സർക്കാർ ആശുപത്രികളിൽ എവിടെയുമെത്താതെ 'ട്രയാജ്' സംവിധാനം
കൊല്ലം: സർക്കാർ ആശുപത്രികളിലെ അത്യാഹിതവിഭാഗങ്ങളിൽ തിരക്കേറുന്ന സമയങ്ങളിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ട്രയാജ്' സംവിധാനം വഴിമുട്ടി. പ്രഖ്യാപനം നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി സംസ്ഥാനത്തുടനീളം നടപ്പായിട്ടില്ല. പാലക്കാട്, കൊല്ലം ജില്ലാ ആശുപത്രികൾ, എറണാകുളം ജനറൽ ആശുപത്രി എന്നിവയുൾപ്പെടെ ചുരുക്കം ചില ആശുപത്രികളിൽ മാത്രമാണ് നിലവിൽ ഈ സംവിധാനം പ്രവർത്തിക്കുന്നത്.
ഉച്ചയ്ക്കുശേഷം അത്യാഹിതവിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നവരിൽ ഭൂരിഭാഗവും നിസ്സാര ആരോഗ്യപ്രശ്നങ്ങളുമായാണ് എത്തുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ഇവർക്ക് അത്യാഹിത ചികിത്സയുടെ ആവശ്യമില്ലെന്നും ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ ലഭിക്കുന്ന ചികിത്സ മതിയാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തരം രോഗികളുടെ വർധിച്ചുവരുന്ന എണ്ണം അത്യാഹിതവിഭാഗങ്ങളിൽ അനാവശ്യ തിരക്കിന് കാരണമാകുന്നതായും ഡോക്ടർമാർ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും വൈകുന്നേരങ്ങളിൽ അത്യാഹിതവിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഇതേ സമയത്താണ് പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കുന്നതും. പരിശോധന നടത്തുകയും മെഡിക്കോ-ലീഗൽ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യേണ്ട ചുമതലയും അതേ ഡോക്ടർക്കാണ്. ഇതുമൂലം അപകടം, ഹൃദയാഘാതം തുടങ്ങിയ ഗുരുതരാവസ്ഥകളിൽ ചികിത്സ തേടിയെത്തുന്നവർക്ക് പോലും കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടാകുന്നതായി ഡോക്ടർമാർ പറയുന്നു.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി തിരക്കേറിയ സമയങ്ങളിൽ അത്യാഹിതവിഭാഗത്തിൽ രണ്ട് ഡോക്ടർമാരെ നിയോഗിക്കാമെന്ന് സർക്കാർ ജനുവരിയിൽ കെ.ജി.എം.ഒ.എ. ഭാരവാഹികൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും തീരുമാനം നടപ്പായിട്ടില്ല. അതേസമയം, പരിശീലനം നേടിയ നഴ്‌സുമാർ രോഗികളുടെ ആരോഗ്യനില വിലയിരുത്തി ചികിത്സയുടെ മുൻഗണന നിശ്ചയിക്കുന്ന ട്രയാജ് സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികൾ ആറുവർഷം മുമ്പ് ആരംഭിച്ചെങ്കിലും ഇതുവരെ പൂർണതയിലെത്തിയിട്ടില്ല. സംസ്ഥാനത്തെ ഏതാനും ആശുപത്രികളിൽ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്.