ശബരിമലയിൽ അരവണ ക്ഷാമം; ദേവസ്വം ബോർഡിന്റെ ‘മെല്ലെപ്പോക്ക്’ ശക്തമായി വിമർശിച്ച് ദേവസ്വം മന്ത്രി

നട തുറന്നിരിക്കെ അരവണ ഉത്പാദനം നിർത്തിയത് എന്തിന്? ദേവസ്വം മന്ത്രിയുടെ രൂക്ഷ വിമർശനം; സർക്കാർ ഇടപെടൽ ശക്തമാക്കുമോ?

Sep 21, 2026 - 13:31
0
ശബരിമലയിൽ അരവണ ക്ഷാമം; ദേവസ്വം ബോർഡിന്റെ ‘മെല്ലെപ്പോക്ക്’ ശക്തമായി വിമർശിച്ച് ദേവസ്വം മന്ത്രി

ശബരിമലയിൽ അരവണയും അപ്പവും ലഭിക്കുന്നതിൽ നേരിടുന്ന പ്രതിസന്ധി ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളെ വീണ്ടും ചർച്ചയിലാക്കിയിരിക്കുകയാണ്. കന്നിമാസ പൂജകൾക്കായി വൻതോതിൽ ഭക്തർ എത്തിയ സമയത്ത് അരവണയുടെ കരുതൽ ശേഖരം മതിയായ രീതിയിൽ ഒരുക്കാത്തതും പ്ലാന്റിലെ അറ്റകുറ്റപ്പണികൾക്കായി ഉത്പാദനം നിർത്തിയതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്.

നട തുറന്നിരിക്കുന്ന സമയത്ത് തന്നെ പ്രസാദ ഉത്പാദനം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ബദൽ സംവിധാനം ഒരുക്കേണ്ടതായിരുന്നില്ലേയെന്ന ചോദ്യമാണ് ഉയരുന്നത്. തീർഥാടകരുടെ എണ്ണം വർധിക്കുമെന്ന് മുൻകൂട്ടി കണക്കാക്കാൻ കഴിയുന്ന സാഹചര്യത്തിലും ആവശ്യമായ തയ്യാറെടുപ്പുകൾ ഉണ്ടായില്ലെന്ന വിമർശനവും ശക്തമാണ്.

ഇതോടെയാണ് ദേവസ്വം ബോർഡിന്റെ നടപടികളിൽ ‘മെല്ലെപ്പോക്ക്’ ഉണ്ടോ എന്ന ചോദ്യം ഉയരുന്നത്. സർക്കാരിന്റെ നേതൃത്വത്തിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെ, പ്രസാദ വിതരണത്തിൽ തന്നെ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടത് സർക്കാരിനും തലവേദനയായിട്ടുണ്ട്.

ഇത് വെറും ഭരണപരമായ വീഴ്ചയാണോ, അതോ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ ബോധപൂർവമായ അനാസ്ഥയാണോ എന്ന ചർച്ചയും ഇതിനിടെ ഉയരുന്നു. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ താൽപര്യമുണ്ടോ എന്ന സംശയങ്ങളും ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.

അതിനിടെയാണ് ദേവസ്വം മന്ത്രി കെ. മുരളീധരൻ വിഷയത്തിൽ കടുത്ത നിലപാട് വ്യക്തമാക്കിയത്. നട തുറന്നിരിക്കുന്ന സമയത്ത് ഭക്തർക്ക് ആവശ്യമായ പ്രസാദം ലഭ്യമാക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണികൾ നടത്തേണ്ടത് നട അടച്ചിരിക്കുന്ന സമയത്തായിരുന്നുവെന്നും, പ്രവർത്തനങ്ങൾക്കായി പ്ലാന്റ് നിർത്തേണ്ട സാഹചര്യമുണ്ടെങ്കിൽ പകരം സംവിധാനം ഒരുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ സർക്കാരിന്റെ ആശങ്ക ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മണ്ഡലകാലത്തെ ക്രമീകരണങ്ങൾക്കായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നതടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.

അതേസമയം, മണ്ഡലകാലത്തിന് മുന്നോടിയായി അരവണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതിന്റെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന്റെയും ഭാഗമായാണ് ഇപ്പോഴത്തെ നടപടികളെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. തീർഥാടനകാലത്ത് ഭക്തർക്ക് ആവശ്യമായ പ്രസാദം ഉറപ്പാക്കിയ ശേഷം മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്നുള്ളൂവെന്ന വിമർശനം ശക്തമായി തുടരുകയാണ്.

ശബരിമലയിൽ ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ശക്തായി ഇടപെടുമെന്നാണ് വിലയിരുത്തൽ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User