ഉദയ്പൂർ കൊലപാതകം രണ്ട് പ്രതികളും പിടിയിലായി

രാജസ്ഥാനിൽ വൻ സുരക്ഷാ

ഉദയ്പൂർ കൊലപാതകം രണ്ട് പ്രതികളും പിടിയിലായി

രാജസ്ഥാനിലെ ഉദയ്പുരിലെ തയ്യല്‍ കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കൊലപാതകത്തിന്റെ ദൃശ്യങ്ങളില്‍ പ്രചരിക്കുന്ന രണ്ടു പേരാണ് പിടിയിലായത്. രണ്ടു പ്രതികളെയും രാജ്‌സമന്ദിൽ നിന്ന് അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്‌ അറിയിച്ചു. വസ്ത്രത്തിന് അളവെടുക്കാനെന്ന് വ്യാജേനയെത്തിയാണ് തയ്യൽക്കാരനെ വെട്ടിക്കൊലപ്പെടുത്തിയത്.

സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇന്‍റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമുണ്ടെന്ന് അശോക് ഗെഹ്ലോട്ട്‌ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും ഗെഹ്ലോട്ട്‌ ആവശ്യപ്പെട്ടു.

ഉദയ്പുരിലെ മാൽദയിൽ കനയ്യ ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ദേശീയ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് കനയ്യ ലാല്‍ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിന്റെ പേരില്‍ രണ്ടുപേർ കനയ്യയുടെ തയ്യൽ കടയിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഉദയ്പൂരില്‍ വലിയ സംഘര്‍ഷാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. 24 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്റര്‍നെറ്റ് സേവനം മരവിപ്പിച്ചിട്ടുണ്ട്. ഉദയ്പുര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.