സിപിഎം ലഘുലേഖയിൽ പിണറായിക്കും വീണയ്ക്കും പ്രതിരോധം; റിയാസിന്റെ പേര് ഒഴിവാക്കി
ED report and Crime Branch probe intensify political debate in Kerala as CPM issues leaflet defending Pinarayi Vijayan and Veena Vijayan, while Muhammad Riyas is not mentioned.
തിരുവനന്തപുരം: ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ, ആരോപണങ്ങൾക്ക് രാഷ്ട്രീയ വിശദീകരണവുമായി സിപിഎം ലഘുലേഖ പുറത്തിറക്കി. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ലഘുലേഖയിലെ പ്രധാന ഭാഗങ്ങൾ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ ലേഖനമായി പ്രസിദ്ധീകരിച്ചു.
പിണറായി വിജയനും മകൾ വീണ വിജയനും എതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്ന ലേഖനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസിന്റെ പേര് പരാമർശിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. കോഴിക്കോട് വീടുകളിലെ ഇ.ഡി റെയ്ഡും ഹവാല ഇടപാടുമായി ബന്ധപ്പെട്ട ഹസൻ വാരിഷിന്റെ മൊഴിയും ലഘുലേഖയിൽ പരാമർശിക്കുന്നുണ്ടെങ്കിലും ഈ ഭാഗങ്ങളിലും റിയാസിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല.
‘പിണറായിക്കെതിരായ രാഷ്ട്രീയ പകപോക്കലിൽ പ്രതിഷേധിക്കണം’ എന്നാണ് സിപിഎം ആഹ്വാനം ചെയ്യുന്നത്. പിണറായി വിജയനെതിരെ മുൻപും രാഷ്ട്രീയ എതിരാളികൾ സമാന ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അവ പരാജയപ്പെട്ടതുപോലെ നിലവിലെ ആരോപണങ്ങളും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ലേഖനം വാദിക്കുന്നു.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെങ്കിൽ സർക്കാരിന് നഷ്ടവും വ്യക്തിക്ക് നേട്ടവും ഉണ്ടാകുന്ന തരത്തിലുള്ള ആനുകൂല്യം നൽകിയിരിക്കണമെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. സിഎംആർഎലിന് പിണറായി വിജയൻ വഴിവിട്ട സഹായം നൽകിയിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ മകളാണെന്ന കാരണത്താലാണ് വീണ വിജയനെ ലക്ഷ്യമിടുന്നതെന്നും ലേഖനത്തിൽ പറയുന്നു.
വീണ വിജയൻ നിയമപരമായ കരാറിന്റെ അടിസ്ഥാനത്തിലാണ് ബിസിനസ് നടത്തിയതെന്നും സിഎംആർഎൽ നൽകിയ പണത്തിന് സേവനം ലഭിച്ചിട്ടില്ലെന്ന് കമ്പനി എവിടെയും പറഞ്ഞിട്ടില്ലെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തനിക്കെതിരെ ഉയർന്ന ഹവാല ഉൾപ്പെടെയുള്ള ആരോപണങ്ങളെക്കുറിച്ച് മുഹമ്മദ് റിയാസ് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകിയതായി റിപ്പോർട്ടുകളുണ്ട്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചില അവ്യക്തമായ എഴുത്തുകുത്തുകളും ഭീഷണിപ്പെടുത്തി വാങ്ങിയ മൊഴികളുമാണ് ഇ.ഡി നടപടിക്ക് ആധാരമായതെന്നുമാണ് റിയാസ് പാർട്ടിയെ അറിയിച്ചതെന്നാണ് വിവരം.
റിയാസ് ആരോപണങ്ങളുടെ വസ്തുത പാർട്ടിക്ക് മുന്നിൽ വ്യക്തമാക്കിയെന്നും ഇക്കാര്യം പാർട്ടിക്ക് ബോധ്യപ്പെട്ടെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വ്യക്തമാക്കിയത്.
ഇതിനിടെയാണ് ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ ലഘുലേഖാ പ്രചാരണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)