സ്ത്രീകൾക്ക് സൗജന്യ യാത്ര; 100 ദിവസം പിന്നിട്ട് ‘പ്രിയദർശിനി’

266.53 കോടിയുടെ യാത്രാസൗജന്യം; 12.54 കോടി സൗജന്യ യാത്രകൾ, പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകൾക്ക് പ്രയോജനം

Sep 22, 2026 - 07:51
0
സ്ത്രീകൾക്ക് സൗജന്യ യാത്ര; 100 ദിവസം പിന്നിട്ട് ‘പ്രിയദർശിനി’

തിരുവനന്തപുരം: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച ‘പ്രിയദർശിനി’ പദ്ധതി 100 ദിവസം പിന്നിടുമ്പോൾ UDF സർക്കാരിന്റെ ശ്രദ്ധേയമായ ജനക്ഷേമ തീരുമാനമായി മാറുകയാണ്. സെപ്റ്റംബർ 22ന് 100 ദിവസം പൂർത്തിയാകുന്ന പദ്ധതിയിലൂടെ ഇതുവരെ 12.54 കോടി സൗജന്യ യാത്രകൾ നടന്നു. സ്ത്രീകൾക്ക് ലഭിച്ച യാത്രാസൗജന്യത്തിന്റെ മൂല്യം 266.53 കോടി രൂപയാണ്.

ദിവസേന ജോലിക്കും പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സ്ത്രീകൾക്ക് യാത്രാച്ചെലവ് ഒഴിവാക്കിയത് കുടുംബബജറ്റിൽ നേരിട്ടുള്ള ആശ്വാസമാണ്. യാത്രയ്ക്കായി ചെലവഴിക്കേണ്ടിയിരുന്ന തുക മറ്റ് കുടുംബ ആവശ്യങ്ങൾക്ക് മാറ്റിവയ്ക്കാനും ഇതിലൂടെ സാധിക്കുന്നു.

പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സ്ത്രീകളുടെ എണ്ണം ആദ്യ ആഴ്ചകളെ അപേക്ഷിച്ച് ഉയർന്നതും ശ്രദ്ധേയമാണ്. ആദ്യ ആഴ്ചയിൽ പ്രതിദിന ശരാശരി 11.08 ലക്ഷം സ്ത്രീകൾ സൗജന്യമായി യാത്ര ചെയ്തപ്പോൾ 13-ാം ആഴ്ചയിൽ ഇത് 13.93 ലക്ഷമായി ഉയർന്നു.

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടായിട്ടില്ലെന്നതും പദ്ധതിയുടെ പ്രധാന പ്രത്യേകതയാണ്. ആദ്യ ആഴ്ചയിലെ പ്രതിദിന ശരാശരി 6.09 ലക്ഷം പുരുഷ യാത്രക്കാരിൽ നിന്ന് 13-ാം ആഴ്ചയിൽ എണ്ണം 6.19 ലക്ഷമായി ഉയർന്നു. ഇതോടൊപ്പം ഓർഡിനറി സർവീസുകളിലെ ആകെ യാത്രക്കാരുടെ എണ്ണം 24.66 ലക്ഷത്തിൽ നിന്ന് 27.63 ലക്ഷമായി വർധിച്ചു.

സ്ത്രീകളുടെ യാത്രാച്ചെലവ് കുറയ്ക്കുന്നതിനൊപ്പം തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യപരിചരണം തുടങ്ങിയ ആവശ്യങ്ങൾക്കായി കൂടുതൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുന്നതാണ് പദ്ധതിയുടെ പ്രധാന സാമൂഹിക നേട്ടം. പൊതുഗതാഗതത്തെ കൂടുതൽ ആശ്രയിക്കുന്നതിനും ഇത് പ്രോത്സാഹനമാകുമെന്നാണ് സർക്കാരിന്റെ നിലപാട്.

12.54 കോടി സൗജന്യ യാത്രകളും 266.53 കോടി രൂപയുടെ യാത്രാസൗജന്യവും 100 ദിവസം കൊണ്ട് രേഖപ്പെടുത്തിയ സാഹചര്യത്തിൽ, സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന തീരുമാനമായാണ് UDF സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിയെ വിലയിരുത്തുന്നത്.

പദ്ധതിയുടെ 100-ാം ദിനാഘോഷം സെപ്റ്റംബർ 22ന് രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി. ടെർമിനലിൽ നടക്കും. ചടങ്ങ് മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User