എന്റെ പിള്ളേരെ തൊടുന്നോടാ..; സ്കൂളിലേക്ക് ഇരച്ച് കയറി ചെന്നിത്തല ; അന്തംവിട്ട് ജനം
അധ്യാപികമാരെ കേന്ദ്രീകരിച്ച എംഡിഎംഎ ലഹരിശൃംഖല പൊളിച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്; കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു.
അക്ഷരവെളിച്ചം പകർന്നു നൽകി നാളെയുടെ തലമുറയെ നേർവഴിക്ക് നടത്തേണ്ട കൈകൾ തന്നെ കറുത്ത ലഹരി മാഫിയയുടെ മുഖ്യ കണ്ണികളായി മാറിയപ്പോൾ നടുങ്ങിയത് കേരളത്തിൻ്റെ മനസ്സാക്ഷിയാണ്! സ്കൂളുകളിലും ബി.ആർ.സികളിലും അധ്യാപനം നടത്തുകയും, ലഹരിവിരുദ്ധ ബോധവൽക്കരണ വേദികളിൽ വരെ കയറിനിന്ന് പ്രസംഗിക്കുകയും ചെയ്ത അധ്യാപികമാർ ഇന്ന് രാസലഹരിയുടെ ഇടനിലക്കാരായി മാറപ്പെട്ടിരിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.കുട്ടികളെയും യുവതികളെയും ടാർഗറ്റ് ചെയ്ത്, ഇൻസ്റ്റാഗ്രാമിലൂടെ വ്യാജ സൗഹൃദങ്ങൾ സ്ഥാപിച്ച് അവരെ ഈ വിഷവലയത്തിലേക്ക് വലിച്ചിഴക്കാൻ ഇവർ കാണിച്ച ക്രൂരതയ്ക്ക് ഒരു മാപ്പുമില്ല! സ്വന്തം ആഡംബര ജീവിതത്തിനും സ്വയം ലഹരി ഉപയോഗിക്കാനും വേണ്ടി, സൂംബ ഡാൻസ് ക്ലാസുകളുടെയും ബൺ വിൽപ്പനയുടെയും മറവിൽ ഡിജിറ്റൽ ലൊക്കേഷനുകൾ കൈമാറി ലഹരി വിതരണം നടത്തിയ ഇവർ അധ്യാപകർ സമൂഹത്തിനാകെ അപമാനമാണ്. ഒരു തലമുറയെ വിഷം കൊടുത്തു കൊല്ലാൻ മടിക്കാത്ത ഇത്തരക്കാരെ വെറുതെ വിടരുത്.സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളെയും യുവതികളെയുമാണ് ഈ അധ്യാപികമാര്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. വിദ്യാര്‍ത്ഥിനികളുമായി ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുകയും നിരന്തരമായ ചാറ്റിംഗിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ഇവരെ ലഹരി ശൃംഖലയിലെ കണ്ണികളാക്കി മാറ്റുകയുമായിരുന്നു ഇവരുടെ പ്രവര്‍ത്തനരീതിയെന്ന സംശയം അടക്കം ശക്തമായിട്ടുണ്ട്.

പക്ഷേ, ഈ കറുത്ത ശൃംഖലയെ ഒളിച്ചിരുന്ന ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വലിച്ചിഴച്ചത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ്. ലഹരി മാഫിയയുടെ വേററുക്കാൻ അദ്ദേഹം ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' എന്ന ശക്തമായ കർമ്മപദ്ധതി കേരളത്തിൽ വീശിയടിച്ചില്ലായിരുന്നുവെങ്കിൽ, ഇവർ ഇന്നും നിഷ്കളങ്കരായ വിദ്യാർത്ഥികളുടെ ഇടയിൽ ലഹരിമരുന്നായി സ്വൈരവിഹാരം നടത്തിയേനേ.നിയമവും പോലീസും വിരൽത്തുമ്പിൽ ശക്തമായി ചലിച്ചപ്പോഴാണ് റിസ്വാൻ എന്ന കണ്ണിയും, തുടർന്ന് അധ്യാപികമാരും വലയിലാകുന്നത്. പദവികളോ സ്വാധീനങ്ങളോ നോക്കാതെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ആഭ്യന്തരമന്ത്രി എടുത്ത ആ നിശ്ചയദാർഢ്യവും കടുത്ത നിലപാടുകളുമാണ് ഇന്ന് നമ്മുടെ കുട്ടികളെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.കോഴിക്കോട് പേരാമ്പ്ര ബി.ആര്‍.