രാമനവമി ആഘോഷത്തിനിടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപുറപ്പെട്ടു

രാമനവമി ആഘോഷത്തിനിടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപുറപ്പെട്ടു

രാമനവമി ഘോഷയാത്രക്കിടെ രാജ്യത്ത് വ്യാപകമായ വര്‍ഗീയ സംഘര്‍ഷങ്ങള്‍. ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായത്. ഗുജറാത്തില്‍ രാമനവമി ഘോഷയാത്രക്കിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തില്‍ നടന്ന സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു. സബര്‍കാന്ത ജില്ലയിലെ ഹിമ്മത്നഗര്‍ നഗരത്തില്‍ നടന്ന പരിപാടിക്കിടെയും സംഘര്‍ഷമുണ്ടായി. രണ്ട് സ്ഥലങ്ങളിലും കല്ലേറും തീവെപ്പും ഉണ്ടായിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. 65 വയസ് പ്രായം വരുന്ന അജ്ഞാതന്റെ മൃതദേഹം ഖംഭാട്ടില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ടന്റ് അജിത് രാജ്യന്‍ അറിയിച്ചു. ഏതാനും കടകള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും എസ് പി അറിയിച്ചു. ഹിമ്മത് നഗറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും കടകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്‌തെന്ന് സബര്‍കാന്ത പൊലീസ് സൂപ്രണ്ടന്റ് വിശാല്‍ വഗേല പറഞ്ഞു. സംഘര്‍ഷ പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു.