ഗവർണർമാരെ ഉപയോഗിച്ച് കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ അട്ടിമറിക്ക് ശ്രമം: പിണറായി വിജയൻ
ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാൻ, കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് ശ്രമിക്കുന്നുവെന്നും
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനക്കും ജനാധിപത്യത്തിന് നേരെയും കടന്നുകയറ്റമാണ് നടക്കുന്നത്. മുഖ്യമന്ത്രി വിമര്‍ശിച്ചു.
രാജ്യത്തിന്റെ മർമ്മ പ്രധാന സ്ഥലങ്ങളിൽ പോലും സ്വകാര്യവത്ക്കരണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് കൂടി അർഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വിൽക്കുന്നു. ഈ സ്ഥാപനങ്ങൾ നിർമ്മിക്കാൻ സംസ്ഥാനമാണ് ഭൂമി ഏറ്റെടുത്തത്. കോർപ്പറേറ്റുകൾ ബഹിരാകാശ മേഖലയിലേക്കും വരികയാണ്. സ്വകാര്യ മേഖലയിൽ സാമൂഹിക നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തു.
റെയിൽവേയിൽ തസ്തിക സൃഷ്ടിക്കുകയോ നിയമനം നൽകുകയോ ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 2 ലക്ഷം തൊഴിവസരം സൃഷ്ടിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. പക്ഷെ 10 ലക്ഷം ഒഴിവുകൾ ഇപ്പോഴും നിയമനം നൽകാതെ കിടക്കുകയാണ്. സ്വകാര്യവത്കരണമല്ലാതെ ബദൽ ഇല്ലെന്നാണ് കേന്ദ്രം പറയുന്നത്. അങ്ങനെയല്ലെന്ന് കേരളം കാട്ടി കൊടുക്കുകയാണ്. കേന്ദ്രം വിൽക്കാൻ വച്ച രണ്ട് സ്ഥാപനങ്ങൾ ഇന്ന് സംസ്ഥാന സർക്കാർ മാതൃകാപരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. സംസ്ഥാനം ഏറ്റെടുക്കാൻ തയ്യാറായ ചില സ്ഥാപനങ്ങളെ മുട്ടാപോക്ക് ന്യായം പറഞ്ഞ് കേന്ദ്രം തടയുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.