മന്ത്രിമാരുടെ ചികിത്സയ്ക്ക് വീണ്ടും 25 ലക്ഷം അനുവദിച്ചു, ഈ സാമ്പത്തികവർഷം ആകെ 53 ലക്ഷം ഖജനാവിൽ നിന്നും ചെലവഴിച്ചു
സാമ്പത്തിക പ്രതിസന്ധി ബാധകമല്ല
മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ചികിൽസയ്ക്കായി 25 ലക്ഷം രൂപ കൂടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഈ സാമ്പത്തിക വർഷം ചികിൽസാ ചെലവ് ഇനത്തിൽ 28 ലക്ഷമായിരുന്നു വകയിരുത്തിയത്. മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസയ്ക്ക് 29.82 ലക്ഷം ഏപ്രിൽ 16-ന് അനുവദിച്ചു നൽകിയതോടെ ബജറ്റ് ശീർഷകത്തിൽ തുക തീർന്നു. തുടർന്നാണ് 25 ലക്ഷം കൂടി അനുവദിച്ച് ഈമാസം പത്തിന് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. പൊതുഭരണ വകുപ്പ് ബജറ്റ് വിഭാഗം അധിക തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 23ന് ധനവകുപ്പിനെ സമീപിച്ചിരുന്നു. ധനവിനിയോഗ വിഭാഗം ഈ പ്രൊപ്പോസൽ വിശദമായി പരിശോധിച്ചതിനുശേഷം മെയ് 9 ന് തുക അനുവദിക്കണമെന്ന് ധന ബജറ്റ് വിഭാഗത്തിന് നിർദ്ദേശം നൽകി. തൊട്ടടുത്ത ദിവസമാണ്, ധന ബജറ്റ് – ഡി വകുപ്പിൽ നിന്ന് 25 ലക്ഷം രൂപ അധിക ധനമായി അനുവദിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ചികിൽസക്ക് സാമ്പത്തിക വർഷം തുടങ്ങി 40 ദിവസത്തിനുള്ളിൽ അനുവദിച്ചത് 53 ലക്ഷം രൂപയായി. മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസയുടെ അടുത്ത ബില്ലും കൂടി കൊടുക്കുമ്പോൾ ചികിൽസ ചെലവിനായി വീണ്ടും ധനവകുപ്പിനോട് ഫണ്ട് ആവശ്യപ്പെടേണ്ടി വരും