സിയിലെ ട്രെയിനറും ആവള കുട്ടോത്ത് സ്വദേശിനിയുമായ വലിയപറമ്പില്‍ നീഷ്മ (30), കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തന (28) എന്നിവരും ഇവരുടെ ലഹരിയിടപാടുകളിലെ കൂട്ടാളിയായ ഇരിട്ടി സ്വദേശി ജിജിന്‍ കുര്യാക്കോസും (23) ആണ് നിലവില്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. തങ്ങളുടെ കൂടെ ജോലി ചെയ്യുന്ന കൂടുതല്‍ അധ്യാപികമാരെ ഈ ലഹരിക്കണ്ണിയുടെ ഭാഗമാക്കാന്‍ ഇവര്‍ സജീവമായി ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ ഇവര്‍ കേവലം ലഹരിമരുന്ന് വില്‍ക്കുന്ന ഏജന്റുമാര്‍ മാത്രമായിരുന്നില്ല. എന്നാല്‍ സ്വയം ലഹരി ഉപയോഗിച്ചു തുടങ്ങുകയും അത് ഒഴിവാക്കാനാകാത്ത വിധം ആസക്തരാവുകയും ചെയ്തതോടെയാണ് ലഹരി വാങ്ങാന്‍ പണമില്ലാതെ ഇവര്‍ മാഫിയയുടെ സജീവ ഏജന്റുമാരായി മാറുന്നത്. സ്വന്തമായി ലഹരി വാങ്ങാനുള്ള പണം കണ്ടെത്താനും ആഡംബര ജീവിതം നയിക്കാനും വേണ്ടിയാണ് പിന്നീട് ഇവര്‍ മേഖലയിലെ വന്‍കിട ലഹരി വിതരണക്കാരായി മാറിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഓണ്‍ലൈന്‍ ഫുഡ് ആപ്പുകളുടെ മറവിലായിരുന്നു വടകരയിലും പരിസരപ്രദേശങ്ങളിലും ലഹരി എത്തിച്ചു നല്‍കിയിരുന്നത്. സമൂഹത്തില്‍ മാന്യമായ അധ്യാപന ജോലി ചെയ്യുന്ന യുവതികളായതിനാല്‍ തന്നെ സംശയത്തിന്റെ നിഴലില്‍ വീഴാതെ രക്ഷപ്പെടാന്‍ ഇവര്‍ക്ക് എളുപ്പം സാധിച്ചു. ഫുഡ് ഡെലിവറി നടത്തുന്നതിന്റെ മറവില്‍ ലഹരി വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയ ജിജിന്‍ പിടിയിലായതോടെയാണ് കേസില്‍ നിര്‍ണായക തിരിവുകളുണ്ടായതും അധ്യാപികമാരുടെ പങ്ക് പുറത്തുവന്നതും.ലഹരിക്കടത്തിന് മറയാക്കാന്‍ വിചിത്രവും വൈവിധ്യമാര്‍ന്നതുമായ വഴികളാണ് ഈ സംഘം കണ്ടെത്തിയിരുന്നത്. സൂംബ ഡാന്‍സ് ക്ലാസുകള്‍, ബണ്‍ വില്‍പ്പന തുടങ്ങി ആളുകള്‍ തടിച്ചുകൂടുന്ന ഇടങ്ങളും ബിസിനസുകളും ഇവര്‍ മയക്കുമരുന്ന് കൈമാറ്റത്തിനായി ഉപയോഗിച്ചു. ലഹരി ആവശ്യക്കാര്‍ ഇവര്‍ക്ക് പണം നല്‍കിക്കഴിഞ്ഞാല്‍ സൂംബ ക്ലാസുകളുടെയോ മറ്റ് കേന്ദ്രങ്ങളുടെയോ മറവില്‍ രഹസ്യമായി ലഹരിമരുന്ന് എത്തിക്കുകയായിരുന്നു രീതി.
ലഹരി ഇടപാടുകാരുമായി നേരിട്ട് ബന്ധപ്പെടാതെ പൂര്‍ണ്ണമായും ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകളാണ് ഇവര്‍ നടത്തിയിരുന്നത്. ആവശ്യക്കാര്‍ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കും. പണം ലഭിച്ചാല്‍ ലഹരി സംഘത്തിലെ മറ്റൊരാള്‍ ഏതെങ്കിലും രഹസ്യ കേന്ദ്രത്തില്‍ എം.ഡി.എം.എ ഒളിപ്പിച്ച ശേഷം അതിന്റെ കൃത്യമായ ലൊക്കേഷന്‍ ഈ അധ്യാപികമാര്‍ക്ക് നല്‍കും. അധ്യാപികമാര്‍ ഈ ലൊക്കേഷന്‍ വാങ്ങലുകാര്‍ക്ക് മെസ്സേജ് വഴി കൈമാറുന്നതായിരുന്നു ഇവരുടെ തന്ത്രം. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ഇവരുടെ അക്കൗണ്ടുകള്‍ വഴി മറിഞ്ഞത്.സംഭവത്തെ തുടര്‍ന്ന് മൂന്ന് അധ്യാപികമാരെയും സര്‍വീസില്‍ നിന്നും അടിയന്തരമായി നീക്കം ചെയ്തുകൊണ്ട് സമഗ്ര ശിക്ഷാ അഭിയാന്‍ ഉത്തരവിറക്കിയിട്ടുണ്ട്.ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന ലഹരി ശൃംഖലയിലെ വമ്പന്മാരെ പൂട്ടാന്‍ അന്വേഷണം വരും ദിവസങ്ങളില്‍ കര്‍ണാടകയിലേക്കും മറ്റ് അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.മംഗലാപുരത്തു നിന്നും ബംഗളൂരുവിൽ നിന്നും ഒഴുകിയെത്തിയ രാസലഹരിയുടെ ഉറവിടങ്ങളിലേക്ക് പോലീസിനെ നയിച്ചതും, വൻകിട കാർട്ടലുകളെ പൂട്ടാൻ അന്വേഷണം സംസ്ഥാന അതിർത്തികൾ കടത്തിയതും ഈ ഉറച്ച ഭരണമികവ് തന്നെയാണ്. ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ 'ഓപ്പറേഷൻ തൂഫാൻ' തീർത്ത പ്രതിരോധം നാളെയുടെ തലമുറയ്ക്ക് മുന്നിലെ വലിയൊരു കാവലാണ്.
അർഷ കെ.എസ്