തെളിവുകള്‍ അഭിഭാഷകരുടെ പക്കലെന്ന് വെളിപ്പെടുത്തല്‍

തെളിവുകള്‍ അഭിഭാഷകരുടെ പക്കലെന്ന് വെളിപ്പെടുത്തല്‍

തെളിവുകള്‍ അഭിഭാഷകരുടെ പക്കലെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: ദിലീപുള്‍പ്പെട്ട വധഗൂഢാലോചന കേസിലെ പ്രതിയായ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്ത്. ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച ഐ മാക്കും ലാപ് ടോപ്പും അഭിഭാഷകരുടെ കസ്റ്റഡിയിലെന്ന് സായ് ശങ്കര്‍  അന്വേഷണ സംഘത്തെ അറിയിച്ചു. അഡ്വ. ഫിലിപ്പ് ഇത് രണ്ടും വാങ്ങി രാമന്‍ പിള്ളയുടെ ഓഫീസില്‍ കൊണ്ടു വെച്ചു. താന്‍ ഒളിവില്‍ ആയിരിക്കേ ഇവ പൊലീസിന്റെ കയ്യില്‍ പെടുമെന്ന് പറഞ്ഞാണ് അവര്‍ ഇങ്ങനെ ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കൂടുതല്‍ ഉപയോഗിച്ചത് അഭിഭാഷകരുടെ കസ്റ്റഡിയില്‍ ഉള്ള ഐമാക്കും ലാപ്‌ടോപ്പും ആണെന്ന് സായ് ശങ്കര്‍ മൊഴി നല്‍കി. തന്റെ ഭാര്യയുടെ പേരിലുള്ള ഐമാക്കും തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സായ് ശങ്കര്‍ മൊഴി നല്‍കി. ഭാര്യയുടെ പേരിലുള്ള ഐമാക്ക് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളതെന്ന് സായ് ശങ്കര്‍ വ്യക്തമാക്കി. അഭിഭാഷകരുടെ കൈവശമുള്ളവ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അതേ സമയം സായ് ശങ്കറിന്റെ രഹസ്യ മൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി. ഈ മാസം 19 നാണ് കോടതി സമയം നല്‍കിയിരിക്കുന്നത്. ഈ തീയതി പ്രായോഗികമല്ലെന്ന് ക്രൈംബ്രാഞ്ച് പ്രതികരിച്ചു. മൊഴി എടുക്കല്‍ നേരത്തെ ആക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കും. വധ ഗൂഢാലോചന കേസില്‍ ജാമ്യത്തിലാണ് സായ് ശങ്കര്‍ ഇപ്പോള്‍.