ദയാബായി സത്യഗ്രഹ സമരം അവസാനിപ്പിച്ചു
എൻഡോസൾഫാൻ ദുരിത ബാധിതർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതു സംബന്ധിച്ച് സർക്കാർ വ്യവസ്ഥകൾ പുതുക്കി നിശ്ചയിച്ച സാഹചര്യത്തിൽ നിരാഹാര സമരം അവസാനിപ്പിച്ചതായി ദയാ ബായി അറിയിച്ചു. എന്നാൽ ഉറപ്പ് പാലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.
ദയാബായിയുടെ സമരം ഒത്തുതീർക്കണമെന്ന് ഇന്നു രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ദയാബായിയുടെ സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി അദ്ദേഹം സംസാരിച്ചു. എയിംസ് ഒഴികെയുള്ള കാര്യങ്ങളിൽ ധാരണയുണ്ടാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നൽകിയ കത്തിലെ അവ്യക്തത ഓഴിവാക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സമരം തീർക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. എൻഡോസൾഫാൻ ദുരിത ബാധിതർക്കു വേണ്ടി 82 കാരിയായ ദയാബായി നിരാഹാരം കിടക്കുമ്പോൾ അത് എത്രയും വേഗം തീർക്കണം. അല്ലാതെ സമരം നീട്ടിക്കൊണ്ടു പോകണമെന്ന നിലപാട് പ്രതിപക്ഷത്തിനില്ലെന്നും സതീശൻ അറിയിച്ചിരുന്നു. തുടർന്നാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തി സർക്കാർ ദയാബായിക്കു പുതിയ ഉറപ്പുകൾ നൽകിയതും സമരം പിൻവലിച്ചതും