ചരിത്രകാരൻ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച് ഗവര്‍ണർ
കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ക്കെതിരെ വീണ്ടും വിമർശനം
ചരിത്രകാരൻ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇർഫാൻ ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ്. ഇര്‍ഫാന്‍ ഹബീബിന്‍റെ പ്രവര്‍ത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ആക്രമണം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നാണ് ഗവര്‍ണര്‍ വിമര്‍ശിച്ചത്.
ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ആസൂത്രിത ആക്രമണമെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ദില്ലിയില്‍ വച്ചുതന്നെ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടായി എന്നും അദ്ദേഹം ആരോപിക്കുന്നു. ഈ ഗൂഢാലോചനയില്‍ വിസിയും പങ്കാളിയാണെന്നാണ് ആരോപണം. കേരളത്തിൽ എഫ്ബി പോസ്റ്റിന് വരെ ആളുകളെ അറസ്റ്റ് ചെയ്യുകയാണ്. കറുത്ത ഷര്‍ട്ടിട്ടാല്‍ നടപടി എടുക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ആക്രമണം ഉണ്ടായിട്ട് നടപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ച്ചയിലാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. ആർഎസ്എസിന്‍റെ ആളാണെന്ന വിമർശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. താൻ ഒപ്പ് വെക്കാതെ ഒന്നും നിയമമാകില്ലെന്ന് പറഞ്ഞ ഗവർണർ, സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായ ഒന്നിലും ഒപ്പ് വയ്ക്കില്ലെന്നും വ്യക്തമാക്കി.
അതിനിടെ, കണ്ണൂർ വിസിക്കെതിരായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്രിമിനല്‍ പരാമർശത്തെ ചരിത്രകാരന്‍മാർ അപലപിച്ചു. അപകീർത്തികരവും രാഷ്ട്രീയ പ്രേരിതവുമായ പരാമർശം അംഗീകരിക്കാനാകില്ലെന്നും, ഗവർണർ ഇത്തരം ആക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്നും അന്‍പത് ചരിത്രകാരന്‍മാരും അധ്യാപകരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.