ശബരിമല സ്വർണക്കൊള്ള: സ്വർണം പൂശാൻ തീരുമാനിച്ച ദിവസം പോറ്റിയുമായി ഫോൺ ബന്ധം; പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു

CDR ഉൾപ്പെടെ നിർണായക തെളിവുകൾ കോടതിയിൽ; വാട്‌സാപ്പ് ബന്ധത്തിന്റെയും നേരിട്ടുള്ള കൂടിക്കാഴ്ചയുടെയും വിവരങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി

Aug 19, 2026 - 10:12
0
ശബരിമല സ്വർണക്കൊള്ള: സ്വർണം പൂശാൻ തീരുമാനിച്ച ദിവസം പോറ്റിയുമായി ഫോൺ ബന്ധം; പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും അജികുമാറിനുമെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ച് പ്രോസിക്യൂഷൻ. സ്മാർട്ട് ക്രിയേഷൻസിന് സ്വർണം പൂശുന്നതിനുള്ള അനുമതി നൽകാൻ തീരുമാനമെടുത്ത ദിവസം പ്രശാന്ത് ഉൾപ്പെടെയുള്ളവർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഫോണിൽ സംസാരിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (CDR) കോടതിയിൽ സമർപ്പിച്ചു. ബോർഡ് യോഗം ചേരുന്നതിന് മുമ്പ് ഉണ്ണികൃഷ്ണൻ പോറ്റിയുൾപ്പെടെയുള്ളവരുമായി വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി.

അജികുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും നേരിട്ട് കൂടിക്കാഴ്ച നടത്തിയതിന്റെയും തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അജികുമാറിന്റെ ശുപാർശയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ രണ്ട് പേർക്ക് വീടുകൾ നിർമിച്ചുനൽകിയെന്നും വീടുകളുടെ താക്കോൽദാന ചടങ്ങിൽ അജികുമാറും പോറ്റിയും പങ്കെടുത്തിരുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണപ്പാളികൾ കൊണ്ടുപോകുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷ മറ്റൊരാളുടെ ഇമെയിൽ അക്കൗണ്ടിൽ നിന്നാണ് സമർപ്പിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പ്രോസിക്യൂഷൻ അറിയിച്ചു. ബോർഡ് തീരുമാനമെടുത്തതിന് തൊട്ടടുത്ത ദിവസമാണ് അപേക്ഷ സമർപ്പിച്ചതെന്നും കോടതിയിൽ വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ്. പ്രശാന്തിനെയും അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം ജൂലൈ 23നാണ് അറസ്റ്റ് ചെയ്തത്. ആദ്യം പ്രശാന്തിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അജികുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2025ൽ ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണപ്പാളികൾ സ്വർണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

2025ൽ ദ്വാരപാലക വിഗ്രഹങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019ൽ നടന്ന സ്വർണ അപഹരണം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിനാവശ്യമായ ഭരണാനുമതികൾ നൽകുന്നതിലും ഫയൽ നടപടികളിലും അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിന് പങ്കുണ്ടായിരുന്നുവെന്നും എസ്‌ഐടി നേരത്തെ വ്യക്തമാക്കിയിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിന് പുറമെ ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലും പി.എസ്. പ്രശാന്തും അജികുമാറും പ്രതികളാണ്. മിൽമയിൽ നിന്ന് നെയ്യ് വാങ്ങുന്നതിനുള്ള ടെൻഡർ നടപടികളിൽ ഉൾപ്പെടെ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു.

മിൽമയ്ക്ക് കരാർ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടൽ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്തിനെയും അജികുമാറിനെയും കേസിൽ പ്രതിചേർത്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User