കത്ത് വിവാദം; പ്രതിഷേധിച്ചവരെ മർദ്ദിക്കാൻ സച്ചിന്‍ ദേവ് എംഎല്‍എയുടെ പേഴ്സനല്‍ സ്റ്റാഫും

കത്ത് വിവാദം; പ്രതിഷേധിച്ചവരെ മർദ്ദിക്കാൻ സച്ചിന്‍ ദേവ് എംഎല്‍എയുടെ പേഴ്സനല്‍ സ്റ്റാഫും


കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകനെ എംഎല്‍എ സച്ചിന്‍ ദേവിന്‍റെ പേഴ്സനല്‍ സ്റ്റാഫ് മര്‍ദ്ദിച്ചതായി പരാതി. മേയറുടെ വീടിന് മുന്നില്‍ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകനെ മർദ്ദിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എം വിന്‍സന്‍റ് എംഎല്‍എ സ്പീക്കർക്ക് പരാതി നല്‍കി. ഇക്കഴിഞ്ഞ എട്ടാം തീയതി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്‍റെ വീടിന് മുന്നില്‍ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകന്‍ എസ്.കെ അരുണിനാണ് മര്‍ദ്ദനമേറ്റത്. മുടവൻമുകളിലെ മേയറുടെ വസതിയിലേക്ക് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധമായി എത്തുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് കെഎസ്‌യു പ്രവർത്തകരെ മർദിച്ചത്. മര്‍ദ്ദിച്ചവരില്‍ മേയറുടെ ഭർത്താവ് സച്ചിന്‍ ദേവ് എംഎല്‍എയുടെ സ്റ്റാഫ് അംഗം അബിന്‍ സത്യനുമുണ്ടെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന പേഴ്സനല്‍ സ്റ്റാഫ് അംഗം ചെയ്തത് ക്രിമിനല്‍ കുറ്റവും ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനവുമാണെന്നും നടപടി സ്വീകരിക്കണമെന്നും എം വിന്‍സന്‍റ് എംഎല്‍എ സ്പീക്കർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.