രാഷ്ട്രപതി ഇന്ന് രാവിലെ10.15ന് അധികാരമേൽക്കും
പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് സത്യപ്രതിജ്ഞ
പുതിയ രാഷ്ട്രപതി ഇന്ന് സ്ഥാനമേൽക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വെച്ച് സത്യവാചകം ചൊല്ലിക്കൊടുക്കും.
ചടങ്ങിന്റെ സമയക്രമം ഇങ്ങനെയാണ്
രാവിലെ 9.47: നിയുക്ത രാഷ്ട്രപതിയും സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിൽനിന്ന് അശ്വരഥത്തിൽ പാർലമെന്റിലേക്കു പുറപ്പെടും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി ഇടത്തും പുതിയ ആൾ വലത്തുമാണ് ഇരിക്കുക. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ രഥത്തിനു പകരം കാറായിരിക്കും.
10.00: നിയുക്ത രാഷ്ട്രപതിയും സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയും അംഗരക്ഷകരുടെ അകമ്പടിയോടെ പാർലമെന്റിന്റെ 5–ാം നമ്പർ ഗേറ്റിലെത്തും. ലോക്സഭാ സ്പീക്കർ ഉപയോഗിക്കുന്ന കവാടമാണിത്. അവിടെ ലോക്സഭാ സ്പീക്കർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി (രാജ്യസഭാ ചെയർമാൻ) എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിക്കും.
അകത്തേക്കു കയറുന്നതിനു മുൻപ് രാഷ്ട്രപതിയുടെ അംഗരക്ഷകർ അഭിവാദ്യം ചെയ്യും. രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കും. സല്യൂട്ട് സ്വീകരിക്കുമ്പോൾ നിയുക്ത രാഷ്ട്രപതിയും ചീഫ് ജസ്റ്റിസും അദ്ദേഹത്തിന്റെ വലതു വശത്തും ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനും ഇടതുവശത്തുമായി നിൽക്കും.
അഞ്ചാം നമ്പർ കവാടത്തിൽ നിന്നു സെൻട്രൽ ഹാളിലേക്ക് 2 വരിയായാണു നീങ്ങുക. പ്രസിഡന്റ് നടുക്കും വലതു വശത്ത് എഡിസി, രാജ്യസഭാ ചെയർമാൻ, ലോക്സഭാ സ്പീക്കർ എന്നിവരും ഇടതു വശത്ത് എഡിസി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, നിയുക്ത രാഷ്ട്രപതി എന്നിവരും അണി നിരക്കും. അതിനു പിന്നിൽ ഉദ്യോഗസ്ഥർ.
10.02: സെൻട്രൽ ഹാളിലേക്കു പുറപ്പെടും. പ്രധാനമന്ത്രി, മന്ത്രിമാർ, എംപിമാർ, ഗവർണർമാർ, വിദേശരാഷ്ട്രങ്ങളുടെ സ്ഥാനപതിമാർ തുടങ്ങിയ അതിഥികൾ എഴുന്നേറ്റു നിൽക്കും. സ്റ്റേജിൽ രാഷ്ട്രപതി നടുക്കും അദ്ദേഹത്തിന്റെ വലതുവശത്ത് നിയുക്ത രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവരും ഇടതു ഭാഗത്ത് ലോക്സഭാ സ്പീക്കർ, രാജ്യസഭാ ചെയർമാൻ എന്നിവരും ഉപവിഷ്ടരാകും.
10.07: രാഷ്ട്രപതി അദ്ദേഹത്തിന്റെ സീറ്റിനു മുൻപിൽ എഴുന്നേറ്റു നിൽക്കും. ദേശീയ ഗാനം മുഴങ്ങും.
10.08: ആഭ്യന്തര സെക്രട്ടറി നിയുക്ത രാഷ്ട്രപതിയെ സംബന്ധിച്ചു തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്നു ലഭിച്ച സന്ദേശം വായിക്കാൻ അനുമതി തേടും.
10.09: രാഷ്ട്രപതിയുടെ അനുമതിക്കു ശേഷം ആഭ്യന്തര സെക്രട്ടറി സന്ദേശം വായിക്കും.
10.14: സുപ്രീം കോടതി ചീഫ് ജസ്റ്റിസും നിയുക്ത രാഷ്ട്രപതിയും സീറ്റിൽ നിന്നെഴുന്നേൽക്കും. ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞയ്ക്കു തുടക്കമിടും.
10.15: നിയുക്ത രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. തുടർന്ന് മുൻ രാഷ്ട്രപതി തന്റെ കസേരയിൽനിന്നു മാറി പുതിയ രാഷ്ട്രപതിയെ ഇരുത്തും. 21 ആചാര വെടികൾ മുഴങ്ങും.
10.18: രാഷ്ട്രപതിയുടെ സെക്രട്ടറി സത്യപ്രതിജ്ഞാ റജിസ്റ്റർ രാഷ്ട്രപതിക്കു നൽകും. രാഷ്ട്രപതി ഒപ്പിടും.
10.20: ആഭ്യന്തര സെക്രട്ടറി വിജ്ഞാപനം വായിക്കാൻ അനുമതി തേടും. രാഷ്ട്രപതി നൽകും.
10.23: രാഷ്ട്രപതിയുടെ പ്രഥമ പ്രസംഗം. 20 മിനിറ്റാണു സാധാരണ എടുക്കുക.
10.43: ആഭ്യന്തര സെക്രട്ടറി ചടങ്ങ് അവസാനിപ്പിക്കാൻ രാഷ്ട്രപതിയുടെ അനുമതി തേടും.
10.44: ബാൻഡ് വാദ്യം മുഴങ്ങും. എല്ലാവരും സീറ്റിൽനിന്ന് എഴുന്നേൽക്കും. ദേശീയ ഗാനം.
10.45: രാഷ്ട്രപതി പുറത്തേക്കു നടക്കും. 2 വരിയായി നീങ്ങുന്ന സംഘത്തിൽ വലതു വശത്ത് ചീഫ് ജസ്റ്റിസ്, ലോക്സഭാ സ്പീക്കർ എന്നിവർക്കു ശേഷമായിരിക്കും രാഷ്ട്രപതി. പിന്നിൽ പ്രസിഡന്റിന്റെ സെക്രട്ടറിയും ഉദ്യോഗസ്ഥരും. ഇടതു വശത്ത് രാജ്യസഭാ ചെയർമാൻ, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി, ഉദ്യോഗസ്ഥർ എന്നിവർ അണിനിരക്കും.
10.50: അംഗരക്ഷകർ പുതിയ രാഷ്ട്രപതിക്ക് സല്യൂട്ട് നൽകും.
10.52: സ്പീക്കർ, രാജ്യസഭാ ചെയർമാൻ, ചീഫ് ജസ്റ്റിസ് തുടങ്ങിയവരോടു യാത്രപറഞ്ഞു രാഷ്ട്രപതിയും മുൻരാഷ്ട്രപതിയും രാഷ്ട്രപതി ഭവനിലേക്കു പോകും.
11.05: രാഷ്ട്രപതി ഭവനിലെത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. തുടർന്ന് മുൻ രാഷ്ട്രപതി അദ്ദേഹത്തിന്റെ വസതിയിലേക്ക്.