നടപ്പാതയിൽ ഇരുചക്രവാഹനം ഓടിച്ചാൽ ഇനി ₹5,000 പിഴ; കർശന നടപടിയുമായി കർണാടക സർക്കാർ
നടപ്പാതകളിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ച് കാൽനടയാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നവർക്കെതിരെ 5,000 രൂപ പിഴ ഉൾപ്പെടെയുള്ള കർശന നടപടികളുമായി കർണാടക സർക്കാർ.
ബാംഗ്ലൂർ: നഗരത്തിലെ നടപ്പാതകളിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ച് കാൽ നടക്കാരുടെ സുരക്ഷാ അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടികൾക്കൊരുങ്ങുകയാണ് കർണാടക സർക്കാർ. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് അറുതി വരുത്താൻ പിഴ തുക 500 ൽ നിന്നും 5000 ആയി ഉയർത്താൻ കർണാടക സർക്കാർ തീരുമാനമായി. ബെംഗളൂരു നഗരവികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡയാണ് പിഴത്തുക വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഗതാഗതമന്ത്രി ബൈരതി സുരേഷിന് കത്ത് നൽകിയത്. നഗരത്തിലെ നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടിയുടെ ഭാഗമായാണ് നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾക്ക് ഒരുങ്ങുന്നത്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പിഴത്തുക വർധിപ്പിച്ചതെന്നാണ് അതികൃതർ വ്യക്തമാക്കുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലും ഇരുചക്രവാഹനങ്ങൾ നടപ്പാതകൾ കുറുക്കുവഴികളായി ഉപയോഗിക്കുന്നത് വർധിച്ചു വരികയാണെന്നും ഇത് കാൽനടയാത്രക്കാരുടെ ജീവന് ഗുരുതര ഭീഷണിയാകുന്നുവെന്നും ഗതാഗതമന്ത്രിക്കയച്ച കത്തിൽ ബെംഗളൂരു നഗരവികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ നഗരത്തിൽ ഏകദേശം 300 ലതികം പേരാണ് ഇത്തരത്തിലുള നിയലംഘനം മൂലം മരണപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത് ഗുരുതരമായ പ്രശ്നമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തിലെ നടപ്പാതകളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെങ്കിലും, നടപ്പാതകളിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇത് കാൽനടയാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ആശങ്കാജനകമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ, ഇനി മുതൽ നടപ്പാതയിലൂടെ ഇരുചക്രവാഹനം ഓടിക്കുന്നത് അപകടകരമായ ഡ്രൈവിങ് (Dangerous Driving) ആയി കണക്കാക്കി കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.