ഹൈദരാബാദ് കൂട്ടബലാത്സംഗ കേസ് : അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും
ഹൈദരാബാദ്: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പേരെ കൂടി കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ 5 പ്രതികളും കസ്റ്റഡിയിലായി. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. ഉന്നതസ്വാധീനമുള്ളവരുടെ മക്കള്‍ പ്രതികളായ കേസ് പ്രാദേശിക പൊലീസ് അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്നും, സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം തെലങ്കാനയില്‍ തുടരുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി കാറില്‍ വച്ച് ബലാത്സംഗം ചെയ്ത കേസ് രാജ്യമനഃസാക്ഷിയെത്തന്നെ ഞെട്ടിച്ചതാണ്. രാഷ്ട്രീയ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് കേസില്‍ കസ്റ്റഡിയിലെടുക്കപ്പെട്ട അഞ്ച് പേരും. കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് പ്രതികളിലൊരാളുടെ എങ്കിലും പേര് പെണ്‍കുട്ടിക്ക് ഓര്‍മ്മിക്കാനായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. അഞ്ച് പേരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍. രണ്ട് പേര്‍ 18 വയസ്സ് പൂര്‍ത്തിയായ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍.