'കേൾക്കാൻ താൽപര്യമില്ല...'; ചർച്ചക്ക് തയാറാണെന്ന അമിത് ഷായുടെ നിർദേശം തള്ളി രാഹുൽ ഗാന്ധി

Rahul Gandhi rejected Home Minister Amit Shah's offer for a parliamentary debate on Delhi Police's crackdown against NEET protesters

'കേൾക്കാൻ താൽപര്യമില്ല...'; ചർച്ചക്ക് തയാറാണെന്ന അമിത് ഷായുടെ നിർദേശം തള്ളി രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ ചർച്ചക്ക് തയാറാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം തള്ളി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

അമിത് ഷായുടെ പ്രസംഗം കേൾക്കാൻ പ്രതിപക്ഷത്തിന് താൽപര്യമില്ലെന്നും സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ മറുപടി വേണമെന്നും രാഹുൽ പ്രതികരിച്ചു. സഭയിൽ പ്രതിഷേധം കടുത്തതോടെയാണ് വർഷകാല സമ്മേളനം അവസാനിക്കാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെ പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു വഴങ്ങി ചർച്ചക്ക് തയാറാണെന്ന് അമിത് ഷാ അറിയിച്ചത്.

ബുധനാഴ്ച വൈകീട്ട് മൂന്നു മുതൽ വിഷയത്തിൽ ചർച്ചയാവാമെന്നും താൻ വിശദമായ പ്രസ്താവന നൽകാമെന്നുമാണ് അമിത് ഷാ അറിയിച്ചത്. എന്നാൽ, സമരം ചെയ്ത വിദ്യാർഥികൾക്കു നേരെ നടന്ന വെടിവെപ്പിനും ലാത്തിചാർജ്ജിനും ഉത്തരവിട്ടത് ആരാണെന്ന് ചോദിച്ച രാഹുൽ, ആഭ്യന്തരമന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. പാർലമെന്റിൽനിന്ന് ഷാ വിട്ടുനിൽക്കുകയാണെന്നും സഭയെ നേരിടാനുള്ള ധൈര്യം ആഭ്യന്തരമന്ത്രിക്കില്ലെന്നും രാഹുൽ ആരോപിച്ചു.

"അമിത് ഷായുടെ പ്രസംഗം കേൾക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. ഞാൻ ഞങ്ങൾ എന്ന് ഉദ്ദേശിച്ചത് രാജ്യത്തെ യുവതലമുറയെയാണ്. ആരാണ് വിദ്യാർഥികളെ വെടിവെച്ചത്? ആണി തറച്ച ലാത്തികൊണ്ട് വിദ്യാർഥികളെ തല്ലിച്ചതക്കാൻ ഉത്തരവിട്ടത് ആരാണ്? നമ്മുടെ കുട്ടികളെ വെടിവെക്കാൻ അമിത് ഷായാണോ ഉത്തരവിട്ടത്? അങ്ങനെയെങ്കിൽ, അദ്ദേഹം രാജിവെക്കണം" പാർലമെന്‍റിനു മുന്നിൽ രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 20 ദിവസമായി അമിത് ഷായെ കാണാനില്ല. ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്ക് ധൈര്യമില്ല; അദ്ദേഹത്തിന് സഭയിലേക്ക് വരാൻ കഴിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

എന്നാൽ നീറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ കേന്ദ്ര സർക്കാർ പൂർണ ചർച്ചക്ക് തയാറാണെന്നും പ്രതിപക്ഷം ചർച്ചയിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.