മോദിയുടെ 'ചാണക്യ തന്ത്രം' പാളി! ; NDA യിൽ വമ്പൻ പൊട്ടിത്തെറി!
ബീഹാർ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ എൻഡിഎയിലെ ഭിന്നതകളും ബിജെപിയുടെ സഖ്യരാഷ്ട്രീയ തന്ത്രങ്ങളും വീണ്ടും ചർച്ചയാകുന്നു.
ആദ്യം വലിയ ഓഫറുകൾ മുന്നിൽ വെച്ച് അമിത് ഷായുടെ ചാണക്യ തന്ത്രത്തിലൂടെ മോദി പ്രതിപക്ഷത്തുനിൽക്കുന്ന നേതാക്കളെ ചാക്കിലാക്കും. അങ്ങനെ ചാക്കിലാക്കിയ കൊമ്പനായ ഒരു നേതാവാണ് നിതീഷ് കുമാർ. മോദിക്കെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുന്നിൽ നിന്ന നിതീഷ് കുമാറിനെ, പിന്നീട് ഒരു സുപ്രഭാതത്തിൽ ബിജെപിയോടൊപ്പം നിൽക്കുന്നതാണ് നമ്മൾ കണ്ടത്. അഥവാ ജെഡിയു എന്ന തന്റെ പാർട്ടിയെ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ ഭാഗമാക്കി മാറ്റിക്കൊണ്ടാണ് നിതീഷ് കുമാർ കോൺഗ്രസിനെയും ഇന്ത്യ മുന്നണിയെയും പാഠം പഠിപ്പിക്കാൻ ഇറങ്ങിയത്. പക്ഷേ ആദ്യം നിതീഷിനെ ചാക്കിട്ടു പിടിച്ച ബിജെപി, പിന്നീട് ഇതേ നിതീഷ് കുമാറിനെ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി കസേരയിൽ നിന്നുപോലും പുറത്താക്കുന്ന കാഴ്ചയാണ് കണ്ടത്. 'കുർസി മുഖ്യൻ' എന്ന് പേരുവീണ, ആജീവനാന്ത മുഖ്യമന്ത്രി എന്ന് സ്വയം വിശേഷിപ്പിക്കുന്ന നിതീഷ് കുമാറിനെ ആ കസേരയിൽ നിന്നും ഇളക്കി മാറ്റി പുറത്തുനിർത്തിയത് ബിജെപിയുടെ തന്ത്രങ്ങളിലൂടെ ആയിരുന്നു. അല്ലാതെ എനിക്ക് പ്രായമായി, ഇനി നാട് ഭരിക്കാൻ വയ്യ എന്ന് പറഞ്ഞുകൊണ്ട് സ്വയം മാറി നിന്നതല്ല ഈ കുർസി മുഖ്യമന്ത്രി. അത് തെളിയിക്കുന്നതാണ് ഇപ്പോൾ ബീഹാർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി തോറ്റതിന് പിന്നാലെയുള്ള എൻഡിഎയിലെ മുറുമുറുപ്പും അടിയും.
അധികാരം വീതിച്ചെടുക്കാൻ മുന്നണി മാറ്റങ്ങൾ തരാതരം പോലെ നടത്തിയ നിതീഷ് കുമാറിനെയും ജെഡിയുവിനെയും ഒടുവിൽ ബിജെപി തങ്ങളുടെ തണലിൽ ഒതുക്കി നിർത്തിയപ്പോൾ ബിജെപി വിചാരിച്ചത് ബീഹാർ പൂർണ്ണമായും തങ്ങളുടെ കൈക്കുള്ളിലായി എന്നാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ ബിജെപിക്കും എൻഡിഎ മുന്നണിക്കും കിട്ടിയത് വമ്പൻ തിരിച്ചടിയാണ്. വർഷങ്ങളായി ബിജെപിയുടെ ഉറച്ച കോട്ടയായിരുന്ന ബീഹാറിലെ ബാങ്കിപ്പൂർ മണ്ഡലത്തിൽ നേരിട്ട കനത്ത തോൽവി എൻഡിഎ സഖ്യത്തിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്കാണ് വഴിതുറന്നിരിക്കുന്നത്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ബാങ്കിപ്പൂരിൽ നേടിയ അപ്രതീക്ഷിത വിജയം ബിജെപിയെ മാത്രമല്ല, സഖ്യകക്ഷികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനുപുറമേ മധ്യപ്രദേശിലെ ദാതിയയിൽ കോൺഗ്രസിനോട് പരാജയപ്പെടുക കൂടി ചെയ്തതോടെ ബിജെപിയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ സഖ്യകക്ഷികൾ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.
