ചോദ്യങ്ങൾക്ക് മറുപടി കേസുകളോ? രാഹുലിനും മഹുവയ്ക്കുമെതിരെ നടപടിയിൽ വിമർശനം
രാഹുൽ ഗാന്ധിക്കും മഹുവ മൊയ്ത്രയ്ക്കുമെതിരായ നിയമനടപടികൾ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ നീക്കമാണെന്ന വിമർശനം ശക്തമാകുന്നു.
കേന്ദ്ര ഭരണകൂടം തങ്ങൾക്കെതിരെ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങളെയും ചോദ്യങ്ങളെയും നേരിടുന്നതിനു പകരം നിയമ സംവിധാനങ്ങളെയും പോലീസിനെയും ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നേരേയുള്ള കടുത്ത വെല്ലുവിളിയാണ്. സത്യം തുറന്നുപറയുന്ന പ്രമുഖ പ്രതിപക്ഷ നേതാക്കളെയും ജനപ്രതിനിധികളെയും കേസുകളിൽ കുടുക്കി ഭയപ്പെടുത്തുക എന്ന നയം ബിജെപി ഭരണകൂടം തുടർച്ചയായി പ്രയോഗിച്ചു വരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെയും എടുത്തിരിക്കുന്ന പ്രതികാര നടപടികൾ.ഓഗസ്റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുള്ള രാംലീല മൈതാനത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുസമ്മേളനം നടന്നിരുന്നു. എന്നാൽ ഈ സമ്മേളനത്തിന് പിന്നാലെ, ശ്രീരാമസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് ഒരു 'ശുദ്ധീകരണ പൂജ' നടത്തപ്പെടുകയുണ്ടായി. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിപക്ഷ പദവിയിലിരിക്കുന്ന, ദളിത് വിഭാഗത്തിൽപ്പെട്ട മുതിർന്ന ഒരു നേതാവ് പ്രസംഗിച്ച വേദിയെ ഇത്തരം ചടങ്ങുകളിലൂടെ അശുദ്ധമായി ചിത്രീകരിച്ച നടപടി കടുത്ത സാമൂഹിക അനാചാരവും അയിത്തത്തിന് തുല്യമായ കുറ്റകൃത്യവുമാണ്. ഈ അനീതിക്കെതിരെ മല്ലികാർജുൻ ഖാർഗെ പാർലമെന്റിൽ പ്രതിഷേധിക്കുകയും, തുടർന്ന് ദില്ലിയിൽ വാർത്താസമ്മേളനം വിളിച്ച് രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഖാർഗെയോട് കാണിച്ച ഈ അനാദരവിനെതിരെ ബിഎൻഎസ് പ്രകാരവും എസ്‌സി/എസ്ടി അട്രോസിറ്റി ആക്ട് പ്രകാരവും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കേസ് എടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി ശക്തമായി ആവശ്യപ്പെട്ടു. എന്നാൽ ദുരാചാരം നടത്തിയ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ മടിച്ച അധികാരികൾ, അയിത്തത്തിനും ജാതി വിവേചനത്തിനുമെതിരെ നട്ടെല്ലോടെ ശബ്ദമുയർത്തിയ രാഹുൽ ഗാന്ധിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഉത്തരാഖണ്ഡ് പോലീസ് രാഹുൽ ഗാന്ധിക്കെതിരെ ബിഎൻഎസ് 196, 299 വകുപ്പുകളും എസ്‌സി/എസ്ടി നിയമത്തിലെ വകുപ്പുകളും ചുമത്തി തിരിച്ച് കേസെടുക്കുകയാണുണ്ടായത്. ഭരണകൂടത്തിന്റെ വിവേചനപരമായ നിലപാടുകളെ വിമർശിക്കുന്നവരെപ്പോലും അതേ നിയമങ്ങൾ ഉപയോഗിച്ച് വേട്ടയാടുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നവരെ വേട്ടയാടാനും ജാതീയമായ അസമത്വങ്ങളെ മറച്ചുവെക്കാനും ബിജെപി നടത്തുന്ന നീക്കത്തിന്റെ പ്രതിഫലനമാണിത്.ഇതേ തരത്തിലുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണമാണ് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെയുള്ള കേസ്.
പശ്ചിമ ബംഗാളിലെ ഉത്തർബംഗാളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത സർക്കാർ പരിപാടിയിൽ നിന്ന് ഭരണസംവിധാനത്തിലെ മുസ്ലീം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മനഃപൂർവ്വം ഒഴിവാക്കി എന്ന ഗൗരവതരമായ ആരോപണം മഹുവ മൊയ്‌ത്ര സാമൂഹിക മാധ്യമമായ എക്‌സിലൂടെ ഉന്നയിച്ചിരുന്നു. ചില ഉദ്യോഗസ്ഥരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ട്, മതത്തിന്റെ അടിസ്ഥാനത്തിലാണോ ഭരണതലത്തിൽ ഇത്തരം ഒഴിവാക്കലുകൾ നടത്തുന്നതെന്ന് അവർ പരസ്യമായി ചോദ്യം ചെയ്തു. ഭരണസംവിധാനങ്ങളിലെ വിവേചനത്തെക്കുറിച്ച് ചോദ്യമുന്നയിച്ച മഹുവ മൊയ്ത്ര, വർഗീയ വിദ്വേഷ പ്രചാരണം നടത്തിയതായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിച്ചത്.ഇതിന്റെ ഭാഗമായി ഡയമണ്ട് ഹാർബർ സൈബർ ക്രൈം പോലീസ് മഹുവ മൊയ്‌ത്രയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചോദ്യം ചെയ്യലിനായി ഹാജരാകാൻ സമൻസ് അയക്കുകയും ചെയ്തു. ബിഎൻഎസ് 196, 197, 299, 353 തുടങ്ങിയ കടുത്ത വകുപ്പുകളാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭരണകൂടത്തിന്റെ അനാസ്ഥകളെയും വിവേചനങ്ങളെയും ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളെയും രാഷ്ട്രീയ എതിരാളികളെയും പോലീസിനെയും മറ്റ് അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് അടിച്ചമർത്തുക എന്ന സ്ഥിരം ശൈലിയാണ് ബിജെപി ഇവിടെയും പുറത്തെടുക്കുന്നത്. തങ്ങൾക്ക് വിയോജിപ്പുള്ള ശബ്ദങ്ങളെ നിയമനടപടികളുടെ കെണിയിൽപ്പെടുത്തി നിശ്ശബ്ദരാക്കാമെന്ന ബിജെപിയുടെ ധാരണ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വിമർശനങ്ങൾ ഉയർന്നുവരുമ്പോൾ അവ പരിഹരിക്കാനോ യാഥാർത്ഥ്യം വിശദീകരിക്കാനോ തയ്യാറാകാതെ കേസ് രജിസ്റ്റർ ചെയ്തും സമ്മൻസ് അയച്ചും പ്രതിപക്ഷത്തെ ശബ്ദമില്ലാതാക്കാൻ ശ്രമിക്കുന്നത് അധികാര ദുർവിനിയോഗമല്ലാതെ മറ്റൊന്നുമല്ല. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനപ്രതിനിധികളുടെ അവകാശങ്ങളെയും തച്ചുടച്ചുകൊണ്ട് ഭരണം തുടരാമെന്ന ബിജെപിയുടെ പോക്ക് ജനാധിപത്യ മൂല്യങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)