വി സി മാരെ സംരക്ഷിക്കുന്ന സര്‍ക്കാരിന് മുഖമടച്ച് കിട്ടിയ അടിയാണ് ഹൈക്കോടതി വിധി: കെ.സുധാകരന്‍

വി സി മാരെ സംരക്ഷിക്കുന്ന സര്‍ക്കാരിന് മുഖമടച്ച് കിട്ടിയ അടിയാണ് ഹൈക്കോടതി വിധി: കെ.സുധാകരന്‍

ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍മാരെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ മുഖത്തു കിട്ടിയ അടിയാണ് കുഫോസ് വിസി നിയമനം അസാധുവാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവരുടെ ഇഷ്ടക്കാരെ സര്‍വകലാശാലകളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ചത്. സാങ്കേതിക സര്‍വകലാശാലാ വിസി നിയമനം സുപ്രീംകോടതിയും ഫിഷറീസ് സര്‍വകലാശാലാ വിസി നിയമനം ഹൈക്കോടതിയും ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഈ നടപടി വി സി മാര്‍ക്ക് നിയമനം നല്‍കിയ സര്‍ക്കാരിന്റെ വാദഗതികള്‍ യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നതിനുള്ള തെളിവാണ്.

ഫിഷറീസ് വിസി നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ മധ്യതിരുവിതാംകൂറില്‍ നിന്നുള്ള ഒരു മന്ത്രി ഇടപെട്ടന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. സ്വജനപക്ഷപാതം മുഖമുദ്രയാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്നത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ മുഴുവന്‍ സര്‍വകലാശാലാ നിയമനങ്ങളിലും സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഇപ്പോള്‍ ഗവര്‍ണ്ണറെ ചന്‍സലര്‍ പദവിയില്‍ നീക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരുന്നത് യഥേഷ്ടം വിധേയരെ സര്‍വകലാശാലകളില്‍ നിയമിക്കുന്നതിനാണ്.ഗവര്‍ണ്ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റുന്ന സര്‍ക്കാരിന്റെ നടപടി ആത്മാര്‍ത്ഥയില്ലാത്തതാണ്. നാളിതുവരെ ചട്ടവിരുദ്ധ നിയമനങ്ങളില്‍ ഒപ്പം നിന്ന ഗവര്‍ണ്ണര്‍ പിന്‍മാറിയപ്പോള്‍ അതിനെ മറികടക്കാനുള്ള പൊടിക്കൈ മാത്രമാണിതെന്നും സുധാകരന്‍ പരിഹസിച്ചു.