യു പിയിൽ യോഗിയുടെ 'പ്ലാൻ ബി' ; ഒടുവിൽ വലയിൽ വീണത് മോദി

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക-സംഭാവന ക്രമക്കേട് ആരോപണങ്ങൾ യു.പി രാഷ്ട്രീയത്തിൽ ചൂടേറുന്നു. ബിജെപി പ്രതിരോധത്തിലാകുമ്പോൾ, പ്രതിപക്ഷം വിഷയം തിരഞ്ഞെടുപ്പ് ആയുധമാക്കി മുന്നേറുന്നു.

യു പിയിൽ യോഗിയുടെ 'പ്ലാൻ ബി' ; ഒടുവിൽ വലയിൽ വീണത് മോദി

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വൻ തിരിച്ചടി കിട്ടുമെന്നുള്ളത് ഉറപ്പാണ്.  അയോധ്യയിലേ കാണിക്കയും സംഭാവനകളും വകമാറ്റിയെന്ന  ഗുരുതരമായ അഴിമതി ആരോപണം ഭകതർക്കിടയിൽ  വൻ തോതിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ അയോധ്യയിലേക്കുള്ള ഭക്തജനപ്രവാഹത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. രാമക്ഷേത്രത്തെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും മുൻനിർത്തി ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങൾക്ക് തടയിടാൻ ഈ അഴിമതി ആരോപണം പ്രതിപക്ഷം ശക്തമായ രാഷ്ട്രീയ ആയുധമാക്കുകയാണ്. അയോധ്യ, മഥുര, കാശി, കുംഭമേള തുടങ്ങിയ വൈകാരിക വിഷയങ്ങൾ ഉയർത്തി വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെങ്കിൽ, രാമക്ഷേത്ര നിർമാണത്തിനായി രാജ്യവ്യാപകമായി പിരിച്ചെടുത്ത 3,500 കോടിയോളം രൂപയുടെ സംഭാവനയിൽ നടന്ന അഴിമതി ചൂണ്ടിക്കാട്ടി ജനവിശ്വാസം തകർക്കാനാണ് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം. ഈ പ്രതിസന്ധിയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനും പ്രതിരോധിക്കാനും ബി.ജെ.പി താഴെത്തട്ടിൽ വൻ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. രാമക്ഷേത്ര കാണിക്ക വിവാദത്തിൽ സർക്കാർ നടത്തുന്ന അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ച് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ബി.ജെ.പി. ജനറൽ സെക്രട്ടറി ധരംപാൽ സിങ് നേരിട്ടാണ് ബൂത്തുതല പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. ബുധനാഴ്ചയ്ക്കകം സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ബൂത്തുതല സമ്മേളനങ്ങൾ പൂർത്തിയാക്കി അണികളെ സജ്ജമാക്കാനും വോട്ടർമാരുടെ ആശങ്കകൾ പരിഹരിക്കാനും അവർ ശ്രമിക്കുന്നുണ്ട്. എന്നാൽ സമാജ്‌വാദി പാർട്ടി, കോൺഗ്രസ്, ബി.എസ്.പി എന്നീ പ്രതിപക്ഷ കക്ഷികൾ ഈ വിഷയത്തിൽ നിരന്തരമായ ആക്രമണമാണ് സർക്കാരിനെതിരെ അഴിച്ചുവിടുന്നത്.  അയോധ്യയിൽ ഉണ്ടായ തിരിച്ചടിയെ രാഷ്ട്രീയമായി പരമാവധി പ്രയോജനപ്പെടുത്താനാണ് സമാജ്‌വാദി പാർട്ടി ദേശിയ അധ്യക്ഷൻ അഖിലേഷ് യാദവ് നീക്കം നടത്തുന്നത്.  ഇതിന്റെ ഭാഗമായി ഒ.ബി.സി, ദളിത്, ന്യൂനപക്ഷം എന്നിവരെ ഒരുമിപ്പിച്ചു കൊണ്ടുള്ള ശക്തമായ 'പി.ഡി.എ' (PDA) മുന്നണി പ്രഖ്യാപനത്തിലൂടെ പുതിയൊരു സാമൂഹിക സമവാക്യത്തിന് അഖിലേഷ് യാദവ് രൂപം നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുന്നോക്ക വിഭാഗങ്ങൾക്ക് സ്വാധീനമുള്ള 14 ജനറൽ സീറ്റുകൾ ഉൾപ്പെടെ ആകെ 100 സീറ്റുകളിൽ ഈ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള സ്ഥാനാർഥികളെ നിർത്തി ബി.ജെ.പിയുടെ പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താനാണ് എസ്.പി ലക്ഷ്യമിടുന്നത്. 

സാധാരണക്കാരായ ഭക്തരിൽ നിന്ന് ശേഖരിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ ഉണ്ടായ ക്രമക്കേട് ജനങ്ങൾക്കിടയിൽ ബി.ജെ.പിയുടെ ധാർമ്മികത ചോദ്യം ചെയ്യുന്ന തരത്തിലേക്ക് വളർന്നിട്ടുണ്ട്. അയോധ്യയിലെ ഈ പരാജയത്തിൽ നിന്നും അഴിമതി ആരോപണങ്ങളിൽ നിന്നും പൊതുജന ശ്രദ്ധ തിരിച്ചുവിടാൻ മഥുര ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തെ മുസ്ലിം പള്ളിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ വീണ്ടും സജീവമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കുന്നുണ്ടെങ്കിലും, അയോധ്യയിലെ പ്രതിസന്ധി പരിഹരിക്കുക എന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പ്രശ്നമാണ്. അതേസമയം, രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയെക്കുറിച്ചുള്ള നിയമപോരാട്ടങ്ങൾ രാജ്യത്തെ പരമോന്നത നീതിപീഠത്തിലേക്ക് എത്തിക്കഴിഞ്ഞു. ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ നിർണായക ഹർജികളിൽ വാദം കേൾക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) പുറമെ, സ്വതന്ത്രവും സുതാര്യവുമായ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആർ.ജെ.ഡി എം.പി സുധാകർ സിങ്, നരേന്ദ്ര കുമാർ ഗോസ്വാമി, അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവർ സമർപ്പിച്ച ഹർജികളിലെ പ്രധാന ആവശ്യം. സുപ്രീം കോടതിയുടെ ഇടപെടലും വരാനിരിക്കുന്ന അന്വേഷണ റിപ്പോർട്ടുകളും യു.പി തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ഗതിവിഗതികളെയും യോഗി-മോദി സർക്കാരുകളുടെ ഭാവി തീരുമാനിക്കുന്നതിൽ നിര്ണായകമായിരിക്കും.