവഴിക്കുന്നു. സ്കൂൾ പഠനത്തോടൊപ്പം കോച്ചിംഗ് ക്ലാസുകൾ, മോക്ക് ടെസ്റ്റുകൾ, നിരന്തരമായ പരിശീലനം എന്നിവ ജീവിതത്തിന്റെ ഭാഗമാകുന്നു.
പ്ലസ് ടു കഴിഞ്ഞിട്ടും സർക്കാർ മെഡിക്കൽ സീറ്റ് ലഭിക്കാത്തവർ വീണ്ടും ഒരു വർഷമോ രണ്ടോ വർഷമോ പരീക്ഷയ്ക്കായി മാത്രം തയ്യാറെടുക്കുന്നു.

രാജ്യത്തെ വിവിധ കോച്ചിംഗ് കേന്ദ്രങ്ങളിലും സ്വന്തം വീടുകളിലും ഇത്തരത്തിൽ "റിപ്പീറ്റർമാരായി" പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണ്.

നീറ്റ് തയ്യാറെടുപ്പിനായി സ്വകാര്യ കോച്ചിംഗ്, ഹോസ്റ്റൽ, പുസ്തകങ്ങൾ, ടെസ്റ്റ് സീരീസ് തുടങ്ങി വലിയ സാമ്പത്തിക ചെലവുകളാണ് പല കുടുംബങ്ങൾക്കും നേരിടേണ്ടിവരുന്നത്. സാധാരണ വരുമാനമുള്ള കുടുംബങ്ങൾ പോലും സമ്പാദ്യങ്ങൾ ചെലവഴിച്ചും വായ്പയെടുത്തും ആഭരണങ്ങൾ പണയം വെച്ചുമാണ് മക്കളുടെ പഠനച്ചെലവ് കണ്ടെത്തുന്നത്.
"എന്റെ മകൻ... എന്റെ മകൾ... ഒരുനാൾ ഡോക്ടറാകും" എന്ന പ്രതീക്ഷയാണ് അവരെ മുന്നോട്ട് നയിക്കുന്നത്.

എന്തുകൊണ്ടാണ് നീറ്റ് വീണ്ടും വിവാദമാകുന്നത്?
ഒരു ദേശീയ പ്രവേശന പരീക്ഷയിൽ ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ വിശ്വാസ്യതയാണ്. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ നീറ്റുമായി ബന്ധപ്പെട്ട് നിരവധി ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ, പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ, ചില കേന്ദ്രങ്ങളിലെ ക്രമക്കേടുകൾ, അസാധാരണ മാർക്ക് വിതരണത്തെക്കുറിച്ചുള്ള സംശയങ്ങൾ എന്നിവ വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. 2024-ലെ നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ ഇത്തരം ആരോപണങ്ങൾ രാജ്യവ്യാപക പ്രതിഷേധത്തിനും പിന്നീട് സിബിഐ അന്വേഷണത്തിനും കാരണമായി.
ഇത്തരം സംഭവങ്ങൾ കാരണം ആത്മാർത്ഥമായി പഠിച്ച വിദ്യാർത്ഥികൾക്ക് തങ്ങളുടെ അധ്വാനം വിലകുറയുന്നുവെന്ന തോന്നലാണ് ഉണ്ടാകുന്നത്. പരീക്ഷയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ, ഏറ്റവും വലിയ നഷ്ടം അനുഭവിക്കുന്നത് സത്യസന്ധമായി തയ്യാറെടുത്ത വിദ്യാർത്ഥികളാണ്.

