മത്സരം കൂടും: ഫൈവ് ജി ലേലത്തില്‍ അദാനിയും പങ്കെടുക്കും

Jul 10, 2022 - 14:55
0
മത്സരം കൂടും: ഫൈവ് ജി ലേലത്തില്‍ അദാനിയും പങ്കെടുക്കും

 കുത്തകകള്‍ കയ്യടക്കിയ രാജ്യത്തെ ടെലികോം മേഖലയിലെ മത്സരത്തിന് ആവേശം കൂട്ടാന്‍ ഗൗതം അദാനിയും. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കും സുനില്‍ മിത്തലിന്റെ എയര്‍ടെല്ലിനും ഉള്‍പ്പെടെ ഭീഷണിയുയര്‍ത്തി അപ്രതീക്ഷിതമായാണ് അദാനി ഗ്രൂപ്പിന്റെ വരവ്. 5ജി സ്‌പെക്ട്രം ലേലത്തില്‍ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്.
ജൂലൈ 26നു നടക്കാനിരിക്കുന്ന സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ അദാനി ഗ്രൂപ്പ് അപേക്ഷ നല്‍കിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതിവേഗ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന 5ജി മേഖലയില്‍ കടുത്ത മത്സരം കാഴ്ച വയ്ക്കുകയാണ് അദാനിയുടെ ലക്ഷ്യമെന്നാണു നിഗമനം. ജിയോ, എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ എന്നീ സ്വകാര്യ കമ്പനികളും ലേലത്തില്‍ പങ്കെടുക്കുമെന്നാണു വിവരം.
എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം അദാനി ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ലേല നടപടികളുടെ ഭാഗമായി പങ്കെടുക്കുന്നവരുടെ പേരുകള്‍ ഈ മാസം 12ന് പ്രസിദ്ധീകരിക്കും. അപ്പോള്‍ മാത്രമേ പങ്കെടുക്കുന്നവരെപ്പറ്റി കൃത്യമായി അറിയാനാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തില്‍നിന്നും ലോകമാകെ പടര്‍ന്ന ബിസിനസുകാരാണ് അംബാനിയും അദാനിയും. രണ്ടു പേരുടെയും ബിസിനസ് സാമ്രാജ്യം വളരുകയാണെങ്കിലും നേരിട്ടുള്ള മത്സരം ഇതുവരെയുണ്ടായിട്ടില്ല.
4.3 ലക്ഷം കോടി രൂപ വിലവരുന്ന 72,097.85 മെഗാഹെട്‌സ് സ്പെക്ട്രം ആണ് ലേലം ചെയ്യുന്നത്. ലേലത്തില്‍ പിടിക്കുന്നവര്‍ക്ക് കാലപരിധി 20 വര്‍ഷമായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User