വായ്പ മുടങ്ങിയാൽ വാഹനം ബലംപ്രയോഗിച്ച് പിടിച്ചെടുക്കരുത്; സുപ്രീംകോടതിയുടെ കർശന നിർദേശം

ഗുണ്ടകളെ ഉപയോഗിച്ചുള്ള വാഹന പിടിച്ചെടുക്കൽ അനുവദിക്കില്ല; ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും ആർബിഐക്കും സുപ്രീംകോടതിയുടെ നിർദേശങ്ങൾ

Sep 19, 2026 - 18:47
0
വായ്പ മുടങ്ങിയാൽ വാഹനം ബലംപ്രയോഗിച്ച് പിടിച്ചെടുക്കരുത്; സുപ്രീംകോടതിയുടെ കർശന നിർദേശം

ന്യൂഡൽഹി: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വാഹനങ്ങൾ ബലംപ്രയോഗിച്ച് പിടിച്ചെടുക്കരുതെന്ന് സുപ്രീംകോടതിയുടെ കർശന നിർദേശം. വാഹനങ്ങൾ പിടിച്ചെടുക്കാൻ ഗുണ്ടകളെയോ മറ്റ് അനധികൃത റിക്കവറി ഏജന്റുമാരെയോ നിയോഗിക്കുന്ന നടപടി അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ബാങ്കുകളും നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളും (എൻബിഎഫ്‌സി) ഇത്തരം നടപടികൾ തടയാൻ ശക്തമായ സംവിധാനങ്ങൾ ഒരുക്കണമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോട് (ആർബിഐ) കോടതി നിർദേശിച്ചു.

ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. റിക്കവറി നടപടികളുമായി ബന്ധപ്പെട്ട് ആർബിഐ പുറത്തിറക്കിയ മാർഗനിർദേശങ്ങളും മാസ്റ്റർ സർക്കുലറുകളും ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും കോടതി വിമർശിച്ചു.

ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി പാതിരാത്രിയിൽ അക്രമാസക്തമായി ട്രക്ക് പിടിച്ചെടുത്ത കേസിലാണ് കോടതി ഇടപെടൽ. സംഭവത്തിൽ ട്രക്ക് ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

വായ്പ തിരിച്ചടവ് മുടങ്ങിയാൽ വാഹനം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ വ്യക്തമായ നിയമപരമായ രീതിയിൽ മാത്രമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. അസമയത്ത് തുടർച്ചയായി വായ്പക്കാരെ ശല്യപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ കായികബലം പ്രയോഗിക്കുകയോ ചെയ്യരുത്.

വാഹനം തിരിച്ചുപിടിക്കുന്ന വ്യവസ്ഥകൾ 1872ലെ കരാർ നിയമത്തിന് അനുസൃതമായിരിക്കണം. വാഹനം പിടിച്ചെടുക്കുന്നതിന് മുമ്പുള്ള നോട്ടീസ് കാലാവധി, ലേലത്തിന് മുമ്പ് കുടിശ്ശിക അടച്ച് വാഹനം നിലനിർത്താനുള്ള അവസാന അവസരം, വാഹനം തിരികെ ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്നിവ വായ്പാ കരാറിൽ വ്യക്തമായി ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

റിക്കവറി ഏജന്റുമാരെ നിയമിക്കുമ്പോൾ ആർബിഐയുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. ഫീൽഡ് സ്റ്റാഫിന് ആവശ്യമായ പരിശീലനവും യോഗ്യതയും ഉറപ്പാക്കണം. ബാങ്കിങ് കോഡുകളും പെരുമാറ്റച്ചട്ടങ്ങളും റിക്കവറി ഏജന്റുമാർ പാലിക്കുന്നുണ്ടെന്ന് ധനകാര്യ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

റിക്കവറി നടപടികളിലെ അതിക്രമങ്ങളെയും ചട്ടലംഘനങ്ങളെയും സംബന്ധിച്ച പരാതികൾ ആർബിഐ ഗൗരവമായി പരിഗണിക്കണം. നിയമലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കും എതിരെ വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

വായ്പക്കാരെ സഹായിക്കുന്നതിനായി ക്രെഡിറ്റ് കൗൺസിലർമാരെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു. എൻബിഎഫ്‌സി-മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ തങ്ങളുടെ പെരുമാറ്റച്ചട്ടം ശാഖകളിൽ പ്രാദേശിക ഭാഷയിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

റിക്കവറി നടപടികൾ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ നടത്തുന്നതാണ് സാധാരണ രീതിയാക്കേണ്ടത്. വായ്പക്കാരൻ രണ്ടോ അതിലധികമോ തവണ ഹാജരാകാതിരുന്ന സാഹചര്യത്തിൽ മാത്രമേ വീട്ടിലോ ജോലിസ്ഥലത്തോ എത്തി റിക്കവറി നടപടികൾ സ്വീകരിക്കാവൂ എന്നും സുപ്രീംകോടതി നിർദേശിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User