പരീക്ഷയിലെ പരാജയം പലർക്കും ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ സ്വന്തം കഠിനാധ്വാനം അനീതിയുടെ മുന്നിൽ തോറ്റുവെന്ന തോന്നലാണ് വിദ്യാർത്ഥികളെ കൂടുതൽ മാനസികമായി തളർത്തുന്നത്.
മാസങ്ങളോളം ഉറക്കവും വിശ്രമവും പോലും കുറച്ച് പഠിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ വലിയ മാനസിക സമ്മർദമാണ് സൃഷ്ടിക്കുന്നത്. രാജ്യത്തെ പ്രമുഖ കോച്ചിംഗ് കേന്ദ്രങ്ങളായ രാജസ്ഥാനിലെ കോട്ട പോലുള്ള സ്ഥലങ്ങളിൽ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ പലപ്പോഴും ദേശീയ ചർച്ചയാകുന്നതും ഈ സമ്മർദത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. എന്നാൽ എല്ലാ സംഭവങ്ങൾക്കും കാരണം നീറ്റ് മാത്രമാണെന്ന് പറയാനാവില്ല; മത്സരത്തിന്റെ സമ്മർദം, വ്യക്തിപരമായ പ്രശ്നങ്ങൾ, കുടുംബ-സാമൂഹിക സാഹചര്യങ്ങൾ തുടങ്ങി പല ഘടകങ്ങളും ഇത്തരം ദുരന്തങ്ങൾക്ക് പിന്നിലുണ്ടാകാം.

ഡൽഹിയിൽ വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും അതിശക്തമായ പ്രതിഷേധങ്ങളാണ്​ നടത്തിയത്​. അടുത്തിടെ നടന്ന പ്രതിഷേധങ്ങളിലും പ്രധാനമായും ഉയർന്നുവന്ന ആവശ്യങ്ങൾ ഇവയാണ്:
പരീക്ഷാ സംവിധാനത്തിൽ പൂർണ സുതാര്യത ഉറപ്പാക്കുക.
ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെയുള്ള എല്ലാ ക്രമക്കേടുകളിലും കർശന അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക.
പരീക്ഷാ നടത്തിപ്പിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുക.
സത്യസന്ധമായി പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്ന രീതിയിൽ പരീക്ഷാ സംവിധാനം പരിഷ്കരിക്കുക.
പ്രതിഷേധം നടത്തുന്നത് എല്ലാ വിദ്യാർത്ഥികളും നീറ്റിനെ എതിർക്കുന്നതുകൊണ്ടല്ല. മറിച്ച്, നീറ്റ് പോലൊരു ദേശീയ പരീക്ഷ അഴിമതിയുടെയും ക്രമക്കേടുകളുടെയും നിഴലില്ലാതെ വിശ്വാസ്യതയോടെ നടക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം.
മാറേണ്ടത് പരീക്ഷയല്ല, അതിന്റെ വിശ്വാസ്യത തകർക്കുന്ന ക്രമക്കേടുകളാണ്
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വർഷങ്ങളോളം കഷ്ടപ്പെട്ട് എഴുതുന്ന ഒരു ദേശീയ പരീക്ഷയിൽ ചെറിയൊരു വീഴ്ച പോലും ആയിരക്കണക്കിന് ജീവിതങ്ങളെ ബാധിക്കാൻ കഴിയും. അതുകൊണ്ടുതന്നെ, പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കുക എന്നത് സർക്കാർ സംവിധാനങ്ങളുടെയും പരീക്ഷാ ഏജൻസികളുടെയും ഏറ്റവും വലിയ ഉത്തരവാദിത്തമാണ്.

പരീക്ഷ പൂർണമായും സുതാര്യവും സുരക്ഷിതവും നീതിപൂർവവുമാകണം.
ഒരു പരീക്ഷ കുട്ടികളുടെ അറിവും കഴിവും അളക്കാനുള്ള ഉപാധിയായിരിക്കണം; അവരുടെ സ്വപ്നങ്ങളെയും ജീവിതത്തെയും അനീതിയുടെ മുന്നിൽ തകർക്കുന്ന സംവിധാനമാകരുത്.
വിദ്യാർത്ഥികളുടെ അധ്വാനത്തിന് യഥാർത്ഥ വില ലഭിക്കുകയും, രാജ്യത്തെ ഓരോ കുട്ടിക്കും തുല്യനീതി ഉറപ്പാക്കുന്ന വിശ്വസനീയമായ പരീക്ഷാ സംവിധാനം നിലനിൽക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ ആവശ്യം.
നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ കേന്ദ്ര സർക്കാരിനും വിദ്യാഭ്യാസ സംവിധാനത്തിനുമെതിരായ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. 

