'ഒരാൾക്ക് ഒരു പദവി' കർശനമാക്കി മുസ്‌ലിം ലീഗ്; മന്ത്രിമാർ ഉൾപ്പെടെ നേതാക്കൾ സംഘടനാ പദവികൾ ഒഴിയും

Muslim League Enforces ‘One Person, One Post’ Policy; Ministers to Step Down from Party Role

'ഒരാൾക്ക് ഒരു പദവി' കർശനമാക്കി മുസ്‌ലിം ലീഗ്; മന്ത്രിമാർ ഉൾപ്പെടെ നേതാക്കൾ സംഘടനാ പദവികൾ ഒഴിയും

സംഘടനാ പ്രവർത്തനം കൂടുതൽ സജീവവും കാര്യക്ഷമവുമാക്കാൻ മുസ്‌ലിം ലീഗ് 'ഒരാൾക്ക് ഒരു പദവി' എന്ന നയം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചു. എംപിമാർ, എംഎൽഎമാർ, മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പാർട്ടിയിലും പോഷക സംഘടനകളിലും വഹിക്കുന്ന സംഘടനാ ഭാരവാഹിത്വങ്ങൾ ഒഴിയണമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃയോഗത്തിൽ നിർദേശിച്ചു.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലുള്ള ലീഗ് നേതാക്കളും സംഘടനാ പദവികൾ ഒഴിയുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു. ഭരണപരമായ ചുമതലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സംഘടനാതലത്തിൽ പുതുമുഖങ്ങൾക്ക് നേതൃത്വം നൽകാനുമുള്ള അവസരം സൃഷ്ടിക്കാനുമാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ഭാരവാഹിത്വം ഒഴിയുന്ന മുതിർന്ന നേതാക്കൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ നയരൂപീകരണ ചുമതലകളോടെ തുടരുമെന്ന സൗകര്യവും പാർട്ടി ഒരുക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന പോലെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താനും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാനുമാണ് പുതിയ നയത്തിലൂടെ ലീഗ് ലക്ഷ്യമിടുന്നത്.

മൂന്ന് മന്ത്രിമാർ സംഘടനാ പദവി ഒഴിയും

നിലവിലെ അഞ്ച് ലീഗ് മന്ത്രിമാരിൽ മൂന്ന് പേർ സംഘടനാ പദവികൾ ഒഴിയും. മന്ത്രിമാരായ കെ.എം. ഷാജി, എം. ഷംസുദ്ദീൻ എന്നിവർ സംസ്ഥാന സെക്രട്ടറി സ്ഥാനവും, വി.ഇ. അബ്ദുൽ ഗഫൂർ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിയും.അതേസമയം, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പി.കെ. ബഷീർ എന്നിവർ നിലവിലെ സംഘടനാ ചുമതലകളിൽ തുടരും.എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഇതിനകം തന്നെ പദവി ഒഴിഞ്ഞിട്ടുണ്ട്. എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുള്ള, കല്ലട്ര മാഹിൻ, എം.എ. റസാഖ്, പി.കെ. ഫിറോസ്, ടി.പി. അഷ്റഫലി, എം. റഹ്മത്തുല്ല, ഫാത്തിമ തഹ്‌ലിയ എന്നിവരും സംഘടനാ പദവികൾ ഒഴിയുന്നവരുടെ പട്ടികയിലുണ്ട്.