സിക്കിമിൽ തുരങ്കപാതയിൽ മണ്ണിടിച്ചിൽ; മീഥെയ്ൻ വാതക ചോർച്ച രക്ഷാപ്രവർത്തനം ദുഷ്കരമാക്കി
സിക്കിമിലെ നിർമാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് എട്ടുപേർ മരിച്ചു. കോട്ടയം സ്വദേശി അനീഷ് മോഹൻ ഉൾപ്പെടെ നിരവധി പേരെ കാണാതായിരിക്കെ മീഥെയ്ൻ വാതക ചോർച്ച രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു.
ഗാങ്ടോക്: സിക്കിമിലെ നിർമാണത്തിലിരിക്കുന്ന തുരങ്കപാതയിൽ മണ്ണിടിച്ചിൽ. അപകടത്തിൽ എട്ടു പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ എൻഎച്ച്പിസിയിലെ സീനിയർ മാനേജറും ജിയോളജിസ്റ്റുമായ കോട്ടയം സ്വദേശി അനീഷ് മോഹനും ഉൾപ്പെടുന്നു. ശാസ്ത്രലേഖകനും സയൻസ് വ്ലോഗറുമായ അനീഷിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. നാംചി ജില്ലയിലെ സമർദുങ് മേഖലയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ അപകടം ഉണ്ടായത്. യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം, മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതകം ചോർന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി. ഭൂഗർഭ ശിലാഘടനകളിലുണ്ടായ വ്യതിയാനത്തെ തുടർന്നാണ് വിഷവാതകം സ്വാഭാവികമായി പുറത്തുവന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനത്തിനായി തുരങ്കത്തിനകത്തേക്ക് കടനവവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.നിലവിൽ ഗ്യാസ് മാസ്കുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ചാണ് രക്ഷാസംഘങ്ങൾ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നത്.
മരണപ്പെട്ട എട്ടു പേരുടെ മൃതദേഹങ്ങൾ നാംചി, സിംഗ്തം, ഗാങ്ങ്ടോക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. എൻഡിആർഎഫ്, എസ്‍ഡിആർഎഫ്, സിക്കിം പോലീസ്, അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ വിവിധ ഏജൻസികൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ജില്ലാ കളക്ടർ അനുപ താംലിങ് അറിയിച്ചു. തുരങ്കത്തിനുള്ളിലെ കുറഞ്ഞ കാഴ്ചപരിധിയും ഇടുങ്ങിയ സാഹചര്യവും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീസ്ത സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി എൻഎച്ച്പിസിക്കായി പട്ടേൽ എഞ്ചിനീയറിങ് നിർമ്മിക്കുന്ന തുരങ്കത്തിലാണ് അപകടം സംഭവിച്ചത്.