മാധ്യമ പ്രവർത്തകൻ ​ഗോപീകൃഷ്ണൻ അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ​ഗോപീകൃഷ്ണൻ അന്തരിച്ചു

അമൃത ടി വി മുൻ റീജിയണൽ ഹെഡ് ഏണിക്കര, പ്ലാപ്പള്ളി ലൈൻ ഇടി ആർ എ-46, വസന്തഗീതത്തിൽ ജി എസ് ഗോപീകൃഷ്ണൻ(48) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചായിരുന്നു അന്ത്യം. എ സി വി, കൗമുദി ടിവി എന്നീ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തക യൂണിയൻ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. മാധ്യമമേഖലയ്ക്ക് പുറത്ത് കലാരംഗത്ത് വലിയ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്ന ഗോപീകൃഷ്ണൻ ഗായക സംഘമായ എം ബി എസ് യൂത്ത് ക്വയറിലെ സജീവ സാന്നിധ്യമായിരുന്നു. പ്രശസ്ത കഥകളി നടനായ ചിറക്കര മാധവൻ കുട്ടി ആശാനെക്കുറിച്ച് മായാമുദ്രയെന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. ഗിരീഷ് കർണാട് രചിച്ച് അമിതാഭ് ബച്ചനും ജാക്കി ഷെറഫും മുഖ്യ വേഷങ്ങളിൽ എത്തിയ അഗ്നിവർഷ എന്ന ബോളിവുഡ് ചിത്രത്തിൽ എം ബി എസ് യൂത്ത് ക്വയറിലെ അംഗങ്ങൾക്കൊപ്പം അഭിനേതാവായി. ഭാര്യ: നിഷ കെ നായർ(വാട്ടർ അതോറിറ്റി പി ആർ ഒ), മക്കൾ: ശിവനാരായണൻ, പത്മനാഭൻ. ഭൗതികശരീരം നാളെ ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ. ഗോപീകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,
എ ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി, മന്ത്രി റോഷി അ​ഗസ്റ്റിൻ തുടങ്ങിയവർ അനുശോചിച്ചു.