കാസർഗോഡിന്റെ വികസനത്തിനായി നിയമസഭയിൽ മുഴങ്ങിയ കരുത്തുറ്റ ശബ്ദമായിരുന്നു കെ.പി. കുഞ്ഞിക്കണ്ണൻ: സന്ദീപ് വാര്യർ എം.എൽ.എ
മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ വാക്ശരങ്ങൾ കൊണ്ട് സഭാതലം കീഴടക്കിയ അതുല്യ പ്രതിഭ; രണ്ടാം ചരമവാർഷികത്തിൽ കെ.പി. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് കോൺഗ്രസ് നേതാക്കൾ
കാസർഗോഡ്: ജന്മംകൊണ്ട് കണ്ണൂരുകാരനായിരുന്നെങ്കിലും കർമംകൊണ്ട് കാസർഗോഡ് ജില്ലയുടെ ഹൃദയം കീഴടക്കിയ നേതാവായിരുന്നു കെ.പി. കുഞ്ഞിക്കണ്ണനെന്ന് തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ. കാസർഗോഡിന്റെ വികസനത്തിനായി നിയമസഭയിൽ ശക്തമായി ശബ്ദമുയർത്തിയ അദ്ദേഹം മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ വാക്ശരങ്ങൾ കൊണ്ട് സഭാതലം കീഴടക്കിയ അതുല്യ പ്രതിഭയായിരുന്നുവെന്നും സന്ദീപ് വാര്യർ അനുസ്മരിച്ചു.
മുൻ എം.എൽ.എയും കാസർഗോഡ് ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.പി. കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി. കുഞ്ഞിക്കണ്ണൻ ഡി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് കോൺഗ്രസിനുവേണ്ടി നേടിയെടുത്ത സ്ഥലത്ത് പ്രവർത്തിക്കുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയിൽ നിർമിക്കുന്ന സ്മാരക മന്ദിരം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ അഭിമാനസ്തംഭമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡി.സി.സി ഓഫീസിൽ കെ.പി. കുഞ്ഞിക്കണ്ണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അനുസ്മരണ യോഗം ആരംഭിച്ചത്. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ മീനാക്ഷി ബാലകൃഷ്ണൻ, ബി.പി. പ്രദീപ് കുമാർ, സോമശേഖര ഷേണി, ടോമി പ്ലാച്ചേരി, കെ.വി. സുധാകരൻ, മാമുനി വിജയൻ, കെ. ഖാലിദ്, ഡോ. കെ.വി. ശശിധരൻ, രാജൻ പെരിയ, ഗീത കൃഷ്ണൻ, കെ. ലക്ഷ്മണ പ്രഭു, എം. ബലരാമൻ നമ്പ്യാർ, പി. കുഞ്ഞിക്കണ്ണൻ, തോമസ് മാത്യു, അഡ്വ. ശ്രീജിത്ത് മാടക്കൽ, കെ.വി. വിജയൻ, ഉമേശൻ വേളൂർ, മധുസൂദനൻ ബാലൂർ, ലോക്നാഥ് ഷെട്ടി, ആർ. ഗംഗാധരൻ, അഡ്വ. യു.എസ്. ബാലൻ, മിനി ചന്ദ്രൻ, എ. വാസുദേവൻ, വി. ഗോപി, ദിവാകരൻ കരിച്ചേരി തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.
ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ഛനെയും അനുസ്മരണ യോഗങ്ങളും സംഘടിപ്പിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)