പ്രതിക്കും സഹായിക്കും സിപിഎം ബന്ധമെന്ന് സൂചന; എകെജി സെന്റർ ആക്രമണാന്വേഷണം അട്ടിമറിച്ചു
എകെജി സെന്റർ ആക്രമണം നടന്നു രണ്ടാം ദിവസം തന്നെ പോലീസിന് വ്യക്തമായ സൂചനകൾ കിട്ടിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം .എന്നാൽ പ്രതിക്കും സഹായിക്കും ഉള്ള സി പി എം ബന്ധത്തിൻ്റെ പേരിൽ അന്വേഷണം പോലീസ് തന്നെ അട്ടിമറിച്ചെന്നു സൂചന. സെൻ്ററിന് മുന്നിലൂടെ നിരവധി തവണ പോയ തട്ടുകടക്കാരൻ പ്രതിയുടെ സഹായി ആണെന്ന് സംശയങ്ങൾ ഉയർന്നിട്ടും ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് ആ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നാണ് ആക്ഷേപം. അന്വേഷണം ബോധപൂർവ്വം വഴി തിരിച്ചവിട്ട ശേഷം ക്രൈം ബ്രാഞ്ചിനു കൈമാറി എന്നാണ് ഉയരുന്ന പരാതി.
ജൂൺ മൂപ്പതിന് രാത്രി 11.29ന് ശേഷമാണ് എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. എകെജി സെൻ്ററിൽ നിന്നും പുറത്തു വിട്ട സിസിടിവി ദൃശ്യത്തിന് പുറമേ വ്യക്തമായ സിസിടിവി ദൃശ്യം കൂടി ഉണ്ടായിരുന്നു. അതിൽ നിന്നും സംശയ മുന എത്തിയത് തട്ടുകടക്കാരനിലേക്കാണ്.
സംഭവം നടന്ന രാത്രി 10 50 നും 11. 30 നും ഇടയിൽ ഏഴ് തവണയാണ് ഇയാൾ എകെജി സെൻ്ററിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സ്കൂട്ടറോടിച്ചത്. തട്ടുകടയിലേക്ക് വെള്ളമെടുക്കാനാണ് പോയതെന്നാണ് ഇയാൾ പോലീസിനോട് വിശദീകരിച്ചത് എന്നാൽ ഈ സ്കൂട്ടറിൽ വെള്ളത്തിൻ്റെ ക്യാൻ ഉണ്ടായിരുന്നത് ഒരു തവണ മാത്രമാണെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. മാത്രമല്ല സ്ഫോടനം നടന്നതിന് പിന്നാലെ ഇയാൾ എകെജി സെൻ്ററിന് മുന്നിലൂടെ കടന്നു പോയെങ്കിലും പൊലീസും ആൾക്കൂട്ടവും ഉണ്ടായിട്ടും തിരിഞ്ഞു നോക്കുന്നില്ല
അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ ഇയാൾ സ്ഫോടക വസ്തു മറ്റൊരാൾക്ക് എത്തിച്ച് നൽകി അയാൾ എറിയുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ് എത്തിയത്. പക്ഷെ തട്ടുകടക്കാരന്റ പ്രാദേശിക സിപിഎം ബന്ധം തിരിച്ചറിഞ്ഞതോടെ ആ വഴിക്കുള്ള അന്വേഷണം നിർത്താൻ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നിർദേശിച്ചു എന്നാണ് വിവരം. തട്ടുകടക്കാരൻ്റെ ഫോൺ രേഖ തന്നെ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനക്ക് വിടാതെ ഒളിപ്പിച്ചു.
പ്രതി എന്ന് സംശയിക്കുന്ന ആളുകളുടെ അടുത്ത് വരെ എത്തിയിട്ടും പൊലീസ് വിട്ടു കളഞ്ഞു. കൈയകലത്ത് നിർണായക തെളിവുകളുണ്ടായിട്ടും മൊഴിയെടുക്കാനും തെളിവുകൾ ശേഖരിക്കാനും പൊലീസിന് തടസ്സമെന്താണ്? ഭരിക്കുന്ന പാര്ട്ടിയുടെ സംസ്ഥാന കാര്യാലയത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞയാൾ ഇരുട്ടത്ത് തുടരുന്നത് ആരുടെ താൽപര്യപ്രകാരമാണ്? എകെജി സെൻ്റർ ആക്രമണ കേസിൽ പാർട്ടിയേയും സർക്കാരിനേയും പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങൾ ഏറെയാണ്.