കുർസി മാറ്റത്തിന് ശേഷം ബിജെപി ബീഹാറിൽ ഒറ്റയ്ക്ക് ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചതാണ് ഈ തിരിച്ചടിക്ക് കാരണമായതെന്നാണ് സഖ്യകക്ഷികളുടെ പ്രധാന വിമർശനം. സ്ഥാനാർത്ഥി നിർണ്ണയത്തിലും തന്ത്രങ്ങൾ മെനയുന്നതിലും സഖ്യകക്ഷികളോട് ആലോചിക്കാതെ ബിജെപി കേന്ദ്ര നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു. പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളും പ്രാദേശിക നേതാക്കളുടെ അതൃപ്തിയും വോട്ടെടുപ്പിൽ പ്രതിഫലിച്ചപ്പോൾ, കാലങ്ങളായി ഒപ്പം നിന്ന വോട്ട് ബാങ്ക് പോലും ചോർന്നുപോയി. ബിജെപി തങ്ങൾക്കിടയിൽ കാണിക്കുന്ന 'വലിയേട്ടൻ മനോഭാവം' സഖ്യത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നാണ് ജെഡിയു അടക്കമുള്ള പ്രാദേശിക പാർട്ടികൾ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത്.
ഗുജറാത്തിലെ മഞ്ചൽപൂർ നിലനിർത്താനായി എന്നത് മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാൻ വകനൽകുന്ന ഏക കാര്യം. എന്നാൽ ഹിന്ദി ഹൃദയഭൂമിയിലെ ഈ തുടർച്ചയായ ഉപതെരഞ്ഞെടുപ്പ് തിരിച്ചടികൾ എൻഡിഎയിലെ വിള്ളലുകൾ തെരുവിലേക്ക് എത്തിച്ചിരിക്കുകയാണ്. മുന്നണി സംവിധാനത്തിൽ ഘടകകക്ഷികളെ അനാവശ്യമായി ഒതുക്കാനും മുഖ്യമന്ത്രിസ്ഥാനങ്ങളിൽ നിന്ന് പരിചയസമ്പന്നരായ നേതാക്കളെ തന്ത്രപൂർവ്വം മാറ്റാനും കാണിച്ച അമിത ആത്മവിശ്വാസത്തിന് കിട്ടിയ തിരിച്ചടിയാണിത്. സഖ്യകക്ഷികളെ കൃത്യമായി ഏകോപിപ്പിക്കാനും നിരന്തരം യോഗങ്ങൾ വിളിച്ച് തീരുമാനങ്ങൾ എടുക്കാനും ബിജെപി തയ്യാറായില്ലെങ്കിൽ വരാനിരിക്കുന്ന വലിയ തെരഞ്ഞെടുപ്പുകളിൽ ഇതിലും വലിയ പരാജയം എൻഡിഎ നേരിടേണ്ടി വരുമെന്നാണ് അണിയറയിലെ സംസാരം. കുർസി മോഹികളെ ചാക്കിലാക്കി ഭരണം പിടിച്ച അമിത് ഷായുടെ തന്ത്രങ്ങൾക്ക് ബീഹാറിലെ മണ്ണിൽ ഇപ്പോൾ വീണുതുടങ്ങിയ ഈ വിള്ളലുകൾ വരും ദിവസങ്ങളിൽ എൻഡിഎ രാഷ്ട്രീയത്തെ എങ്ങോട്ട് നയിക്കുമെന്ന് കണ്ടുതന്നെ അറിയണം...
സുലൈല എം