തൃക്കാക്കര പിടിക്കാന്‍ ഇടതുസ്വതന്ത്രനായി കെ വി തോമസ് 

ജീവിതത്തിന്റെ ഭാഗമായിരുന്ന പാര്‍ട്ടിയില്‍ നിന്ന് പുറത്തേയ്ക്ക് പോകുമെന്ന് ഉറപ്പായിട്ടും കെ വി തോമസിന് കുലുക്കമില്ല. നിലവില്‍...

തൃക്കാക്കര പിടിക്കാന്‍ ഇടതുസ്വതന്ത്രനായി കെ വി തോമസ് 

കൊച്ചി:  കെപിസിസി എതിര്‍പ്പ് വകവയ്ക്കാതെ കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. എന്നാല്‍ ജീവിതത്തിന്റെ ഭാഗമായിരുന്ന പാര്‍ട്ടിയില്‍ നിന്ന് പുറത്തേയ്ക്ക് പോകുമെന്ന് ഉറപ്പായിട്ടും കെ വി തോമസിന് കുലുക്കമില്ല. നിലവില്‍ സംസ്ഥാനത്തോ കേന്ദ്രത്തിലോ അധികാര കസേരയുടെ ഏഴയലത്ത് പോലുമില്ലാത്ത കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതിനേക്കാള്‍ കേരളത്തില്‍ സമസ്ത മേഖലയിലും അധികാരം കൈയാളുന്ന സിപിഎമ്മിനൊപ്പം നില്‍ക്കുന്നതാണ് ഉചിതമെന്ന തിരിച്ചറിവാകാം കെ വി തോമസ് എന്ന തോമസ് മാഷിനെ മാറ്റി ചിന്തിപ്പിക്കുന്നത്. ആസന്നമായ തൃക്കാക്കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പില്‍ സിപിഎം ഇറക്കുന്ന തുറുപ്പ് ചീട്ട് കെ വി തോമസ് തന്നെയാകുമെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പി ടി തോമസ് മരിച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേയ്ക്കാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിലാണെങ്കില്‍ തൃക്കാക്കര സീറ്റ് സ്വപ്‌നം പോലും കാണാന്‍ സാധിക്കില്ലെന്ന് വ്യക്തമായ തോമസ് ഇടതുപക്ഷ സഹയാത്രികനെന്ന ലേബലില്‍ എല്‍ഡിഎഫ് ക്യാംപിലെത്തി തൃക്കാക്കരയില്‍ മത്സരിക്കാമെന്ന കണക്ക്കൂട്ടലില്‍ തന്നെയാണ്. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തൃക്കാക്കരയില്‍ ഒന്നും നഷ്ടപ്പെടാനില്ല. 2011 ല്‍ രൂപികരിച്ചത് മുതല്‍ യുഡിഎഫിനൊപ്പമാണ് തൃക്കാക്കര. ആദ്യം ബെന്നി ബെഹ്നാന്‍. പിന്നീട് രണ്ട് വട്ടം പിടി തോമസ്. 2021ല്‍ കേരളത്തില്‍ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും തൃക്കാക്കര വലതിനൊപ്പം ഉറച്ചുനിന്നു. കഴിഞ്ഞ മൂന്ന് തവണയും കാര്യമായെന്നും എല്‍ഡിഎഫിന് തൃക്കാക്കരയില്‍ ചെയ്യാനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കെ വി തോമസിനെപോലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ബാഗിലാക്കാന്‍ പോന്ന ജനസമ്മതനായ ഒരു നേതാവിനെ കിട്ടിയാല്‍ തൃക്കാക്കര പിടിക്കാനാകുമെന്ന കണക്ക്കൂട്ടലിലാണ് സിപിഎം. എന്നാല്‍ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിലേയ്ക്ക് ഇല്ലെന്ന നിലപാടിലാണ് കെ വി തോമസ് എന്ന് അദേഹം തന്നെ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ഒന്ന് നിര്‍ബന്ധിച്ചാല്‍ തോമസ് മാഷ് ഇടതിന് വേണ്ടി അങ്കത്തട്ടിലേയ്ക്ക് ഇറങ്ങുമെന്ന് ഉറപ്പാണ്. തോല്‍ക്കുകയാണെങ്കില്‍ പോലും കെ വി തോമസിന് നേട്ടമാണ്. ഭരണപരിഷ്‌ക്കാര കമ്മിഷ്ന്‍ ചെയര്‍മാന്‍ സ്ഥാനം അടക്കം നിരവധി പദവികളില്‍ ഏതെങ്കിലും ഒന്ന് ഉപകാര സ്മരണയായി തോമസിന് മുന്നില്‍ സിപിഎം സമര്‍പ്പിക്കുമെന്നും ഉറപ്പാണ്.