വിജയ് ബാബുവിനെ പിടികൂടാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍
കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. നിലവില്‍ വിജയ് ബാബു വിദേശത്താണ് . കൊച്ചിയിലേയ്ക്ക് വിളിപ്പിച്ച് അറസ്റ്റ് ചെയ്യുവാനാണ് നീക്കമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണര്‍ സി എച്ച് നാഗരാജു അറിയിച്ചു. വിദേശത്തായതിനാല്‍ പിടികൂടുവാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയെന്ന വാര്‍ത്തകള്‍ അദേഹം നിരസിച്ചു. വിജയ് ബാബു കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യ തെളിഞ്ഞിട്ടുണ്ട്. പീഡനം നടന്ന കൊച്ചിയിലെ വിജയ് ബാബുവിന്റെ ഫ്‌ളാറ്റിലും കടവന്ത്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിലും പൊലീസ് തെളിവെടുപ്പ് നടത്തി. നിര്‍ണായക വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. അതേ സമയം ഒളിവില്‍ പോയ വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം ആരംഭിച്ചു. വൈകാതെ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി വിജയ് ബാബു ഹൈക്കോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകനുമായി വിജയ് ബാബു ആശയവിനിമയം നടത്തിയെന്നാണ് വിവരം. ലൈംഗികാതിക്രമത്തിന് പുറമേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയല്ല, ഈ കേസില്‍ താനാണ് യഥാര്‍ത്ഥ ഇരയെന്ന വാദം ഉയര്‍ത്തിയാണ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തതോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോ അദ്ദേഹം നീക്കി.