എ.ഡി.ജി.പി എസ്. ശ്രീജിത്തിന് കനത്ത തിരിച്ചടി: ക്ലീൻചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി

Major Setback for ADGP S. Sreejith: Kerala High Court Quashes Chief Secretary’s Clean Chit Report

എ.ഡി.ജി.പി എസ്. ശ്രീജിത്തിന് കനത്ത തിരിച്ചടി: ക്ലീൻചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി
എസ്. ശ്രീജിത്ത്

കൊച്ചി: അനുമതിയില്ലാതെ വിദേശയാത്ര നടത്തുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്തെന്ന പരാതിയിൽ എഡിജിപി എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. കേസിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്.  

പരാതിക്കാരനായ ദിപിൻ ഇടവനയെയും ആരോപണവിധേയനായ എഡിജിപി എസ്. ശ്രീജിത്തിനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിങ് (Joint Hearing) നടത്തിയത് തെറ്റായ നടപടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുതിർന്ന ഉദ്യോഗസ്ഥൻ സാന്നിധ്യമുള്ളപ്പോൾ പരാതിക്കാരന് സ്വതന്ത്രമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയില്ലെന്നും, ആരോപണവിധേയൻ സ്വാധീനമുള്ള വ്യക്തിയായതിനാൽ തെളിവുകൾ ഇല്ലാതാക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശ്രീജിത്തിന്റെ സാന്നിധ്യമില്ലാതെ പരാതിക്കാരന്റെ മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്താൻ കോടതി ഉത്തരവിട്ടു.  

മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നും അവിടെ പരിപാടികളിൽ പങ്കെടുത്തുവെന്നുമാണ് ശ്രീജിത്തിനെതിരായ പ്രധാന ആരോപണങ്ങൾ. കൂടാതെ സർക്കാരിൽ നിന്നും സമർപ്പിച്ച റിപ്പോർട്ടിൽ തീയതിപോലും കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മുതിർന്ന ഭരണാധികാരികളിൽ നിന്ന് ഉയർന്ന നടപടികളും നിഷ്പക്ഷതയുമാണ് പ്രതീക്ഷിക്കുന്നതെന്നും ഓർമ്മിപ്പിച്ചു.  

എഡിജിപി എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ പശ്ചാത്തലത്തിൽ, ഡിജിപി റാങ്കിലേക്ക് എസ്. ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകാൻ ചീഫ് സെക്രട്ടറിതലത്തിൽ ശുപാർശ നൽകിയ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലേക്ക് ശ്രീജിത്തിനെ പരിഗണിക്കാൻ നീക്കങ്ങൾ സജീവമായിരിക്കെയാണ് ഈ നിർണായക വിധി ഉണ്ടായിരിക്കുന്നത്.