സുധാകരന്‍ കാണാമറയത്തോ? എല്‍ഡിഎഫ് അറിയണം ഈ സത്യം
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മാറി നില്‍ക്കുന്നുവെന്ന ആക്ഷേപം എല്‍ഡിഎഫ് ഉന്നയിക്കുമ്പോള്‍ യുഡിഎഫ് നേതാക്കള്‍ മൗനത്തിലായിരുന്നു. രോഗശാന്തിക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ സുധാകരനെ അനാവശ്യ രാഷ്ട്രിയ ചര്‍ച്ചകള്‍ക്ക് വിഷയമാക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു യുഡിഎഫ് ക്യാംപ് . എന്നാല്‍ അണികള്‍ക്ക് കെപിസിസി പ്രസിഡന്റിന്റെ വിവരങ്ങളിറിയുവാന്‍ അവകാശമുണ്ടെന്ന തിരിച്ചറിവിലാണ് സുധാകരന്‍ ആശുപത്രിയിലാണെന്ന വിവരം ഇപ്പോള്‍ നേതൃത്വം പുറത്തുവിടുന്നത്. തൊണ്ടയില്‍ ബാധിച്ച അസുഖം കാരണം ശബ്ദത്തിന് വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്തണമെന്ന വാശിയില്‍ ആദ്യം ആശുപത്രിയില്‍ പോകുവാന്‍ മടിച്ച സുധാകരനെ അസുഖത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് തുടര്‍ ചികിത്സകള്‍ നടക്കുന്നത്. ഇതിനിടയില്‍ പലവട്ടം യുഡിഎഫ് , കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ സുധാകരന്‍ പങ്കെടുത്തിരുന്നു. പ്രസംഗിക്കുവാന്‍ മൈക്ക് കൈയിലെടുത്താല്‍ സര്‍വ്വതും മറക്കുന്ന ശീലമുള്ള സുധാകരനെ അസുഖത്തിന്റെ ഗൗരവം അറിയാവുന്ന നേതാക്കള്‍ മനപൂര്‍വ്വം മാറ്റി നിര്‍ത്തുകയായിരുന്നു. കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ കേരളത്തിന്റെ അങ്ങേളാം ഇങ്ങോളം നടന്ന യോഗങ്ങളില്‍ സംസാരിച്ച സുധാകരന്‍ പതിവ് രീതിയില്‍ കത്തികയറുകയും ചെയ്തു. ഇതിനെ തുടന്ന് പലവട്ടം രോഗലക്ഷണങ്ങള്‍ കണ്ടെങ്കിലും ചികിത്സയ്ക്ക് പോകാതെ യോഗങ്ങളില്‍ നിന്ന് യോഗങ്ങളിലേയ്ക്ക് പറക്കുകയായിരുന്നു സുധാകരന്‍. ഒടുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗം മൂര്‍ശ്ചിക്കുകയും സുധാകരനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അവസരം മുതലെടുത്ത മന്ത്രി പി രാജീവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുധാകരന്‍ എവിടെയെന്ന് ചോദ്യമുന്നയിക്കുകയും എല്‍ഡിഎഫ് ക്യാംപില്‍ നിന്ന് ചില കഥകള്‍ മെനയുകയുമായിരുന്നു.