സവര്‍ക്കര്‍ തൃശൂര്‍ പൂരത്തില്‍ നിന്ന് പുറത്ത്; ബിജെപി കലിപ്പില്‍
തൃശൂര്‍: എതിര്‍പ്പുകള്‍ക്കൊടുവില്‍ ആര്‍എസ്എസ് നേതാവ് സവര്‍ക്കറെ തൃശൂര്‍പൂരത്തില്‍ നിന്നൊഴിവാക്കി. സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പാറമേക്കാവ് ദേവസ്വം സ്വതന്ത്ര സേനാനികളുടെ പടം ഉപയോഗിച്ച് കുട തയാറാക്കിയത്. എന്നാല്‍ ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങിലുടെ പ്രചരിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടയില്‍ നിന്ന് സവര്‍ക്കരുടെ ചിത്രങ്ങള്‍ നീക്കിയത്. ഇത് സംബന്ധിച്ച് ഔദ്യോഗിക നിലപാടുകളൊന്നും ദേവസ്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സ്വാതന്ത്ര്യ സമര സേനാനികളോട് എന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് പുച്ഛമായിരുന്നുവെന്നും അതിന്റെ ഭാഗം തന്നെയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന എതിര്‍പ്പെന്നും ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ പ്രതികരിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി(ആസാദി കാ അമൃത് വര്‍ഷ്) ഇത്തവണത്തെ കുടമാറ്റത്തിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തി പാറമേക്കാവ് ദേവസ്വം തയ്യാറാക്കിയ സ്പെഷ്യല്‍ കുടകള്‍ക്കെതിരെ മന്ത്രിയും സി.പി.ഐ.എമ്മും രംഗത്ത് വന്നത് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലും തികഞ്ഞ രാജ്യദ്രോഹ നടപടിയുമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് വര്‍ഷിന്റെ ഭാഗമായിട്ടാണ് ഇത്തവണത്തെ കുടമാറ്റത്തിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തിയത്. സി.പി.ഐ.എമ്മിന്റെയും ദേവസ്വം മന്ത്രിയുടെയും നീക്കം സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലും തികഞ്ഞ രാജ്യദ്രോഹ നടപടിയുമാണെന്ന് ബിജെപിയും പറഞ്ഞു.