സന്തോഷ് ട്രോഫിയില്‍ ആത്മവിശ്വാസത്തോടെ കേരളം ഇന്നിറങ്ങും

സന്തോഷ് ട്രോഫിയില്‍ ആത്മവിശ്വാസത്തോടെ കേരളം ഇന്നിറങ്ങും


മലപ്പുറം: സന്തോഷ് ട്രോഫി സെമിയില്‍ കേരളം-കര്‍ണാടക മത്സരത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ആത്മവിശ്വാസത്തിലാണ് കേരളം. സ്വന്തം മണ്ണില്‍ നടക്കുന്ന കളിയില്‍ മികച്ച വിജയം നേടി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനാണ് കേരളം ഇറങ്ങുന്നത്.  മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി എട്ടരയ്ക്കാണ് കളി. നിറഞ്ഞ ഗ്യാലറിയുടെ പിന്തുണയോടെയാകും കേരളം ഫൈനല്‍ ലക്ഷ്യമിട്ട് പന്ത് തട്ടുക. മധ്യനിരയെ വിശ്വസിച്ചാണ് കേരള പരിശീലകന്‍ ബിനോ ജോര്‍ജ് കളിതന്ത്രങ്ങള്‍ മെനയുക. കര്‍ണാടകയുടെ വിങ്ങിലൂടെ മുന്നേറ്റം ചെറുക്കാനുള്ള വെടിക്കോപ്പുകള്‍ ഒരുക്കണം. മുന്നേറ്റത്തില്‍ ഒരാളെമാത്രം നിയോഗിച്ച് മധ്യനിരയില്‍ കരുത്തുകൂട്ടാനാകും ശ്രമം. കേരളത്തിന്റെ മുന്നേറ്റക്കാര്‍ക്ക് ഇതുവരെ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആ കുറവ് പരിഹരിക്കുന്നത് മധ്യനിരയാണ്. പിന്നിലേക്ക് ഇറങ്ങി പ്രതിരോധത്തെ സഹായിക്കാനും മുന്നിലേക്ക് കയറി ഗോള്‍ കണ്ടെത്താനും സജ്ജരാണ്. നായകന്‍ ജിജോ ജോസഫ് അഞ്ചു ഗോളടിച്ച് ടീമിനെ മുന്നില്‍നിന്ന് നയിക്കുന്നു. നാലു ദിവസത്തെ വിശ്രമം കിട്ടിയതും കേരളത്തിന് ആശ്വാസമായിട്ടുണ്ട്. ഗോള്‍ കീപ്പര്‍ വി മിഥുനും പ്രതിരോധക്കാരന്‍ അജയ് അലക്സുമെല്ലാം പരിക്കില്‍നിന്ന് മോചിതരായി ആദ്യ പതിനൊന്നില്‍ ഇടംപിടിക്കും. ആക്രമണമാണ് കര്‍ണാടകയുടെ ആയുധം. പ്രതിരോധത്തില്‍ ഊന്നിയുള്ള കളിയില്ല. ഗുജറാത്തിനെതിരായ അവസാനകളിയില്‍ അവര്‍ എതിരാളികളുടെ ബോക്സിലേക്ക് ഇരച്ചുകയറുകയായിരുന്നു. മുന്നേറ്റക്കാരന്‍ സുധീര്‍ കൊട്ടികേല നാലു ഗോളടിച്ചു. പരിശീലകന്‍ ബിബി തോമസിനെ കൂടാതെ നാല് മലയാളികള്‍ ടീമിലുണ്ട്. പ്രതിരോധതാരം എസ് സിജു, മധ്യനിരക്കാരായ പി ടി മുഹമ്മദ് റിയാസ്, ബാവു നിഷാദ്, ഗോള്‍ കീപ്പര്‍ കെവിന്‍ കോശി എന്നിവരാണ് മലയാളിക്കരുത്ത്.