പ്രതിഷേധങ്ങൾക്ക് ഒടുവിൽ രാജി; ഉത്തരവാദിത്തം ഏറ്റെടുത്തോ, സമ്മർദത്തിന് വഴങ്ങിയോ?
നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ, ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങൾ, രാജ്യവ്യാപക വിദ്യാർത്ഥി പ്രതിഷേധങ്ങൾ, പാർലമെന്റിലെ തുടർച്ചയായ പ്രതിസന്ധി എന്നിവയ്ക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു. ദിവസങ്ങളോളം രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടെയായിരുന്നു ഈ നിർണായക നീക്കം. 
ഇത് വിദ്യാർത്ഥി ഐക്യത്തിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഒരു മന്ത്രിയുടെ രാജി മാത്രം കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്നും, ദേശീയ പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരികയും ചോദ്യപേപ്പർ ചോർച്ചകൾ പൂർണമായി തടയുന്ന ശക്തമായ സംവിധാനം ഒരുക്കുകയും വേണമെന്ന ആവശ്യമാണ് ഇപ്പോഴും ശക്തമായി ഉയരുന്നത്.

ധർമേന്ദ്ര പ്രധാന്റെ അടുത്ത നീക്കം?

ഒഡീഷയിലെ പ്രാദേശിക രാഷ്ട്രീയത്തിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രവേദിയിലേക്കുള്ള ധർമേന്ദ്ര പ്രധാന്റെ മുന്നേറ്റം അതിവേഗത്തിലായിരുന്നു. 2002-ൽ ബിജെപിയുടെ ദേശീയ സെക്രട്ടറിയായി. പാർട്ടിയുടെ വിവിധ സമരങ്ങൾക്കും പ്രചാരണങ്ങൾക്കും നേതൃത്വം നൽകി.

2004-ലെ 14-ാം ലോക്സഭാ തിരഞ്ഞെടുപ്പിൽ എംപിയായി തെരഞ്ഞെടുക്കപ്പെട്ട പ്രധാൻ, അതേ വർഷം തന്നെ ഭാരതീയ ജനതാ യുവമോർച്ചയുടെ (ബിജെവൈഎം) ദേശീയ പ്രസിഡന്റായും ചുമതലയേറ്റു. 

ആദ്യ നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് 2017 സെപ്റ്റംബറിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയോടെ പെട്രോളിയം, പ്രകൃതിവാതകം, നൈപുണ്യ വികസനം എന്നീ നിർണായക മന്ത്രാലയങ്ങളുടെ ചുമതല അദ്ദേഹത്തിന് ലഭിച്ചു. തുടർന്ന് രണ്ടാം മോദി സർക്കാരിൽ 2019 മെയ് മുതൽ 2021 ജൂലൈ വരെ പെട്രോളിയം, പ്രകൃതിവാതക മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. 2021 ജൂലൈയിലെ മന്ത്രിസഭാ പുനഃസംഘടനയിൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ വകുപ്പുകളുടെ ചുമതല ഏറ്റെടുത്ത പ്രധാൻ, മൂന്നാം മോദി സർക്കാരിലും ലോക്സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി തന്റെ സ്ഥാനം നിലനിർത്തി.

