വിദേശ വിനോദസഞ്ചാരികളെ കബളിപ്പിക്കുന്ന തട്ടിപ്പുസംഘങ്ങൾക്കെതിരെ കർശന നടപടി വേണം: KATO

വ്യാജ ടൂർ പാക്കേജ് തട്ടിപ്പുകൾക്കെതിരെ നടപടി ശക്തമാക്കണം; പ്രത്യേക പോലീസ് ഹെൽപ്പ് ഡെസ്കും ടൂറിസം വിജിലൻസും വേണമെന്ന് ആവശ്യം

Sep 21, 2026 - 10:53
0
വിദേശ വിനോദസഞ്ചാരികളെ കബളിപ്പിക്കുന്ന തട്ടിപ്പുസംഘങ്ങൾക്കെതിരെ കർശന നടപടി വേണം: KATO

കൊച്ചി: കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ ടൂർ പാക്കേജ് തട്ടിപ്പുകൾക്കെതിരെ അടിയന്തരവും കർശനവുമായ നടപടി സ്വീകരിക്കണമെന്ന് കേരള അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (KATO) ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പുകൾ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ അപമാനമുണ്ടാക്കുന്നതായി KATO സംസ്ഥാന പ്രസിഡന്റ് നഹാസ് പത്തനംതിട്ട പറഞ്ഞു.

കേരളത്തിന്റെ വിനോദസഞ്ചാര മേഖല ദശാബ്ദങ്ങളായി നേടിയെടുത്ത വിശ്വാസ്യതയെയും ആതിഥ്യമര്യാദയെയും ഇത്തരം വ്യാജ ഏജന്റുമാരും തട്ടിപ്പുസംഘങ്ങളും പ്രതികൂലമായി ബാധിക്കുന്നുവെന്ന് KATO ചൂണ്ടിക്കാട്ടി. വിദേശ വിനോദസഞ്ചാരികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയ ശേഷം വാഗ്ദാനം ചെയ്ത ഹോട്ടൽ താമസ സൗകര്യങ്ങളോ യാത്രാ സേവനങ്ങളോ നൽകാതെ മുങ്ങുന്ന സംഭവങ്ങൾ ഗൗരവമായി കാണണമെന്നും സംഘടന ആവശ്യപ്പെട്ടു.

തട്ടിപ്പിനിരയായി പരാതികളുമായി എത്തുന്ന വിദേശ വിനോദസഞ്ചാരികളോട് പോലീസ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും KATO ആവശ്യപ്പെട്ടു. പരാതികൾ ലഭിച്ച ഉടൻ കേസെടുത്ത് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താൻ കഴിയുന്ന തരത്തിൽ വിമാനത്താവളങ്ങളിലും പ്രധാന ടൂറിസം കേന്ദ്രങ്ങളിലും പ്രത്യേക പോലീസ് ഹെൽപ്പ് ഡെസ്കുകളും ടൂറിസം വിജിലൻസ് സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്നും സംഘടന നിർദേശിച്ചു.

അംഗീകൃത ടൂർ ഓപ്പറേറ്റർമാരിലൂടെ മാത്രം ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദേശ വിനോദസഞ്ചാരികൾക്ക് ബോധവൽക്കരണം നൽകണമെന്നും KATO ആവശ്യപ്പെട്ടു. കേരള ടൂറിസത്തിന്റെ വിശ്വാസ്യതയും അന്തസ്സും സംരക്ഷിക്കുന്നതിനായി സർക്കാരും പോലീസും ടൂറിസം വകുപ്പും സംയുക്തമായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നഹാസ് പത്തനംതിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User