മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യം തേടി കോടതിയിൽ

തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി; സെപ്റ്റംബർ 23ന് പരിഗണിക്കും — അബ്കാരി കേസിൽ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ തുടരുന്നു.

Sep 19, 2026 - 17:13
0
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യം തേടി കോടതിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജി സെപ്റ്റംബർ 23ന് പരിഗണിക്കും. സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. 

അതേസമയം, അനുവദനീയമായതിലും അധികം മദ്യം കൈവശം വെച്ചെന്ന അബ്കാരി കേസിൽ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ തുടരുകയാണ് 

നാളെ ഉച്ചയ്ക്ക് 12 മണിവരെയാണ് കസ്റ്റഡി. ഈ സമയത്ത് മദ്യശേഖരത്തിന്റെ ഉറവിടം, അത് എങ്ങനെ എത്തിച്ചു, മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചോദ്യം ചെയ്യൽ നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിൽ 67 ലിറ്ററോളം മദ്യം കണ്ടെത്തിയെന്നാണ് എക്സൈസിന്റെ റിപ്പോർട്ട്. ഇതിൽ 43 ലിറ്ററിലധികം വിദേശനിർമിത മദ്യവും വൈനും ഉൾപ്പെടുന്നു. പിടിച്ചെടുത്തതിൽ 12.75 ലിറ്റർ ദ്രാവകം വ്യാജമദ്യമാണെന്ന് സംശയിക്കുന്നതായും എക്സൈസ് കോടതിയെ അറിയിച്ചിട്ടുണ്ട്. 

മദ്യം പിടിച്ചെടുത്ത വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ പ്രതിഭാഗത്തിന്റെ വാദം. എന്നാൽ 2025ൽ ആന്റോ അഗസ്റ്റിന്റെ പേരിൽ നികുതി അടച്ചതിന്റെ രേഖകൾ ഉൾപ്പെടെയുള്ള രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. മദ്യത്തിന്റെ ഉറവിടം, ഇത്രയധികം മദ്യം എന്തിനാണ് സൂക്ഷിച്ചതെന്നത്, മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്നത് എന്നിവ അന്വേഷിക്കേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. 

അബ്കാരി കേസിൽ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിലും ആന്റോയ്ക്ക് ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതിയിലെ ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User