ധർമേന്ദ്ര പ്രധാന്റെ അടുത്ത നീക്കമെന്തായിരിക്കും. ഒഡീഷയിലെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി കൂടുതൽ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുമോ, അല്ലെങ്കിൽ കേന്ദ്ര മന്ത്രിസഭയിലെ അടുത്ത പുനഃസംഘടനയിൽ വീണ്ടും നിർണായക മന്ത്രിസ്ഥാനം ലഭിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

അവഗണിക്കാനാകാത്ത പാറ്റ ജൻ സീ കൂട്ടായ്മ

സോഷ്യൽ മീഡിയയിൽ കണ്ട ജന പിന്തുണയുടെ പത്തിലൊന്ന് പോലും തുടക്കത്തിൽ ജന്തർമന്തറിൽ ഉണ്ടായിരുന്നില്ല. ജൂൺ 20-ന് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം ആരംഭിക്കുമ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ പോലും അത് കണ്ടില്ലെന്ന് നടിച്ചു. ജൂൺ 28-ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരം തുടങ്ങി. പ്രതിപക്ഷ നേതാക്കൾ പലരും വന്നും പോയുമിരുന്നെങ്കിലും സമരത്തിന് പ്രതീക്ഷിച്ചത്ര മാധ്യമ ശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാൽ, ജൂലൈ 18-ലെ സംഭവം കാര്യങ്ങൾ അടിയന്തരാവസ്ഥയിലേക്ക് നയിച്ചു.

 നിർണായക വഴിത്തിരിവ്

ജൂലൈ 18 രാവിലെ, പോലീസ് ബലപ്രയോഗത്തിലൂടെ സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി. ഭരണകൂടത്തിന്റെ ഈ നീക്കം സമരത്തിന്റെ ഗതി അപ്പാടെ മാറ്റിമറിച്ചു.

  • ഞായറാഴ്ചയിലെ ജനപ്രവാഹം: അടുത്ത ദിവസം (ഞായറാഴ്ച) പാർലമെന്റ് മാർച്ച് നടത്താൻ വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. ആ ഞായറാഴ്ച ജന്തർമന്തർ കണ്ടത് അവിശ്വസനീയ കാഴ്ചകളായിരുന്നു. മെട്രോ സ്റ്റേഷനുകളിൽ നിന്ന് ആയിരക്കണക്കിന് യുവാക്കളാണ് സമരവേദിയിലേക്ക് ഒഴുകിയെത്തിയത്.

  • ഇന്റലിജൻസിനും മാധ്യമങ്ങൾക്കും പറ്റിയ പിഴവ്: പിറ്റേന്നത്തെ പാർലമെന്റ് മാർച്ച് എത്രത്തോളം ശക്തമാകുമെന്ന് പ്രവചിക്കുന്നതിൽ പോലീസിനും ഇന്റലിജൻസിനും തെറ്റുപറ്റി. ദേശീയ മാധ്യമങ്ങൾ ഇതറിഞ്ഞിട്ടും ബോധപൂർവം അവഗണിച്ചതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഒടുവിൽ ഭരണകൂടം മുട്ടുമടക്കി!

അതിനുശേഷം നടന്നത് രാജ്യത്തിന് തന്നെ ചരിത്ര നിമിഷങ്ങളായിരുന്നു. സമരക്കാരുടെ നിബന്ധനകൾക്ക് വഴങ്ങി രണ്ട് കേന്ദ്രമന്ത്രിമാർക്ക് അവർ നിർദ്ദേശിച്ച സ്ഥലത്തെത്തി ചർച്ചകൾ നടത്തേണ്ടിവന്നു.പ്രധാനമന്ത്രിക്ക് നേരിട്ട് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കേണ്ടി വന്നുവെന്നു മാത്രമല്ല, ഒടുവിൽ കേന്ദ്ര ഭരണത്തിലെ പ്രബലനായ വിദ്യാഭ്യാസ മന്ത്രിക്ക് സ്വന്തം പദവി രാജി വെച്ച് പടിയിറങ്ങേണ്ടിയും വന്നു!