വിവാദങ്ങള്‍ക്കൊടുവില്‍ പിതാവായി ദോകു തിരിച്ചെത്തി

Jun 23, 2026 - 16:43
0
വിവാദങ്ങള്‍ക്കൊടുവില്‍ പിതാവായി ദോകു തിരിച്ചെത്തി

ഭാര്യയുടെ പ്രസവത്തിനായി ലോകകപ്പ് ക്യാമ്പ് വിട്ട ബെല്‍ജിയം കളിക്കാരന്‍ ജെറമി ദോകു ആണ്‍കുട്ടിയുടെ പിതാവായി തിരിച്ചെത്തി. ലോകകപ്പ് കളിക്കാതെ ഭാര്യയുടെ പ്രസവത്തിനായി ദോകു പോയത വലിയ ചര്‍ച്ചയായിരുന്നു. അതിനെതിരെ ഒരു ഫ്രഞ്ച് മാധ്യമം നടത്തിയ പരാമര്‍ശം വിവാദമുയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ഇറാനെതിരായ മത്സരത്തിന് മുമ്പാണ് ദോകു അമേരിക്ക വിട്ടത്. ലണ്ടനില്‍ ഭാര്യ പ്രസവത്തിനൊരുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ബെല്‍ജിയന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ദോകുവിന് പ്രൈസ് എന്ന ആണ്‍കുട്ടി ജനിച്ചതായി അറിയിച്ചത്. ചൊവ്വാഴ്ച ദോകു സിയാറ്റിലില്‍ ബെല്‍ജിയം ക്യാമ്പില്‍ തിരിച്ചെത്തി. ആദ്യ രണ്ടു കളികളിലും ബെല്‍ജിയം സമനില വഴങ്ങിയിരുന്നു. ലോകകപ്പിനായി അമേരിക്കയിലെത്തിയ ശേഷം ഭാര്യയുടെ പ്രസവത്തിന്റെ കാരണം പറഞ്ഞ് മടങ്ങിയതിനെതിരെ പ്രമുഖ ഫ്രഞ്ച് പത്രം എല്‍എക്വിപ്പെയുടെ ഒരു മാധ്യമപ്രവര്‍ത്തക വിമര്‍ശിച്ചിരുന്നു. ഭാര്യയുടെ പ്രസവ സമയത്ത് ദോകുവിന് അവിടെ എന്താണ് കാര്യമെന്നും ഭാര്യ പ്രസവിക്കുന്ന സമയത്ത് ഭര്‍ത്താവിനെക്കൊണ്ട് ഒരു ഉപയോഗവുമില്ലെന്നും അതേസമയം നൂറുകണക്കിന് കുട്ടികള്‍ ലോകകപ്പ് കളിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തക കുറ്റപ്പെടുത്തി. പരാമര്‍ശം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതോടെ പ്രസന്റര്‍ മാപ്പ് പറഞ്ഞു.
ഈജിപ്തിനെതിരായ ബെല്‍ജിയത്തിന്റെ ആദ്യ ലോകകപ്പ് മത്സരത്തില്‍ ദോകു കളിച്ചിരുന്നു. എന്നാല്‍ നിറംമങ്ങിയതോടെ രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടു. ദോകു ഇല്ലാതിരുന്ന രണ്ടാം മത്സരത്തില്‍ ഇറാനെതിരെ ബെല്‍ജിയം സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. 2022ലെ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ബെല്‍ജിയത്തിന് വെള്ളിയാഴ്ച ന്യൂസിലാന്റിനെ തോല്‍പിച്ചാല്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User