സര്‍ക്കാര്‍ പദ്ധതി പ്രദേശത്ത് ഭൂമി വാങ്ങിക്കൂട്ടി മുഖ്യമന്ത്രി

Jun 23, 2026 - 16:51
0
സര്‍ക്കാര്‍ പദ്ധതി പ്രദേശത്ത് ഭൂമി വാങ്ങിക്കൂട്ടി മുഖ്യമന്ത്രി

മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ സര്‍ക്കാര്‍ വന്‍ പദ്ധതികള്‍ക്ക് ഒരുങ്ങുന്ന പ്രദേശത്ത് ബി.ജെ.പി മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ കുടുംബം വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി ആരോപണം. 2023 ഡിസംബറിനും 2025 ഡിസംബറിനും ഇടയില്‍ 168 ഏക്കര്‍ ഭൂമിയിലായി 137 പ്ലോട്ടുകള്‍ മുഖ്യമന്ത്രിയുടെ കുടുംബം വാങ്ങിക്കൂട്ടിയതായാണ് ഒരു ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. 2023 ഡിസംബര്‍ 13 നാണ് മുഖ്യമന്ത്രിയായി മോഹന്‍ യാദവ് ചുമതലയേറ്റത്. അതിന് തൊട്ടുപിന്നാലെ തന്നെ ഭൂമി സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ അടുത്ത കുടുംബാംഗങ്ങള്‍ ആരംഭിച്ചുവെന്നാണ് സൂചന. 45 കോടിയോളം രൂപ ചെലവിട്ടാണ് ഭൂമി വാങ്ങിക്കൂട്ടിയത്. അതിന് പിന്നാലെ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ഉജ്ജയിനിയില്‍ പ്രഖ്യാപിച്ചു.  മോഹന്‍ യാദവിന്റെ ഭാര്യ, മരുമകള്‍, സഹോദരന്മാര്‍ തുടങ്ങി അടുത്ത ബന്ധുക്കളുടെ പേരിലായിരുന്നു ഭൂമി കച്ചവടം. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളും ഭൂമി സ്വന്തമാക്കി. ഹൈവേകള്‍ക്കും റോഡ് വികസിക്കുന്ന പ്രദേശങ്ങള്‍ക്കും നഗരവികസന പദ്ധതികള്‍ക്ക് സമീപവുമൊക്കെയാണ് ഏറ്റെടുത്ത പ്ലോട്ടുകളിലേറെയും. പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ ഈ പ്ലോട്ടുകളുടെയൊക്കെ മൂല്യം പതിന്മടങ്ങായി ഉയരും.  മോഹന്‍ യാദവ് അധികാരത്തിലേറും മുമ്പ് തന്നെ കുടുംബത്തിന്റെ കൈയില്‍ വലിയ ലാന്റ് ബാങ്ക് ഉണ്ടായിരുന്നതായാണ് സൂചന. എന്നാല്‍ അദ്ദേഹം മുഖ്യമന്ത്രി പദം ഏറ്റെടുത്തതോടെ ഭൂമി കച്ചവടത്തിന് ആക്കം കൂടി. കൃഷി ഭൂമി റസിഡന്‍ഷ്യല്‍, കമേഴ്‌സ്യല്‍ ഏരിയ ആക്കി തരംതിരിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളിലാണ് കച്ചവടങ്ങള്‍ നടന്നത്. ഇതും ഭാവി സാധ്യത കണക്കിലെടുത്താണ്.  ഇത് വ്യക്തമായ അധികാര ദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. തന്റെ കുടുംബാംഗങ്ങളുടെ ബിസിനസ് താല്‍പര്യത്തെ മോഹന്‍ യാദവിന്റെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കരുതെന്നാണ് ബി.ജെ.പി പറയുന്ന ന്യായീകരണം. വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസിലുള്ളവരാണെന്നും പാര്‍ട്ടി വിശദീകരിക്കുന്നു. ആരോപണപ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നതിനിടയിലും ഈ പ്ലോട്ടുകളില്‍ നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്. സ്വകാര്യ ബില്‍ഡര്‍മാര്‍ക്കാണ് നിര്‍മാണച്ചുമതല നല്‍കിയിരിക്കുന്നത്. ഉജ്ജയിനിയിലെ അതിവേഗം വികസിക്കുന്ന പ്രോപര്‍ട്ടി മാര്‍ക്കറ്റില്‍ വലിയ സാന്നിധ്യം ഉറപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ കുടുംബം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User